- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ; നേതാജി മരിച്ചത് റഷ്യയിലെ യാകുത്സുക് ജയിലിലെന്ന് മുൻ കോൺഗ്രസ് എംപി പറഞ്ഞതായി രേഖകൾ
സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ. നയതന്ത്രജ്ഞനും മുൻ കോൺഗ്രസ് എംപിയുമായ സത്യനാരായൺ സിൻഹ പറയുന്നതായുള്ള രഹസ്യരേഖകളിലാണ് നേതാജിയുടെ മരണത്തെക്കുറിച്ചു പരാമർശമുള്ളത്. ഒരു ദേശീയ ദിനപത്രം കഴിഞ്ഞ ദിവസമാണ് ഈ വാർത്ത പുറത്തുവിട്ടത്. സോവിയറ്റ് തടവറയിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്നു സത്യനാരായൺ സിൻഹ പറയുന
സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ. നയതന്ത്രജ്ഞനും മുൻ കോൺഗ്രസ് എംപിയുമായ സത്യനാരായൺ സിൻഹ പറയുന്നതായുള്ള രഹസ്യരേഖകളിലാണ് നേതാജിയുടെ മരണത്തെക്കുറിച്ചു പരാമർശമുള്ളത്. ഒരു ദേശീയ ദിനപത്രം കഴിഞ്ഞ ദിവസമാണ് ഈ വാർത്ത പുറത്തുവിട്ടത്.
സോവിയറ്റ് തടവറയിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്നു സത്യനാരായൺ സിൻഹ പറയുന്നതായാണ് രേഖകളിലുള്ളത്. സൈബീരിയയിലെ യാകുത്സുക് ജയിലിൽ വച്ചാണ് നേതാജി മരിച്ചതെന്ന് 69 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ പറയുന്നു.
ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലാണ് യാകുത്സുക്. സ്റ്റാലിന്റെ കാലത്ത് അഞ്ച് ലക്ഷത്തിലേറെ പേർ ഇവിടെ മരിച്ചുവീണതായാണ് പറയപ്പെടുന്നത്.
വിമാനാപകടത്തിൽ 1945 ഓഗസ്റ്റ് 18ന് തായ്‌വാനിൽവച്ചാണ് നേതാജി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നതെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. വിമാനാപകടത്തിലാണ് ചന്ദ്രബോസ് മരിച്ചതെന്നും ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിലുള്ളത് അദ്ദേഹത്തിന്റെ ചിതാഭസ്മമാണെന്നുമുള്ള വാദത്തെ ഖണ്ഡിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
അന്തരിച്ച കോൺഗ്രസ് എംപിയും നയതന്ത്രജ്ഞനുമായിരുന്ന ഡോ. സത്യനാരായൺ സിൻഹ 1952ൽ ഉന്നയിച്ച ചോദ്യങ്ങളാണ് സർക്കാരിന്റെ രഹസ്യ രേഖകളിലുള്ളതെന്നാണ് റിപ്പോർട്ട്. നേതാജിയുടെ തിരോധാനം അന്വേഷിക്കാൻ വിവിധ കാലങ്ങളിലായി മൂന്ന് സമിതികളെ സർക്കാർ നിയോഗിച്ചിരുന്നു. 1956ൽ ഷാനവാസ് കമ്മിറ്റിയും 1970ൽ ജി ഡി കോസാല എന്ന ഏകാംഗ സമിതിയുമാണ് ആദ്യത്തെ രണ്ടെണ്ണം. നേതാജി തായ്‌വാനിലെ തായ്‌ഹോകുവിലുണ്ടായ വിമാനാപകടത്തിൽ മരിച്ചുവെന്നാണ് ഇവർ കണ്ടെത്തിയത്. എന്നാൽ 1999ലെ മുഖർജി കമ്മീഷൻ ഈ റിപ്പോർട്ടുകളെ തള്ളിയിരുന്നു. സിൻഹയുടെ വാദങ്ങൾ മുൻകാല കമ്മീഷനുകൾ പരിശോധിക്കാത്തതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ നേതാജിക്ക് എന്ത് സംഭവിച്ചുവെന്ന് ആ റിപ്പോർട്ടും വെളിപ്പെടുത്തിയില്ല. എന്നാൽ അടുത്തിടെ പുറത്തുവന്ന സ്വാതന്ത്ര്യാനന്തര കാലത്തെ രഹസ്യ രേഖകളും സർക്കാർ റിക്കാർഡുകളും ഈ റിപ്പോർട്ടുകളുടെ ആധികാരികത ചോദ്യം ചെയ്യുന്നവയാണ്.
സോവിയറ്റ് തടവറയായ സൈബീരിയയിലെ യാകുത്സുകിൽ സെൽനമ്പർ 45ലെ തടവുകാരനായിരുന്ന നേതാജി അവിടെ വച്ച് മരിക്കുകയായിരുന്നെന്നാണ് സത്യനാരായൺ സിൻഹ ജി ഡി ഖോസാല സമിതിക്ക് മുമ്പാകെ മൊഴി നൽകിയതെന്നാണ് സൂചന. എന്നാൽ സമിതി ഇത് അവഗണിച്ചു. സോവിയറ്റ് രഹസ്യ പൊലീസായ എൻകെവിഡിയിലെ ഏജന്റായിരുന്ന കോസ്ലോവ് ആണ് നേതാജിയെ സൈബീരിയയിൽവച്ച് കണ്ടതായി സിൻഹയോട് പറഞ്ഞത്. 1932കളിൽ റഷ്യൻ സൈന്യത്തിന്റെ ദ്വിഭാഷിയായി സത്യനാരായൺ സിൻഹ സേവനമനുഷ്ടിച്ചിരുന്നു. ഇങ്ങനെയാണ് കുസ്ലോവുമായി ബന്ധം സ്ഥാപിച്ചത്. 1970ലെ ഖോസാലാ സമിതിക്ക് സിൻഹ നൽകിയ നൂറോളം പേജ് വരുന്ന മൊഴികളിൽ നേതാജിയെ കുറിച്ചുള്ള വലിയ വെളിപ്പെടുത്തലുകൾ തന്നെയുണ്ട്. വിമാനാപകടത്തിലല്ല നേതാജി മരിച്ചതെന്ന് കമ്മീഷനോട് സിൻഹ തീർത്തു പറയുന്നുമുണ്ട്.
''1934 വരെ ഇന്ത്യക്കാർക്ക് സൈനിക പരിശീലനം നൽകിയിരുന്നയാളാണ് കുസ്ലോവ്. എന്നാൽ സ്റ്റാലിൻ ഇദ്ദേഹത്തെ ട്രോട്‌സ്‌കിയുടെ ആളാണെന്ന് പറഞ്ഞ് പിന്നീട് യാകുത്സുക് ജയിലിലടച്ചു. ജയിൽ മോചിതനായ കുസ്ലോവിനെ മോസ്‌കോയിൽ വച്ച് ഞാൻ കണ്ടിരുന്നു. യാകുത്സുകിലെ 45ാം നമ്പർ സെല്ലിൽ സുഭാഷ് ചന്ദ്രബോസിനെ കണ്ടതായി അദ്ദേഹമാണ് പറഞ്ഞത്.
മുപ്പതുകളിൽ ഇന്ത്യയിലെ സോവിയറ്റ് ഏജന്റായി പ്രവർത്തിച്ചയാളാണ് കുസ്ലോവ്. കൽക്കത്തയിൽവച്ച് അദ്ദേഹം നേതാജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാജിയുടെ വീടും അദ്ദേഹത്തിനറിയാം. 1940കളിൽ സമാധാനപരമായ സമരത്തിനുള്ള ഗാന്ധിജിയുടെ ആഹ്വാനം തള്ളിയ സുഭാഷ് ചന്ദ്ര ബോസ് വീട്ടുതടങ്കലിലാക്കുമെന്ന് ഭയന്ന് ഇന്ത്യ വിടുകയായിരുന്നു. ജർമൻ ചാരന്മാരുടെ സഹായത്തോടെ ഇന്നത്തെ പാക്കിസ്ഥാനിലെ പെഷവാർ വഴി റഷ്യയിലേക്ക് കടന്നു.''- സിൻഹ കമ്മീഷനു നൽകിയ മൊഴിയിൽ പറയുന്നു.
അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് മുന്നിൽ നേതാജിയുടെ വിഷയം സിൻഹ അവതരിപ്പിച്ചെങ്കിലും അദ്ദേഹം വേണ്ടത്ര താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കൻ കുപ്രചാരണമാണെന്ന് പറഞ്ഞ് നെഹ്‌റു ഇത് തള്ളുകയായിരുന്നു. യുഎസ്എസ്ആറുമായുള്ള ബന്ധമായിരുന്നു ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണമാവശ്യപ്പെട്ട് അന്ന് റഷ്യയിലെ നയതന്ത്ര പ്രതിനിധിയായിരുന്ന മുൻ രാഷ്ട്രപതി സി രാധാകൃഷ്ണനെ സമീപിച്ചെങ്കിലും ഇനിയും ഇതുമായി വന്നാൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് സിൻഹയെ താക്കീത് ചെയ്യുകയായിരുന്നു.
സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരിപ്പുണ്ടെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. രക്തസാക്ഷിത്വം വരിക്കുന്നതിന് മുമ്പ് നേതാജി ഒളിവിൽ കഴിയുകയാണെന്ന് താൻ വിശ്വസിക്കുന്നതായി ഗാന്ധിജി പറഞ്ഞിരുന്നു. താൻ റഷ്യയിലാണെന്നും ഇന്ത്യയിലേക്ക് കടക്കാൻ സഹായിക്കണമെന്നുമാവശ്യപ്പെട്ട് നേതാജി അയച്ച കത്ത് നെഹ്‌റുവിന് ലഭിച്ചതായും പറയുന്നു. എന്നാൽ ഇതൊന്നും ഷാനവാസ് കമ്മീഷൻ പരിഗണിച്ചില്ല. 1945 ഒക്ടോബർ 20ന് ബ്രിട്ടീഷ് സർക്കാരിന്റെ ആഭ്യന്തരമന്ത്രാലയം ഇന്ത്യയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് അയച്ച ടെലഗ്രാം പ്രകാരം നേതാജിയടക്കമുള്ള 12 പേരെ രാജ്യദ്രോഹത്തിന് വിചാരണ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. 1946ൽ ബെർലിനിൽ നിന്നും ജനറൽ സ്റ്റുവാർട്ട്, മേജർ വാരൺ എന്നിവർ മുഖേനെ ബ്രിട്ടീഷ് മിലിട്ടറി മിഷനിൽ നിന്നും ലഭിച്ച കുറിപ്പ് നേതാജി മരിച്ചിട്ടില്ലെന്നും റഷ്യയുടെ തടവറയിലാണെന്നും പറയുന്നു. റഷ്യ അദ്ദേഹത്തെ ശിക്ഷിച്ചതിൽ ഈ ജനറൽമാർ സന്തോഷം പ്രകടിപ്പിച്ചതായും സിൻഹ പറയുന്നു. നേതാജിയെ അവർ രാജ്യദ്രോഹി എന്നാണത്രെ വിശേഷിപ്പിച്ചിരുന്നത്.