- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്‌കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
ന്യൂഡൽഹി: കോവിഡ് കാലത്ത് പല ഡ്രൈവിങ് സ്‌കൂളുകളും പൂട്ടി. നിൽക്കക്കള്ളിയില്ലാതെ. ഇപ്പോഴും നേരാം വണ്ണം കാലുറപ്പിച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് ഇരുട്ടടിയായി പുതിയ വാഹന നിയമം വരുന്നത്. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്ക് കുറഞ്ഞത് ഒരേക്കർ സ്ഥലം വേണമെന്നതടക്കം കടുത്ത നിബന്ധനങ്ങളാണ് വരുന്നത്. മാറ്റങ്ങൾ ജൂലായ് മുതൽ നടപ്പാക്കാനാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശം
ചുരുക്കി പറഞ്ഞാൽ, എളുപ്പത്തിൽ ഇനി ആർക്കും ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങാനാകില്ല. അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളാണ് നിലവിൽ വരുന്നത്. ഇവിടെ പാസാകുന്നവരെ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഡ്രൈവിങ് ടെ്‌സ്റ്റിൽ നിന്ന് ഒഴിവാക്കും. ഇപ്പോൾ ആർടിഒയാണ് ലൈസൻസ് നൽകി വരുന്നത്. ജൂലൈ ഒന്നുമുതൽ, സംസ്ഥാന ഗതാഗത അഥോറിറ്റിയോ കേന്ദ്രസർക്കാരോ അക്രഡിറ്റേഷൻ നൽകുന്ന സ്വകാര്യ ഡ്രൈവിങ് പരിശീലന സ്‌കൂളുകളെ മാത്രമേ അനുവദിക്കുകയുള്ളു.
വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങൾ കുറയ്ക്കാനാണ് ഈ നടപടിയെന്ന് ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നു. നിയമങ്ങളും, ചട്ടങ്ങളും പാലിക്കുന്ന നന്നായി പരിശീലനം ലഭിച്ചവർ മാത്രം റോഡിൽ വാഹനം ഓടിച്ചാൽ മതിയെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.
ചുളുവിൽ ആർക്കും ഡ്രൈവിങ് സ്‌കൂൾ തുടങ്ങാനാവില്ല
പുതിയ വിജ്ഞാപനപ്രകാരം, പരിശീലന കേന്ദ്രങ്ങൾക്ക് കൃത്യമായ അടിസ്ഥാന സൗകര്യങ്ങൾ വേണം. പരിശീലകന് അടിസ്ഥാന യോഗ്യതകൾ വേണം. ടൂവീലറുകൾക്കും, ട്രീവീലറുകൾക്കും, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം. മീഡിയം, ഹെവി പാസഞ്ചർ ,ചരക്ക് വാഹനങ്ങൾക്കും, ട്രെയിലറുകൾക്കും, രണ്ടേക്കർ സ്ഥലം വേണം
പരിശീലകർ പ്ലസ് ടു പാസായവർ ആകണം. അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം. ഗതാഗതനിയമങ്ങളിൽ പരിജ്ഞാനം വേണം
ലൈസൻസ് നേടാൻ പാഠ്യപദ്ധതിയും ഗതാഗതമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ രണ്ടുഭാഗമുണ്ട്. ലൈറ്റ് മോട്ടോർ വെഹിക്കിളിനുള്ള എൽ.എം വി കോഴ്സിന്റെ പഠനദൈർഘ്യം നാലാഴ്ച. 29 മണിക്കൂർ തിയറിയും പഠിക്കണം.
വാണിജ്യലൈസൻസിനായി ആറാഴ്ചയിൽ 38 മണിക്കൂർ പഠിക്കണം. 31 മണിക്കൂർ പ്രാക്ടിക്കലും ഏഴുമണിക്കൂർ തിയറിയുമാണ്. പരിശീലനകേന്ദ്രത്തിൽ ബയോമെട്രിക് സംവിധാനങ്ങൾ വേണം. ഡ്രൈവിങ് സ്‌കൂളുകളുടെ പരീക്ഷ പാസായി സർട്ടിഫിക്കറ്റ് നേടുന്നവർക്കേ ലൈസൻസ് ലഭിക്കൂ.
അതായത്, പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്ന ഡ്രൈവിങ് സ്‌കൂളുകൾ, ചെറിയ ടെക്‌നിക്കൽ കേന്ദ്രമായി മാറും. പുതിയ പരിഷ്‌കാരങ്ങൾ നടപ്പാകുന്നതോടെ ഡ്രൈവിങ് ലൈസൻസിന് ആർ.ടി.ഓഫീസുകളിൽ പോകേണ്ട. എഴുത്തുപരീക്ഷയും ടെസ്റ്റുമെല്ലാം ഡ്രൈവിങ് സ്‌കൂളുകൾ തന്നെ നടത്തും. കർശന നിബന്ധനകൾ ഉണ്ടാകും.
ഡ്രൈവിങ് ലൈസൻസിലും മാറ്റങ്ങളുണ്ട്. ലൈസൻസ് രണ്ടുതരമായി തിരിക്കും. ടാക്‌സി വാഹനങ്ങളും മറ്റും ഓടിക്കുന്നവർക്ക് വാണിജ്യലൈസൻസാണ് നൽകുക. സ്വകാര്യവാഹനങ്ങൾ ഓടിക്കുന്നവർക്ക് വ്യക്തിഗത ലൈസൻസും. രേഖകൾ നൽകി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
കുത്തകകളെ സഹായിക്കാനെന്നും ആരോപണം
നിയമഭേദഗതി ഇത്ര വേഗത്തിൽ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പറയുന്നത്. അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നിന്ന് കോഴ്സ് പൂർത്തിയായവർക്ക് മാത്രം ലൈസൻസ് നൽകുന്ന രീതിക്ക് തുടക്കമായാൽ നിലവിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സ്ഥിതി എന്താകുമെന്നാണ് പ്രധാന ആശങ്ക. ഇപ്പോഴുള്ള സംവിധാനം ഉടൻ പിൻവലിക്കില്ല എന്നത് മാത്രമാണ് ആശ്വാസം. ചെറുകിടക്കാരെ ഒഴിവാക്കാനുള്ള ശ്രമമാണിതെന്നും ആരോപണം ഉയരുന്നുണ്ട്.
കേന്ദ്ര സർക്കാർ നിയമ ഭേദഗതിയിലെ കാര്യങ്ങൾ അപ്രായോഗികമാണെന്നാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ വാദം. മിക്ക സ്‌കൂളുകളും അടച്ചുപൂട്ടേണ്ടി വരും. ആയിരക്കണക്കിന് ആളുകൾ തൊഴിൽരഹിതരാകും. ഈ മേഖലയിലേക്ക് വൻകിട കുത്തകകളെ കൊണ്ടുവരാനുള്ള നീക്കമാണിതെന്നും ആരോപണമുണ്ട്. സ്വയം തൊഴിൽ കണ്ടെത്തുന്ന മേഖലയെ സ്വകാര്യ കുത്തകകളെ ഉപയോഗിച്ച് തകർക്കാനുള്ള ശ്രമമാണെന്നും വിമർശനമുണ്ട്.
ഡ്രൈവിങ് ലൈസൻസ് എടുക്കാനുള്ള തുകയും വർധിക്കും. നിലവിൽ കേരളത്തിൽ ഇരുചക്ര വാഹനത്തിനും കാറിനും ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് 10,000 മുതൽ 15,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് ഇരട്ടിയായി വർധിക്കുമെന്നാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ