ജിദ്ദ: സൗദിയിൽ തൊഴിലാളികളുടേയും തൊഴിലുടമയുടേയും സംരക്ഷണം ഓരേപോലെ ഉറപ്പാക്കുന്ന പുതിയ തൊഴിൽ നിയമം ഇന്ന്(ഞായർ) മുതൽ പ്രാബല്യത്തിൽ വരുകയാണ്. തൊഴിൽ വിപണിയുടെ സ്ഥിരതയ്ക്ക് സഹായകമാകുന്ന നിയമമാറ്റമാണ് നടപ്പിലാക്കുന്നത്. അനധികൃത വിസ കച്ചവടത്തിനെതിരെയുള്ള പോരാട്ടം കൂടിയാണ് പുതിയ തൊഴിൽ നിയമ വ്യവസ്ഥകൾ.

പരിഷ്‌കരിച്ച തൊഴിൽനിയമം 53ാം വകുപ്പുപ്രകാരം തൊഴിലാളിയുടെ മൂന്നുമാസത്തെ പരീക്ഷണകാലഘട്ടം ആറുമാസം വരെ (പരമാവധി 180 ദിവസം) നീട്ടാവുന്നതാണ്. തൊഴിലാളിയെ പുതിയ ജോലിസ്ഥലത്തേക്കു മാറ്റാൻ അയാളുടെ രേഖാമൂലമുള്ള അനുമതിവേണമെന്നും ഭേദഗതി വരുത്തിയ നിയമത്തിൽ പറയുന്നു.മതിയായ സ്വദേശികളെ ജോലിക്കു വയ്ക്കാത്ത സ്ഥാപനത്തിലെ വിദേശ തൊഴിലാളിയുടെ തൊഴിൽ പെർമിറ്റ് പുതുക്കിനൽകുന്നതു തടയാൻ തൊഴിൽ മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും. 50 തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ ചുരുങ്ങിയത് 12 ശതമാനം തൊഴിലാളികൾ സ്വദേശികളായിരിക്കണം. നേരത്തെ ഇത് ആറു ശതമാനമായിരുന്നു.

തൊഴിൽ കരാറിൽ പറയപ്പെട്ട കാലാവധി പൂർത്തിയാവുന്നതിനു മുമ്പ് സേവനം അവസാനിപ്പിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടാവില്ല. ജോലി തുടരുന്നില്ലെങ്കിൽ തൊഴിലുടമയ്ക്കു മതിയായ നഷ്ടപരിഹാരം നൽകണം. എന്നാൽ കാലാവധി നിശ്ചയിച്ചിട്ടില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും തൊഴിൽ അവസാനിപ്പിക്കാം. പെട്ടെന്നു തൊഴിൽ അവസാനിപ്പിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾക്കു നഷ്ടപരിഹാരം നൽകണമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽ അതു നൽകണം.നിലവിൽ മൂന്നുവർഷത്തേക്കു നീട്ടുന്ന തൊഴിൽ കരാറുകൾ നാലുവർഷംവരെയാക്കാം. കാലാവധി നിശ്ചയിക്കാതെ ആവർത്തിച്ച് മൂന്നുതവണ കരാർ പുതുക്കിയിട്ടുെണ്ടങ്കിൽ ആദ്യത്തെ കരാർ കാലാവധിയോ അല്ലെങ്കിൽ നാലുവർഷമോ അതിൽ കുറവോ പരിഗണിക്കും.

സേവനാനന്തരം നൽകുന്ന സർട്ടിഫിക്കറ്റുകളിൽ തൊഴിലാളിയെ മോശമായി
ചിത്രീകരിക്കുന്നതോ ജോലിസാധ്യതയെ ബാധിക്കുന്നതോ ആയ പരാമർശങ്ങൾ പാടില്ല. സ്ഥാപനങ്ങളിൽ തൊഴിൽ സമിതികളില്ലെങ്കിൽ തൊഴിലാളിയുടെ മേൽ പിഴചുമത്തുന്നതിനു മന്ത്രാലയത്തിന്റെ അനുമതി വേണം.കൃത്യമായ തൊഴിൽ കരാറില്ലാതെയുള്ള സ്ഥാപനങ്ങളിൽ ജോലി അവസാനിപ്പിക്കാൻ 60 ദിവസം മുമ്പ് രേഖാമൂലം കത്തുനൽകിയിരിക്കണം. ശമ്പളം മാസവ്യവസ്ഥയിലല്ലെങ്കിൽ 30 ദിവസം മുമ്പാണ് അറിയിപ്പ് നൽകേണ്ടത്. സേവനാനന്തര ആനുകൂല്യങ്ങളും തൊഴിലാളിക്ക് അവകാശപ്പെട്ട ആനുകൂല്യവും നൽകാതെ പിരിച്ചുവിടാൻ പാടില്ല.

12 മണിക്കൂറിൽ കൂടുതൽ ജോലിസ്ഥലത്ത് തൊഴിലാളി ഉണ്ടാവാൻ പാടില്ല. നിസ്‌കാരത്തിനും ഭക്ഷണത്തിനും വേണ്ടി 30 മിനിറ്റ് സമയം നൽകണമെന്നും നിയമ ഭേദഗതിയിൽ പറയുന്നു. തൊഴിലുടമയുടെ അറിവോടെ മറ്റൊരിടത്ത് ജോലി അന്വേഷിക്കുന്നതിന് ആഴ്ചയിൽ ഒരുദിവസമോ ഒരാഴ്ചയ്ക്കിടെ എട്ടു മണിക്കൂർ നേരത്തേക്കോ അവധി എടുക്കാവുന്നതാണ്. കാരണംകൂടാതെ തൊഴിലാളി ജോലിക്കു ഹാജരാവാതിരിക്കുന്ന ദിവസങ്ങളുടെ എണ്ണം ഒരു
വർഷത്തിൽ 30 ദിവസം ആയാൽ തൊഴിലാളിയെ നഷ്ടപരിഹാരമോ, സേവനാനന്തര ആനുകൂല്യമോ നൽകാതെ പിരിച്ചുവിടാം. കാരണമില്ലാതെ തുടർച്ചയായി 15 ദിവസം ഹാജരാവാതിരുന്നാലും ഈ നിയമം ബാധകമാണ്. എന്നാൽ പിരിച്ചുവിടുമെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് തൊഴിലാളിക്കു നൽകിയിരിക്കണം.

തൊഴിലാളിയുടെ വേതനം ബാങ്ക് മുഖേന നൽകണമെന്ന് ഭേദഗതി ചെയ്ത നിയമത്തിൽ പറയുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. തൊഴിലിടങ്ങളിലെ അപകടങ്ങളിൽ പരിക്കുകളുടെ സ്ഥിതിയനുസരിച്ച് 30 ദിവസം മുതൽ 60 ദിവസം വരെ അവധിനൽകണം. പരിക്കേറ്റാൽ ചികിൽസാസഹായത്തിനു പുറമേ ഒരു വർഷം വരെ വേതനത്തിന്റെ 75 ശതമാനം നൽകണമെന്നും നിയമം അനുശാസിക്കുന്നു.

ഭർത്താവിന്റെ മരണത്തെ തുടർന്ന് ഇദ്ദ ആചരിക്കുന്നതിന് നാലു മാസവും 10 ദിവസവും വേതനാവധി ലഭിക്കും. സ്ത്രീ ഗർഭിണിയാണെങ്കിൽ ആവശ്യമെങ്കിൽ പ്രസവം വരെ ശൂന്യവേതനാവധി നൽകാം. എന്നാൽ ഈ കാലയളവിൽ മറ്റൊരു ജോലിയിലും തൊഴിലാളി ഏർപ്പെടാൻ പാടില്ല. ജോലിക്കിടയിൽ പരിക്കേൽക്കുന്ന തൊഴിലാളിക്ക് ചികിത്സാവശ്യാർഥം നേരത്തെ അനുവദിച്ചിരുന്ന വേതനാവധി ഒരു മാസത്തിൽനിന്ന് രണ്ട് മാസമായി വർധിപ്പിച്ചു. ഈ കാലയളവിൽ തൊഴിലാളിയുടെ വേതനത്തിന്റെ 75 ശതമാനം തുക ചികിത്സാവശ്യാർഥം അനുവദിക്കാനും നിർദ്ദേശമുണ്ട്.

തൊഴിലിടങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ നടപടികൾക്ക് കൂടുതൽ അംഗീകാരം ലഭിക്കുന്നതിനുള്ള നിയമഭേദഗതിയും പുതിയ പരിഷ്‌കരണത്തിലുണ്ട്.സ്വദേശികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനും സ്വദേശി സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനും പ്രത്യേക പരിഗണന നൽകുന്ന 38 ഭേദഗതികളാണ് പുതിയ നിയമത്തിലുള്ളത്.

അജീർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാതിരിക്കുക, തൊഴിലാളികൾക്ക് താമസം നൽകാതിരിക്കുക, ഏകീകൃത കരാർ വ്യവസ്ഥ പാലിക്കാതിരിക്കുക എന്നീ നിയമലംഘനങ്ങൾ കണ്ടെത്തുന്ന മാൻപവർ കമ്പനികൾക്കും 10,000 റിയാൽ പിഴ ചുമത്തും. നിയമലംഘനങ്ങളുടെ എണ്ണം വർധിക്കുന്നതിനും ആവർത്തിക്കുന്നതിനുമനുസരിച്ച് ശിക്ഷയും പിഴയും ഇരട്ടിപ്പിക്കുകയോ കൂടുതൽ കടുത്ത ശിക്ഷ നൽകുകയോ ചെയ്യുമെന്നും പുതിയ തൊഴിൽ നിയമത്തിൽ പറയുന്നു.

വിസക്കച്ചവടത്തിന് 50,000 സൗദി റിയാൽ പിഴ ചുമത്തുമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. വിൽപന നടത്തുന്ന വിസയുടെ എണ്ണത്തിനനുസരിച്ച് സംഖ്യ ഇരട്ടിപ്പിക്കും. ഇത്തരം വിസകൾ ഫ്രീ വിസ എന്നാണ് അറിയപ്പെടുന്നത്. വിസ വിൽപന നടത്തുന്നവർക്കും ഇടനിലക്കാർക്കും ശിക്ഷ ബാധകമാണ് എന്നതിനാൽ രാജ്യത്തെ വിദേശികളെയും നിയമം ബാധിക്കും.