സ്വദേശികളോ വിദേശികളോ ആയ തൊഴിലാളികളുടെ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമയിൽ നിന്ന് 3000 സഊദി റിയാൽ പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ശമ്പളം വൈകിയാലും നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശമ്പളത്തിൽ കുറവ് വന്നാലും പിഴ ഒടുക്കേണ്ടി വരും. തൊഴിൽ മന്ത്രാലയത്തിന്റെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റ് അനുസരിച്ചാണ് നടപടി. കൂടാതെ സ്വദേശികൾക്ക് സംവരണം ചെയ്യപ്പെട്ട തസ്തികകളിൽ വിദേശികളെ നിയമിച്ചാൽ തൊഴിലുടമക്ക് 20,000 റിയാൽ പിഴയിടും. സ്വദേശികളെ അവരുടെ അനുമതി കൂടാതെ സ്ഥാപനത്തിലെ തൊഴിലാളി 

പട്ടികയിലുൾപ്പെടുത്തി രജിസ്റ്റർ ചെയ്താൽ ഉടമ 25,000 റിയാൽ പിഴ അടക്കണം. അന്നുതന്നെ സ്ഥാപനം അടപ്പിക്കുകയും ചെയ്യും. ഒന്നിലെറെ പേരെയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ അതനുസരിച്ച് പിഴ സംഖ്യയും കൂടും. വിസ കച്ചവടത്തിന് 50,000 റിയാലാണ് പിഴ. വിൽപന നടത്തിയ വിസയുടെ എണ്ണമനുസരിച്ച് പിഴയിൽ വർധനയുണ്ടാകും.

മന്ത്രാലയത്തിന്റെ അനുമതി (വർക്ക്‌പെർമിറ്റ്) ലഭിക്കാതെ തൊഴിലാളിയെ നിയമിച്ചാൽ 20,000 റിയാൽ പിഴ ഈടാക്കും. നിബന്ധനകൾക്ക് വിരുദ്ധമായി വിദേശിയുടെ ആശ്രിത വിസയിലുള്ള വരെയാണ് നിയമിക്കുന്നതെങ്കിൽ പിഴ 25,000 ആയി വർധിക്കും.വനിത ജീവനക്കാർക്ക് വേണ്ട സൗകര്യങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുന്നവർ 10,000 റിയാൽ പിഴ നൽകണം. ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴയിൽ വർധനയുണ്ടാകും. ഒരുദിവസം സ്ഥാപനം അടപ്പിക്കുകയും ചെയ്യും. സ്ത്രീ ജീവനക്കാരെ പ്രവൃത്തി സമയത്തിന് പുറത്ത് ജോലിയെടുപ്പിച്ചാൽ 5,000 റിയാൽ പിഴ നൽകണം. തൊഴിലാളികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് തൊഴിലുടമക്ക് പിഴ വിധിക്കുന്ന വ്യവസ്ഥകളും പുതിയ ശിക്ഷ വ്യവസ്ഥയിലുണ്ട്.

തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ്‌പോർട്ട് പിടിച്ചുവെക്കുന്ന തൊഴിലുടമ 2,000 റിയാൽ പിഴ നൽകേണ്ടിവരും. തൊഴിലാളികളുടെ എണ്ണമനുസരിച്ച് പിഴ സംഖ്യ വർധിക്കും.തൊഴിൽ കരാർ കൂടാതെയോ തൊഴിൽ കരാറിന്റെ പകർപ്പ് നൽകാതെയോ തൊഴിലെടുപ്പിച്ചാൽ ഉടമ
5,000 റിയാൽ പിഴ നൽകണം. നിർബന്ധപൂർവം തൊഴിലെടുപ്പിച്ചാൽ 15,000 റിയാലും പിഴ അടക്കണം. തൊഴിലുടമയുടെ പേരിൽ വരുന്ന കുടിശിക തുക അടക്കാൻ തൊഴിലാളിയെ നിർബന്ധിക്കുന്ന തൊഴിലുടമ 10000 റിയാൽ പിഴ ഒടുക്കേണ്ടിവരും. അകാരണമായി തൊഴിലാളിയുടെ വേതനം പിടിച്ചുവെക്കുകയോ ഭാഗികമായി നൽകാതിരിക്കുകയോ ചെയ്യുക, കരാർ കാലാവധി കഴിഞ്ഞ തൊഴിലാളിക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കററ് നൽകാതിരിക്കുക, മോശമായി ചിത്രീകരിക്കുന്ന വിധം സർട്ടിഫിക്കറ്റ് നൽകുക, മറ്റൊരു തൊഴിലവസരം നഷ്ടമാകാൻ കാരണമാവുക, ഉടമവശം സൂക്ഷിക്കാേനൽപിച്ച രേഖകൾ തിരികെ നൽകാൻ വിസമ്മതിക്കുക തുടങ്ങിയ കുറ്റങ്ങളൂടെ പേരിൽ തൊഴിലുടമയിൽനിന്ന് 5,000 റിയാൽ പിഴ ഈടാക്കും. തൊഴിലാളികളുടെ അവകാശമായി സർക്കാർ ചുമത്തിയ തുക ധാരണപ്രകാരം അവർക്ക് നൽകാൻ വിസമ്മതിക്കുക, തൊഴിലാളികളുടെ താൽപര്യത്തിന് വിരുദ്ധമായ കാര്യങ്ങൾക്ക് തുക ചെലവഴിക്കുക, തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ലേബർ കമ്മിറ്റികളെ സമീപിക്കാതിരിക്കുക, വ്യവസ്ഥകൾക്ക് വിരുദ്ധമായി വേതനം കൂടാതെ കൂടുതൽ സമയം തൊഴിലാളികളെ ഉപയോഗിച്ച് തൊഴിൽ ചെയ്യിപ്പിക്കുക, വാരാന്ത അവധി നിഷേധിക്കുക തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞാൽ തൊഴിലുടമ 10,000 റിയാൽ പിഴ അടക്കണം. കഠിനമായ വെയിലിൽ തുറന്ന സ്ഥലത്ത് തൊഴിലാളിയെ ജോലിയെടുപ്പിക്കുക, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ജോലിചെയ്യിപ്പിക്കുക, യഥാസമയത്ത് വേതനം നൽകാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 3000 റിയാലാണ് ഉടമ പിഴ നൽകേണ്ടിവരിക.

അപകടകരമായ സാഹചര്യങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ വീഴ്ചവരുത്തിയാൽ ഉടമക്കെതിരെ 25,000 റിയാൽ പിഴ ചുമത്തും. മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിക്കാതെ റിക്രൂട്ടിങ്ങ് സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചാൽ 15,000 മുതൽ 20,000 റിയാൽ വരെ പിഴ ഈടാക്കും. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ 10,000 റിയാൽ പിഴ ചമുതത്തും.സ്ഥാപനം സംബന്ധിച്ച് മന്ത്രാലയത്തിന് തെറ്റായ വിവരങ്ങൾ കൈമാറിയാൽ 25,000 റിയാൽ പിഴ അടക്കണം. നിയമലംഘകർ പിഴ ചുമത്തപ്പെട്ട് 15 ദിവസത്തിനകം അടക്കേണ്ടതാണെന്നും പിഴ അടക്കുന്നതുവരെ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്‌ളെന്നും വ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്.