മൊബൈൽ മേഖലയിലെ സ്വദേശിവത്കരണം നടപ്പിലാക്കി തുടങ്ങിയ സൗദിയിൽെ അഞ്ച് മേഖലകളിൽ കൂടി സ്വദേശിവത്കരണ നടപടികൾ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം ആശങ്കയിലായിരിക്കുകയാണ്.റീട്ടയിൽ വിൽപ്പന കേന്ദ്രങ്ങൾ, റെന്റ് എ കാർ സ്ഥാപനങ്ങൾ, വാഹനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ജൂവലറികൾ, പച്ചക്കറി വിൽപ്പന മേഖല എന്നിവയാണ് സ്വദേശിവൽക്കരണം നടത്തുന്നതിനായി നിശ്ചയിച്ച മേഖലകൾ.

സ്വദേശി യവാക്കളെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഏതു മേഖലയും സ്വദേശിവല്ക്കരിക്ക പ്പെടുന്നതിനാണ് തങ്ങൾ മുന്ഗണന നൽകുന്നതെന്ന് തൊഴിൽ-സാമൂഹിക ക്ഷേമ വകുപ്പ് സഹമന്ത്രി അഹമ്മദ് അൽ ഹുമൈദാൻ വ്യക്തമാക്കി. ഇപ്പോൾ തന്നെ പച്ചക്കറി വിൽപ്പന മേഖലയിൽ സ്വദേശിവൽക്കരണം കർശനമായി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. വിദേശികളെ പല പച്ചക്കറി മാർക്കറ്റുകളിൽ നിന്നും കഴിഞ്ഞ വര്ഷം മുതൽ തന്നെ ഒഴിവാക്കിയിരുന്നു. സ്വർണ്ണ കടകളിലും ഇപ്പോൾ തന്നെ സ്വദേശിവൽക്കരണം ശക്തമാണ്.

എങ്കിലും 100 ശതമാനം സ്വദേശിവൽക്കരണം കർശനമായി ഈ മേഖലകളിൽ നടപ്പാക്കാനാണ് തീരുമാനം. പച്ചക്കറി മാർക്കറ്റുകളും സ്വർണ്ണ വിൽപ്പന നടത്തുന്ന സൂക്കുകളും പൂർണ്ണമായും സ്വദേശിവല്ക്കരിക്കാൻ സമയ ബന്ധിതമായ പദ്ധതികൾക്കാണ് മന്ത്രാലയം രൂപം നൽകുന്നത്.
ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ സ്വദേശിവൽക്കരിക്കുന്നതു വിദേശികൾക്ക് വൻ തോതിൽ തൊഴിൽ നഷ്ടം ഉണ്ടാക്കും. നിരവധി മലയാളികൾ ഈ മേഖലയിൽ സജീവമാണ്. 100 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കിയാൽ ഇവർക്കെല്ലാം നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഉറപ്പാണ്.