ഡെറാഡൂൺ: ആദി ശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിലാണ് 35 ടൺ ഭാരമുള്ള പ്രതിമ സ്ഥാപിച്ചത്. ഇന്ന് രാവിലെ 8.30ന് കേഥാർനാഥിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രവേശിച്ച് പൂജകൾ നടത്തിയ ശേഷമാണ് ആദി ശങ്കരന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ആദിശങ്കരന് പിറവി നൽകി കേരളത്തിലും ചടങ്ങുകൾ നടന്നു.

ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലായിരുന്നു ചടങ്ങുകൾ. കാലടിയിലെ മഹാസമ്മേളനത്തിൽ കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പങ്കെടുത്തു. 2013ലെ വെള്ളപ്പൊക്കത്തിൽ ആദി ഗുരു ശങ്കരാചാര്യരുടെ സമാധി ഒലിച്ചുപോയിരുന്നു. ഇതേ തുടർന്ന് വിപുലമായ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. തുടർന്ന് കേദാർനാഥ് ഡാമിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് കീഴിൽ പ്രത്യേക രൂപരേഖയിലാണ് പുതിയ പ്രതിമ തയ്യാറാക്കിയത്.

ഏറെ പ്രത്യേകതകളുള്ള ശിൽപ്പമാണ് മോദി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്. കേദാർനാഥ് ക്ഷേത്രത്തിന് തൊട്ടുപിറകിലും സമാധി പ്രദേശത്തിന് നടുവിലും ഭൂമി കുഴിച്ചാണ് പ്രതിമയുടെ നിർമ്മാണം നടത്തിയത്. മൈസൂരിലെ അതിപ്രഗൽഭനായ ശിൽപി, യോഗിരാജാണ് നിർമ്മാണം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മകൻ അരുണും സഹായിയായി ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

പല കാര്യങ്ങൾ കൊണ്ടും പ്രതിമനിർമ്മാണം ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലോറൈറ്റ് ഷിസ്റ്റ് എന്ന പാറയിൽ നിന്ന് നിർമ്മിച്ച പ്രതിമയ്ക്ക് തിളക്കം കൂട്ടാനായി തേങ്ങാവെള്ളമാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രളയം ഉൾപ്പടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിർമ്മിതി.

130 കോടി രൂപ ചെലവിട്ടാണ് കേദാർനാഥിലെ പുനർനിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയിരിക്കുന്നത്. പ്രതിമയുടെ പുനർനിർമ്മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങൾ, വിവിധ സ്നാനഘട്ടങ്ങൾ, നദിയുടെ പാർശ്വഭിത്തികൾ, പൊലീസ് സ്റ്റേഷൻ, ആശുപത്രി, ഗസ്റ്റ് ഹൗസുകൾ എന്നിവയും പുനർനിർമ്മിച്ചവയിൽ ഉൾപ്പെടും. മന്ദാകിനി നദിക്ക് കുറുകെ നിർമ്മിച്ച പാലവും പുനർനിർമ്മിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാർപുരി പുനർനിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായാണ് കേദാർപുരി പുനർനിർമ്മാണം കണക്കാക്കപ്പെടുന്നത്. കൃത്യമായ ഇടവേളകളിൽ അതിന്റെ പുരോഗതി വ്യക്തിപരമായി തന്നെ മോദി അവലോകനം ചെയ്തിരുന്നു. പ്രധാനമന്ത്രിയായ ശേഷം നിരവധി തവണ മോദി കേദാർനാഥ് ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്.