- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ സാധനം ഇവിടെ ഇടരുത്..പിന്നെ എന്നോട് ചോദിക്കരുത് എവിടെയാണ് ഇടേണ്ടതെന്ന്..കാണിച്ച് തരേണ്ടത് ഞാനല്ല': കാറപകടത്തിന് വഴിവച്ചത് റോഡിന് നടുവിലെ ഇലക്ട്രിക് പോസ്റ്റ്; മാറ്റിയിടുന്നതിൽ കെഎസ്ഇബിയുമായി തർക്കം; കോതമംഗലത്ത് പുതിയ കൗൺസിലർ പ്രയോഗിച്ച തന്ത്രം ഇങ്ങനെ
കോതമംഗലം: റോഡിലേയ്ക്കിറങ്ങി നിന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിനോദസഞ്ചാരികളുടെ കാർ വട്ടം മറിഞ്ഞത് ഇന്നലെ രാത്രി. മറിഞ്ഞുവീഴാറായ പോസ്റ്റ് നിന്നിടത്തുതന്നെ പുനഃസ്ഥാപിക്കാൻ വൈദ്യുതവകുപ്പ് ജീവനക്കാർ എത്തിയപ്പോൾ എതിർപ്പുമായി മുന്നിട്ടിറങ്ങിയത് കൗൺസിലർ. മുൻസിപ്പാലിറ്റിയിൽ നിന്നും അനുമതി വാങ്ങിയെത്തിയാൽ പിന്നോട്ടുമാറ്റിയിടാമെന്ന് നിലയിലേയ്ക്ക് കെ എസ് ഇ ബി ജീവനക്കാരൻ അയഞ്ഞപ്പോൾ അത് തന്റെ പണിയല്ലെന്നായി കൗൺസിലർ.
നാട്ടുകാർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ നടപടിക്രമങ്ങൾ വേഗത്തിലായി. പിന്നീട് പോസ്റ്റ് പിന്നോട്ട് നീക്കി സ്ഥാപിച്ചു. ക്രഡിറ്റ് കൗൺസിലറുടെ കീശയിലുമായി. കോതമംഗലം ചെറിയപള്ളിത്താഴത്ത് ഇന്നത്തെ പുതുവർഷപ്പുലരിയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഒരുവാഹനാപകടവും ഇതിനെത്തുടർന്നുള്ള ആശങ്കകളുമായിരുന്നു.
ഇലട്രിക് പോസ്റ്റിലിടിച്ച് കാർ റോഡിൽ തലകീഴായി മറിഞ്ഞുകിടക്കുന്ന കാഴ്ചയാണ് ഇതുവഴികടന്നുപോയവർ പുലർച്ചെ കണ്ടത്. ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് നിലംപതിക്കാറായ നിലയിലും.ടാർ ചെയ്തിരുന്ന ഭാഗത്തായിരുന്നു പോസ്റ്റ് നിന്നിരുന്നത്. ഇതുകാരണമാണ് അപകടം ഉണ്ടായതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. പരിക്കേറ്റ കാർ യാത്രക്കാരെ വിദഗ്ധ ചികത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റിയതായുള്ള വിവരം കൂടി പുറത്തുവന്നതോടെ വാദപ്രതിവാദത്തിനും ചൂടുപിടിച്ചു.
ഇതിനിടയിലാണ് കെ എസ് ഇ ബി ജീവനക്കാരെത്തി പുതിയ പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്. പഴയ പോസ്റ്റ് നിന്നിടത്തുതന്നെ കുഴിയെടുത്ത് പൂതിയപോസ്റ്റ് സ്ഥാപിക്കുന്നതിന് നീക്കം നടക്കുന്നതിനിടെയായിരുന്നു മുൻസിപ്പൽ കൗൺസിലർ ഷിബു കുര്യക്കോസ് സ്ഥലത്തെത്തിയത്.അപകടങ്ങൾ ഒഴിവാക്കാൻ പോസ്റ്റ് കുറച്ച് പിന്നോട്ട് മാറ്റിയിടണമെന്നായി കൗൺസിലർ. നേരത്തെ നിന്നിരുന്ന സ്ഥലത്തുതന്നെ പോസ്റ്റ് ഇടാൻ മാത്രമാണ് തനിക്ക് അനുമതിയുള്ളുവെന്നും ഇതിൽ മാറ്റം വരുത്താനാവില്ലന്നും ഉത്തരവാദിത്വപ്പെട്ട കെ എസ് ഇ ബി ഉദ്യേഗസ്ഥൻ വ്യക്തമാക്കിയതോടെ കൗൺസിലർ രോക്ഷാകൂലനായി.
പിന്നെ ഇരുകൂട്ടരും തമ്മിൽ വാഗ്വാവാദമായി.ഒച്ചയെടുത്ത് പേടിപ്പിക്കേണ്ടെന്നും മുൻസിപ്പാലിറ്റിയിൽ നിന്നും അനുമതി വാങ്ങി,നിയമപ്രകാരം നടപടികൾ പൂർത്തിയാക്കിയാൽ പോസ്റ്റ് പിന്നോട്ട് മാറ്റിയിടാമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചെങ്കിലും അത് തന്റെ പണിയല്ലന്ന നിലപാടിലേയ്ക്ക് കൗൺസിലർ പിൻവാങ്ങി.
വിഷയം നാട്ടുകാർകൂടി ഏറ്റുപിടിച്ചതോടെ നഗരസഭ പ്രശ്നത്തിൽ ഇടപെടുകയും പോസ്റ്റ് നിന്നിരുന്നിടത്തുനിന്നും അൽപ്പം പിന്നോട്ടുമാറ്റി സ്ഥാപിക്കാൻ ആവശ്യമായി അനുമതി അടിയന്തരമായി ലഭ്യമാക്കുകയുമായിരുന്നു. പിന്നെയെല്ലാം വേഗത്തിലായി. അപകടകരമായി നിന്നിരുന്ന പോസ്റ്റ് ഇപ്പോൾ ടാറിംഗിൽ നിന്നും കുറച്ച് പിന്നോട്ടുമാറ്റിയാണ് സ്ഥാപിച്ചിട്ടുള്ളത്.അപകടം ഒഴിവാക്കാൻ രംഗത്തിറങ്ങിയ കൗൺസിലർ അങ്ങനെ ഫസ്റ്റ് ഓപ്പറേഷനിൽ താരവുമായി.
മറുനാടന് മലയാളി ലേഖകന്.