മസ്‌ക്കറ്റ്: രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം അടിക്കടി വർധിച്ചുവരികയാണെന്നും 2050-ഓടെ ടൈപ്പ്-2 പ്രമേഹരോഗികളുടെ എണ്ണം 350,000 ആയി വർധിക്കുമെന്നും പുതിയ റിപ്പോർട്ട്. കഴിഞ്ഞ രണ്ടു ദശകത്തിനിടയ്ക്കുള്ള പ്രമേഹരോഗികളുടെ കണക്ക് പഠിച്ച ശേഷമാണ് ഇതിനെക്കുറിച്ചുള്ള റിപ്പോർട്ട് സുൽത്താൻ ഖബ്ബൂസ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചത്.

നിലവിൽ  രാജ്യത്ത് ടൈപ്പ്-2 പ്രമേഹരോഗികളുടെ എണ്ണം 80,000ത്തിനും 90,000ത്തിനും ഇടയ്ക്കാണ്. ഇതേരീതിയിൽ പ്രമേഹരോഗികളുടെ എണ്ണം വർധിച്ചാൽ 35 വർഷത്തിനു ശേഷം ഇതിൽ 174 ശതമാനം വർധനയാണുണ്ടാവുക. 2050-ഓടെ പ്രമേഹരോഗികളായിത്തീരുന്ന 350,000 പേർക്കും ചികിത്സാ സൗകര്യമൊരുക്കുകയെന്നത് സർക്കാരിനെ സംബന്ധിച്ചടത്തോളം ഒരു ബാധ്യതയാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് സർക്കാരിനു മേൽ കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.

ഇപ്പോൾ മൂന്നിൽ രണ്ട് പ്രമേഹരോഗികളും ജീവിക്കുന്നത് അവർക്ക് പ്രമേഹം ഉണ്ടെന്ന് തിരിച്ചറിയാതെയാണ്. അതുകൊണ്ടു തന്നെ അവർ ചികിത്സ ചെയ്യുന്നുമില്ല. ചികിത്സ നടത്താത്തിടത്തോളം കാലം രോഗം അതിവേഗം മൂർഛിക്കുമെന്നും ഇത് ഏറെ ആശങ്കയ്ക്ക് ഇട നൽകുന്നുവെന്നും ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്തിലെ ഗവേഷകനായ ഡോ. ജാവേദ് അൽ ലവാത്തി പറയുന്നു.

ടൈപ്പ്-2 പ്രമേഹം തിരിച്ചറിയപ്പെടാതെ പോകുന്നതിന് പ്രധാനമായും രണ്ടു കാരണങ്ങളാണ് ഡോ.ജാവേദ് നിരത്തുന്നത്. ആദ്യത്തെ അഞ്ചു മുതൽ ഏഴു വരെയുള്ള വർഷം ഈ രോഗത്തിന് പ്രത്യേക ലക്ഷണങ്ങളൊന്നും വെളിവാകില്ല. കൂടാതെ ഇതിനെക്കുറിച്ച്  ബോധവത്ക്കരണം നടത്തുന്ന പരിപാടികളുടെ അഭാവവും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്കിടെ രക്തപരിശോധന നടത്തി പ്രമേഹം ഉണ്ടോയെന്ന് കണ്ടെത്തണമെന്നാണ് ഡോ. ജാവേദ് പറയുന്നത്. രോഗവുമായി ബന്ധപ്പെട്ട ഗൗരവമായ മറ്റു ലക്ഷണങ്ങൾ കാണുമ്പോൾ മാത്രമാണ് പ്രമേഹം പിടിപെട്ടതായി ബോധ്യപ്പെടുന്നത്. ഇതൊഴിവാക്കാൻ തുടർച്ചയായുള്ള രക്തപരിശോധനയും കൃത്യമായ ജീവിതചര്യയും പാലിക്കാൻ ഗവേഷണ സംഘം ആഹ്വാനം ചെയ്യുന്നു.