- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവയവമാറ്റ ശസ്ത്രക്രിയകൾക്ക് സ്വകാര്യ ആശുപത്രികളിൽ വരുന്നത് വൻ ചെലവ്; പരിഹാരമായി അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കു മാത്രമായി സർക്കാരിന്റെ സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രി വരുന്നു; കോഴിക്കോട്ട് സ്ഥാപിക്കുന്ന പദ്ധതിക്ക് ചെലവ് 500 കോടി; പിണറായി സർക്കാറിന് കയ്യടിക്കേണ്ട ഒരു നല്ല പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പലപ്പോഴും ഏകോപനത്തിന്റെ അപാകതകൾ കൊണ്ട് പാളുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരത്ത് അടുത്തിടെ രോഗി മരിക്കാൻ ഇടയാക്കിയ സംഭവവും ഏകോപനത്തിലെ വീഴ്‌ച്ച തെളിയിക്കുന്നതായിരുന്നു. മാത്രമല്ല, പലപ്പോഴും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കായി വൻതുകയാണ് ചെലവ് വരുന്നതും. ഇത്തരം സാഹചര്യത്തിൽ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരമെന്ന വിധത്തിൽ സംസ്ഥാന സർക്കാർ ഒരു പദ്ധതി ആസൂത്രണം ചെയ്യുകയാണ്.
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കു മാത്രമായി കോഴിക്കോട്ട് സർക്കാരിന്റെ സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രി വരുന്നു എന്നതാണ് പ്രത്യേകത. കോഴിക്കോട് കുഷ്ഠരോഗാശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എന്ന പേരിൽ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
നിലവിലുള്ള എല്ലാ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും നടത്താവുന്ന കേന്ദ്രമായി വിഭാവനം ചെയ്യുന്ന പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇത്തരമൊരു നിർദ്ദേശം സർക്കാരിനു സമർപ്പിച്ച പോണ്ടിച്ചേരി ജിപ്‌മെറിലെ പ്രഫസറായ മലപ്പുറം സ്വദേശി ഡോ.ബിജു പൊറ്റെക്കാട്ടിനെത്തന്നെ പദ്ധതിയുടെ ഏകോപനത്തിനായുള്ള സ്‌പെഷൽ ഓഫിസറായി നിയമിക്കാനും ധാരണയായി.
അവയവ മാറ്റവുമായി ബന്ധപ്പെട്ടു സ്വകാര്യ ആശുപത്രികളിലെ വലിയ ചെലവിനു പരിഹാരമായി കൂടി വിഭാവനം ചെയ്യുന്ന ആശുപത്രിയിൽ മികച്ച സൗകര്യങ്ങളും മികച്ച ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നത്. മറ്റു ഗവ.മെഡിക്കൽ കോളജുകളിൽ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകൾക്കും ഈ ആശുപത്രിയിലെ ഡോക്ടർമാരുടെ മാർഗ നിർദ്ദേശം ലഭ്യമാക്കും.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന് സമാനമായി, മുഖ്യമന്ത്രി ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർമാനും വിവിധ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായ ഗവേണിങ് ബോഡിക്കാകും സ്ഥാപനത്തിന്റെ നിയന്ത്രണം. അവയവദാന ശസ്ത്രക്രിയയ്ക്കായി രാജ്യത്ത് പ്രവർത്തിക്കുന്ന സോട്ടോയുടെ ഉപവിഭാഗമായി കേരളത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ-സോട്ടോയാണ് (പഴയ മൃതസഞ്ജീവനി) അവയവദാനത്തിന്റെ നടപടികൾ നിലവിൽ ഏകോപിപ്പിക്കുന്നത്.കെ-സോട്ടോയുമായി ചേർന്നാകും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം.
കഴിഞ്ഞ മാസം കൊച്ചിയിൽ നിന്നുകൊണ്ടുവന്ന അവയവം തിരുവനന്തപുരം മെഡിക്കൽ കാേളേജിലെ രോഗിയിൽ വച്ചുപിടിപ്പിക്കുന്നതിൽ കാലതാമസം വന്നതായി ആക്ഷേപം ഉയരുകയും രോഗിയുടെ മരണത്തോടെ വിവാദമാവുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചു കൊണ്ടാകും പദ്ധതി. കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്തു നടന്ന 232 അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ ബഹുഭൂരിപക്ഷവും സ്വകാര്യ ആശുപത്രികളിലാണ് നടന്നത്.
മറുനാടന് മലയാളി ബ്യൂറോ