രോഗമില്ലാതെ തന്നെ ഡോക്ടറിൽ നിന്നും സിക്ക് ലീവ് കരസ്ഥമാക്കി ജോലിയിൽ നിന്നും അവധിയെടുക്കുന്നവരാണ് പ്രവാസികളിൽ പലരും. എന്നാൽ ഇനി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി മെഡിക്കൽ ലീവ് സംഘടിപ്പിക്കാമെന്ന് ആരും കരുതേണ്ട. സിക്ക് ലീവ് ഹോളീഡേ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്താനൊരുങ്ങുകയാണ് സൗദി ഹെൽത്ത് കൗൺസിൽ.

പല ചികിത്സാ കേന്ദ്രങ്ങളും ഡോക്ടർമാരും വ്യാജമായി ചികിത്സാ അവധി നല്കുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.സിക്ക് ലീവ് കള്ളത്തരത്തിൽ എടുക്കുകയോ, ഡോക്ടർ മാർ കൊടുക്കുകയോ ചെയ്താൽ അത് മത നിയമ പ്രകാരം വിചാരണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ശാരീരികമായ ശിക്ഷയോ, ജയിലോ, പിഴയും അല്ലെങ്കിൽ എല്ലാം ഒരുമിച്ചും അനുഭവിക്കേണ്ടിവരും.

പല ആശുപത്രികളും ഡോക്ടർമാരും വ്യാജ സിക്ക് ലീവ് നല്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നല്കിയിരുന്നു. ഇത്തരം പ്രവർത്തികൾ തൊഴിൽ മേഖലയ്ക്ക് കനത്ത നഷ്ടം വരുത്തി വെക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

വ്യാജമായി ചികിത്സാവധി നല്കുന്നതിനും സ്വീകരിക്കുന്നതിനുമെതിരെ സൗദി ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ്ആലു ഷൈഖ് നേരത്തെ മതവിധി പുറപ്പെടുവിച്ചിരുന്നു. ഇത്തരം സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നവരും നല്കുന്നവരും മതപരമായും കുറ്റക്കാരാണെന്ന് ഫതവയിൽ പറയുന്നു

നാട്ടിലേക്ക് പോരാനും, കൂടുതൽ ദിവസം വിശ്രമത്തിനുമായി നിരവധി മലയാളികൾ പോലും സിക്ക് ലീവുകൾ ദുരുപയോഗം ചെയ്യുന്നു. സിക്ക് ലീവ് എടുക്കുമ്പോൾ പല കമ്പിനികളും ആ സമയത്തേ വേതനം ജീവനക്കാർക്ക് നല്കുന്നുണ്ട്.