കൊച്ചി: വാട്‌സ് അപ്പും വൈബറും ടെലിഗ്രാമും നിംമ്പസുമെല്ലാം മൊബൈലുകൾ കീഴടക്കിയപ്പോൾ പെട്ടത് മൊബൽ സേവദാതാക്കളാണ്. അന്തർദേശീയ കാളുകൾ വരെ സാധ്യമാക്കുന്ന മൊബൈൽ ആപ്ലീകേഷനുകൾ. ആരും എസ്.എം.എസ് അയയ്ക്കുന്നുമില്ല. ഇതോടെ മൊബൈൽ കമ്പനികളുടെ വരുമാനം കുറഞ്ഞു. ഓഫീസ് പൂട്ടാതിരിക്കാനുള്ളത് അവരും ചെയ്തു. മൊബൈലിലൂടെയുള്ള ഇന്റർനെറ്റ് ഉപയോഗ നിരക്ക് കമ്പനികൾ കൂട്ടി.

വിട്ടുകൊടുക്കാൻ ആരും തയ്യാറല്ല. നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് പുതിയ സമരമാർഗ്ഗമാണ് ടെക്കികൾ ആലോചിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം. സമരം വിജയിച്ചാൽ എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ 31ന് മൊബൈൽ ഇന്റർനെറ്റ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വാട്ട്‌സ് ആപ്പിലും ഫേസ്‌ബുക്കിലുമാണ് ഇവയെത്തുന്നത്. ഒരു ദിവസം നെറ്റ് ഉപയോഗിക്കാതിരുന്നാൽ കമ്പനികളെ മുട്ടുകുത്തിക്കാമെന്നാണ് സന്ദേശം.

സ്വകാര്യകമ്പനികൾക്കൊപ്പം ബിഎസ്എൻഎല്ലും നിരക്ക് കൂട്ടലിന്റെ വഴിയേ നീങ്ങി. എസ്.എം.എസ് ഉപയോഗം കുറഞ്ഞതും മൊബൈൽ ആപ്ലിക്കേഷനുകൾ വ്യാപകമായതും മൂലമുള്ള നഷ്ടം നികത്താൻ തന്നെയാണ് നിരക്ക് കൂട്ടൽ. അതാരും മറച്ചുവയ്ക്കുന്നുമില്ല. പക്ഷേ നിരക്ക് കൂട്ടൽ അൽപ്പമല്ല നന്നായി കൂടിപ്പോയി.  ഇതോടെ 80 ശതമാനം വരെ അധികം തുക നൽകേണ്ട അവസ്ഥയിലാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്നുമുതൽ പുതിയ നിരക്കായിരിക്കുമെന്ന് ബിഎസ്എൻഎല്ലും അറിയിച്ചു.

വിവിധ പ്ലാനുകളിലും മാറ്റങ്ങളുണ്ട്. 10 രൂപയ്ക്ക് മൂന്ന് ദിവസത്തേക്ക് ലഭ്യമാക്കിയിരുന്ന 60 മെഗാബൈറ്റ് (എംബി) ഡാറ്റ പ്‌ളാൻ വെട്ടിച്ചുരുക്കി. ഇത് ഒരു ദിവസത്തേക്ക് 30 എംബിയാക്കി. മൂന്ന് ദിവസം വരെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് പുതിയ താരിഫ് ഏർപ്പെടുത്തി. രണ്ട് ആഴ്ചത്തേയ്ക്കും ഒരു മാസത്തേയ്ക്കും വിവിധ സ്ലാബുകളാക്കി നിരക്കുകൾ ഏകീകരിച്ചു.

ഒരു ഗിഗാബൈറ്റ് (1 ജിബി) ഡാറ്റയ്ക്ക് 100 മുതൽ 250 രൂപ വരെയാക്കി. ഇതുവരെ 140 രൂപയ്ക്ക് ഒരുമാസത്തേക്ക് ഒരു ജിബി ഉപയോഗിക്കാമായിരുന്നു. ഇതാണ് വിവിധ കമ്പനികൾ 250 രൂപ വരെയാക്കിയത്. ഉപയോഗസമയവും കുറച്ചു. ഒരു ജിബി ഡാറ്റയുടെ പരമാവധി ഉപയോഗദിവസം 20 ദിവസത്തേക്കായാണ് കുറച്ചത്. 30 ദിവസത്തേക്കുള്ള പ്‌ളാനുകൾ വേണമെങ്കിൽ 2ജിബി ഡാറ്റയുടെ ഓഫർ ചെയ്യണം.

സ്വകാര്യ കമ്പനികൾക്കൊപ്പം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും നിരക്കുകൾ കൂട്ടി. 14 രൂപയ്ക്ക് മൂന്ന് ദിവസത്തേക്ക് 100 മെഗാബൈറ്റ് കിട്ടിയിരുന്നത് 17 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 90 മെഗാബൈറ്റാക്കി കുറച്ചു. 251 രൂപ വരെ 8 സ്ലാബുകളിലായി 2ജിബി വരെ ഇന്റർനെറ്റ് ഓഫറുകളാണ് ഇപ്പോഴുള്ളത്. 139 രൂപയ്ക്ക് ഒരു മാസത്തേക്ക് ഒരു ജിബി ലഭിച്ചിരുന്ന പാക്കേജ് ഇല്ലാതായി. ഇത് 20 ദിവസത്തേക്കായി കുറച്ചു. 20 ജിബി ഉപയോഗിക്കാവുന്ന 60 ദിവസ പ്‌ളാനിന് 1949 രൂപയാക്കി.