ന്യൂഡൽഹി: വാഹനം ഓടിക്കുമ്പോൾ പിൻഭാഗക്കാഴ്ചയ്ക്കു സഹായിക്കുന്ന (റിയർ വ്യൂ) സെൻസറോ ക്യാമറയോ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. അപകടമുണ്ടായാൽ ആഘാതം കുറയ്ക്കാനായി തനിയെ പ്രവർത്തിക്കുന്ന എയർബാഗും നിർബന്ധമാക്കും. ഇതുൾപ്പെടുത്തിയുള്ള മോട്ടോർ വെഹിക്കിൾസ് ഭേദഗതി ബിൽ അവതരിപ്പിക്കുന്നത് പാർലമെന്റ് ശീതകാല സമ്മേളനത്തിൽ പാസാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

പിൻഭാഗം കാണാൻ സഹായിക്കുന്ന സെൻസറോ ക്യാമറയോ വാഹനത്തിൽ നിർബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഉടൻ വന്നേക്കും. വാഹനങ്ങൾക്കെല്ലാം വശങ്ങളിൽ കണ്ണാടിയുണ്ടെങ്കിലും അപകടമൊഴിവാക്കാൻ അതു പോരെന്നാണു ഗതാഗത മന്ത്രാലയത്തിന്റെ നിലപാട്. പിന്നിൽ നിൽക്കുന്ന കൊച്ചുകുട്ടികളെയോ റോഡിലെ തടസ്സങ്ങളെയോ കാണാൻ ഈ കണ്ണാടി പോരാ. രാജ്യാന്തര റോഡ് ഫെഡറേഷൻ അടുത്ത വർഷം നവംബറിൽ നടത്തുന്ന സമ്മേളനത്തിനു മുന്നോടിയായുള്ള യോഗത്തിൽ, ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി അഭയ് ദംലെയാണു സെൻസറോ ക്യാമറയോ നിർബന്ധമാക്കുന്ന കാര്യം അറിയിച്ചത്.

അമിതവേഗം മൂലം അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ വാഹനത്തിൽ ശബ്ദ മുന്നറിയിപ്പു സജ്ജീകരിക്കുന്നതും നിർബന്ധമാക്കും. സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദ്ദേശം പോലെ വാഹനം തന്നെ മുന്നറിയിപ്പു നൽകുന്ന സംവിധാനമാണിത്. വേഗം മണിക്കൂറിൽ 80 കിലോമീറ്റർ കടന്നാൽ ചെറിയ ബീപ് ശബ്ദം മുഴങ്ങും. വേഗം 90 കിലോമീറ്ററിനു മുകളിലെത്തിയാൽ ബീപ് തുടർച്ചയായി മുഴങ്ങും. ഇതിനൊപ്പം ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) അല്ലെങ്കിൽ കംബൈൻഡ് ബ്രേക്കിങ് സിസ്റ്റം (സിബിഎസ്) ഇരുചക്രവാഹനങ്ങൾക്കു 2019 ഏപ്രിൽ മുതൽ നിർബന്ധമാക്കിയിട്ടുണ്ട്.

വാഹന പരിശോധന നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 'ഓട്ടോമേറ്റഡ്' സംവിധാനവും നിലവിൽ വരും. 2018 ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കാനാണ് തീരുമാനം. ഡ്രൈവിങ് ലൈസൻസ് പരീക്ഷയ്ക്കും ഓട്ടോമേറ്റഡ് സംവിധാനവും ഉണ്ടാകും. റോഡപകടങ്ങളിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും മറ്റും സഹായം ചെയ്യുന്നവർക്കു നിയമപരിരക്ഷയും ഉറപ്പാക്കും. ഇതിനെല്ലാം പുറമേ ട്രാഫിക് നിയമലംഘനത്തിൽ വലിയ പിഴകളും നടപ്പാക്കും. ട്രാഫിക് പരിഷ്‌കാരങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ അവകാശം കുറയ്ക്കാനുള്ള നടപടിയും ബില്ലിലൂടെ കേന്ദ്ര സർക്കാർ എടുക്കും.

ഇതോടെ പിൻസീറ്റ് യാത്രക്കാർക്ക് പോലും ബൈ്ക്കിൽ ഹെൽമെറ്റ് നിർബന്ധമാക്കും. അപകട നിരക്ക് കുറയ്ക്കാൻ ഹെൽമറ്റ് നിർബന്ധമാക്കുന്നതിലൂടെ കഴിയുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.