മസ്‌കത്ത്: വിദേശികളുടെ ടുവിലർ സ്വപ്‌നങ്ങൾക്ക് മങ്ങലേല്പിച്ചുകൊണ്ട് ഒമാനിൽ ഇരുചക്രവാഹനങ്ങൾ വാങ്ങുന്നതിനും ഓടിക്കുന്നതിനും വിദേശികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. രാജ്യത്തെ റോഡുകളിൽ വർധിക്കുന്ന ബൈക്ക് ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് റോയൽ ഒമാൻ പൊലീസിന്റെ പുതിയ നിയന്ത്രണം. ഇതനുസരിച്ച് ലേണേഴ്‌സ് ലൈസൻസ് നൽകുന്നത് റോയൽ ഒമാൻ പൊലീസ് നിർത്തിവച്ചു.

പുതിയ നിയമമനുസരിച്ച് സ്ഥിരമായ ലൈസൻസുള്ളവരുടെ പേരിൽ മാത്രമേ ബൈക്കുകൾക്ക് രജിസ്‌ട്രേഷൻ ലഭിക്കുകയുള്ളൂ. ലൈസൻസ് ഉടമകൾക്ക് മാത്രമേ ബൈക്ക് ഓടിക്കാനും പാടുള്ളൂ. വിദേശികൾക്ക് മാത്രമാണ് ഈ നിയന്ത്രണം.

സ്ഥിര ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മാത്രമേ ബൈക്കുകൾ വാങ്ങാനും ഓടിക്കാനും അനുവാദമുണ്ടാവുകയുള്ളൂവെന്നതിനാൽ നിലവിൽ ബൈക്കുകളുള്ള കമ്പനികൾ വാഹനമോടിക്കുന്നവരുടെ പേരിൽ മാറ്റി രജിസ്റ്റർ ചെയ്യേണ്ടിവരും. ഇത്തരം ആളുകൾക്ക് സ്ഥിരമായ ലൈസൻസില്ലാത്തതിനാൽ വാഹനം രജിസ്റ്റർ ചെയ്യാനും കഴിയില്ല. ഇവർ സ്ഥിരമായ ലൈസൻസ് എടുക്കാനും സമയമെടുക്കും. സ്വന്തം ബൈക്ക് ഉണ്ടെങ്കിലും സ്ഥിരമായ ലൈസൻസ് ഇല്ലാതെ ലേണേഴ്‌സ് ലൈസൻസ് മാത്രമുള്ളവർക്കും വാഹനമോടിക്കാൻ കഴിയില്ല. ബൈക്കുകൾ സ്വകാര്യ ആവശ്യങ്ങൾക്ക് മാത്രമാണെങ്കിലും ഒമാനിൽ നിരവധി സ്ഥാപനങ്ങളും കമ്പനികളും ജോലികൾക്ക് ഉപയോഗിക്കുന്നുണ്ട്.

നേരത്തേ ഒമാൻ റസിഡന്റ് കാർഡുള്ള ആർക്കും ബൈക്കുകൾ വാങ്ങാമായിരുന്നു. റോയൽ ഒമാൻ പൊലീസ് നൽകുന്ന ലേണേഴ്‌സ് ലൈസൻസുപയോഗിച്ച് ആർക്കും ഇത്തരം വാഹനങ്ങൾ ഓടിക്കുകയും ചെയ്യാമായിരുന്നു. ലേണേഴ്‌സ് ബോർഡ് വച്ച് എത്രകാലം വേണമെങ്കിലും ബൈക്കുകൾ ഓടിക്കാൻ കഴിയുന്നതിനാൽ പലരും ഈ ലൈസൻസുകൾ മാറ്റിയിരുന്നില്ല.

പുതിയ നിയമം വാഹന വിതരണക്കാരെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.