ദുബായ്: മറുനാടൻ മലയാളി വായനക്കാർക്ക് ഇതൊരു മുന്നറിയിപ്പാണ്.. നിങ്ങൾ യുഎഇയിൽ ആണ് താമസിക്കുന്നത് എങ്കിൽ തിരിച്ചറിയുക, മതവികാരം പൊട്ടിയൊലിച്ചാൽ ഏത് നിമിഷവും അകത്താകും. നിങ്ങൾക്ക് ഒരിക്കലും കൊടുത്തു തീർക്കാൻ വയ്യാത്ത പിഴ വേറെയും എത്തും. അതിന് നിങ്ങൾ പ്രവാചകനെയോ പരിശുദ്ധ ഖുറാനെയോ ഇസ്ലാമിനെയും ഒന്നും ആക്ഷേപിക്കണമെന്നില്ല. ഏത് മതത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയാൽ നിങ്ങളുടെ മേൽ ഇനി നടപടി ഉണ്ടാകും. മതവിദ്വനേഷം പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ ഓൺലൈൻ മാദ്ധ്യമങ്ങൽ എന്നും സോഷ്യൽ മീഡിയ എന്നും പ്രത്യേകം ചേർത്തിട്ടണ്ട്. ഇന്ത്യയെ പോലെ നിയമങ്ങൾ കടലാസിൽ മാത്രമുള്ള രാജ്യമല്ല ഗൾഫ് രാഷ്ട്രങ്ങൾ എന്നതിനാൽ കരുതൽ എടുക്കാത്തവർ അകത്താകുമെന്ന് ഉറപ്പ്.

മതം, ജാതി, വംശം, വർഗം, നിറം, ആശയം തുടങ്ങിയവയുടെ പേരിലുള്ള വിദ്വേഷവും വിവേചനവും ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന വിധത്തിലാണ് യുഎഇയിലെ പുതിയ നിയമനിർമ്മാണം. നിയമലംഘകർക്ക് കനത്ത പിഴയും തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്ന നിയമം പ്രസിഡന്റ് ശൈഖ് ഖലീഫയുടെ ഉത്തരവിലൂടെയാണ് പ്രാബല്യത്തിൽ വന്നു. ആറുമാസം മുതൽ 10 വർഷം വരെ തടവും 50,000 മുതൽ 20 ലക്ഷം ദിർഹം വരെയുള്ള പിഴയുമായിരിക്കും ശിക്ഷയെന്നതിനാൽ മലയാളികൾ അടക്കമുള്ളവർ അതീവ ജാഗ്രത പാലിക്കേണ്ട അവസരമാണ് സംജാതമായിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി പരസ്പ്പരം ചെളിവാരി എറിയുന്നതിൽ ഏറ്റവും മുന്നിലാണ് മലയാളികൾ എന്നതാണ് ഈനിയമം ഏറ്റവും കുരുക്കാകുക മലയാളികൾക്ക് ആകുമെന്ന് പറയാൻ കാരണം.

രാജ്യത്ത് മതസഹിഷ്ണുതയ്ക്കും സൗഹാർദത്തിനും സുശക്തമായ അടിത്തറ പാകുകയെന്ന ലക്ഷ്യത്തോടെയാണ് കർശന വ്യവസ്ഥകളോടെയുള്ള നിയമം പ്രാബല്യത്തിൽ വരുത്തിയത്. വിവിധ ജാതി, മതസ്ഥരുടെ അവകാശ സംരക്ഷണ കവചമായി നിയമം നിലകൊള്ളും. പ്രസംഗം, പ്രസിദ്ധീകരണം, ലഘുലേഖകൾ, ഇലക്ട്രോണിക്/ഓൺലൈൻ മാദ്ധ്യമങ്ങൾ തുടങ്ങിയവ മുഖേന വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന എന്തുതരത്തിലുള്ള പ്രവർത്തനവും ശിക്ഷാർഹമായിരിക്കുമെന്നും ഉത്തരവിൽ അടിവരയിട്ട് വ്യക്തമാക്കുന്നു. ദൈവത്തെയും മതത്തെയും നിന്ദിക്കൽ, ഇതര മത വിശ്വാസികളെയോ വ്യക്തികളെയോ അവിശ്വാസികളായി ചിത്രീകരിക്കൽ തുടങ്ങിയവയും ക്രിമിനൽ കുറ്റമായി കണക്കാക്കും.

പ്രവാചകർ, വിശുദ്ധ ഗ്രന്ഥങ്ങൾ, ആരാധനാ കേന്ദ്രങ്ങൾ, മഹാന്മാരുടെ ഖബറിടങ്ങൾ തുടങ്ങിയവയെ നിന്ദിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ഗ്രന്ഥങ്ങളെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള കമന്റുകളോ പോസ്റ്റുകളോ ഇടുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. വർഗീയതയും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള സംഘടനകളെയും കൂട്ടായ്മകളെയും ഈ നിയമംവഴി നിരോധിക്കും. വിശ്വാസത്തിന്റെ പേരിൽ വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ പകയും വിദ്വേഷവും പടർത്തുന്ന യോഗങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതും ഇത്തരം ആവശ്യങ്ങളിലേക്ക് പണം സ്വരൂപിക്കുന്നതും നിരോധിക്കും.

മതവിശ്വാസത്തിന്റെ അതിരുകൾക്ക് അപ്പുറത്ത് വിശാലമനസോടെ എല്ലാവരെയും അംഗീകരിക്കുന്ന കാഴ്ചപ്പാട് രാജ്യത്തിന്റെ അടിത്തറയാകണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാൽ, ഇത്തരം കുറ്റകൃത്യങ്ങളിൽ വ്യാപൃതരായവർക്ക് സ്വയം കീഴടങ്ങി ശിക്ഷാ നടപടികളിൽനിന്ന് മുക്തമാകാനും നിയമം അവസരമൊരുക്കുന്നുണ്ട്. ഇരുന്നൂറിൽപരം രാജ്യക്കാർ വസിക്കുന്ന യുഎഇയിൽ ഈ നിയമം ഏറെ പ്രസക്തമാണെന്ന് വിലയിരുത്തപ്പെടുന്നു. വർണവിവേചനം കാണിച്ച് അടുത്തിടെ ദുബായിലെ ഒരു ഹോട്ടലിൽ നിന്ന് തന്നെ പുറത്താക്കിയതായി ഒരു കറുത്ത വർഗക്കാരി ആരോപണമുന്നയിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ നിയമം പാസാക്കിയത്. യുഎഇയുടെ പാതയിൽ മറ്റ് ഗൾഫ് രാജ്യങ്ങളും നിയമപരിഷ്‌ക്കരണം നടത്താൻ സാധ്യതയുണ്ട്. അടുത്തിടെ ദോഹയിൽ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പോരിൽ മലയാളികൾ രണ്ടായി തിരിഞ്ഞ് ഏറ്റമുട്ടിയ സംഭവം പോലും ഉണ്ടായിരുന്നു.