വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് പുതിയ ഏകീകൃത തൊഴിൽ കരാറിന് ഗൾഫ് സഹകരണ കൗൺസിൽ അംഗീകാരം നല്കി. വാരാന്ത്യ അവധി അനുവദിക്കുന്നതുൾപെടെ ഗാർഹിക തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന നിർദേശങ്ങളാണ് കരാറിലുള്ളത്. ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി, തൊഴിലുടമയുടെ വീട്ടിലോ പുറത്തോ താമസിക്കാനുള്ള അനുമതി, അവധി സമയങ്ങളിൽ പുറത്തു യാത്ര ചെയ്യാനുള്ള അനുവാദം, തൊഴിൽ സമയം ആറു മണിക്കൂറായി പരിമിതപ്പെടുത്തുക, രണ്ടു മണിക്കൂറിൽ കൂടാത്ത അധിക സമയത്തിന് പ്രത്യേക വേതനം നൽകുക തുടങ്ങിയവയാണ് ജിസിസി അംഗീകരിച്ച കരാറിലെ പ്രധാന നിബന്ധനകൾ.

കുവൈറ്റിൽ ചേർന്ന രണ്ടു ദിവസത്തെ ജിസിസി രാജ്യങ്ങളിലെ തൊഴിൽ വകുപ്പ് മന്ത്രാലയങ്ങളുടെ പ്രത്യേക യോഗത്തിലാണ് കരാറിന് അംഗീകാരം നൽകിയത്.തൊഴിൽ മന്ത്രാലയങ്ങൾ കരാർ ഔദ്യോഗികമായി അംഗീകരിക്കുന്നതോടെ ആറു ജിസിസി രാജ്യങ്ങളിലായി ജോലി ചെയ്യുന്ന 2.4 മില്ല്യൺ വീട്ടുജോലിക്കാർക്കാണ് പുതിയ ആനുകൂല്യങ്ങൾ ലഭ്യമാകും. നേരത്തേ കുവൈത്തിൽ ചേർന്ന ജിസിസി രാജ്യങ്ങളിലെ തൊഴിൽ സാമൂഹിക വകുപ്പ് മന്ത്രിമാരുടെ സമ്മേളനത്തിൽ പദ്ധതിയുടെ കരട് രൂപരേഖ അംഗീകരിച്ചതായി അറിയിച്ചിരുന്നു. വീട്ടു ജോലിക്കാരുടെ പാസ്‌പോർട്ടുകൾ തൊഴിലുടമകൾ കൈവശം വെക്കരുതെന്നും ജോലി ഉപേക്ഷിക്കുകയാണെങ്കിൽ നാട്ടിലെത്താനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും കരാറിലുണ്ട്.

ഒമാനിലും മറ്റു ഗൾഫ് രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് ഏകീകൃത മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനായി 2013
മുതൽ  ചർച്ചകൾ നടന്നു വരികയാണെങ്കിലും ഇതു സംബന്ധിച്ച് ഇതുവരെ സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. തൊഴിൽ മന്ത്രാലയങ്ങൾ കരാർ ഔദ്യോഗികമായി അംഗീകരിക്കുന്നതോടെ ആറു ജി.സി.സി രാജ്യങ്ങളിലായി ജോലി ചെയ്യുന്ന 2.4 മില്ല്യൺ വീട്ടുജോലിക്കാർക്കാണ് പുതിയ ആനുകൂല്യങ്ങൾ ലഭിക്കുക.