ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങുകയാണ്. സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ ഉപയോഗിക്കരുതാത്ത വാക്കുകളുടെ പട്ടിക ലോക്‌സഭാ സെക്രട്ടേറിയറ്റ് പുതുക്കി. ഇതുവരെ ഉൾപ്പെടാത്ത ചില വാക്കുകൾ അൺപാർലമെന്ററി ആക്കിയത് പ്രതിപക്ഷത്തെ ഞെട്ടിച്ചു. കാരണം ഈ വാക്കുകൾ ഒന്നും ഇനി ലോക്‌സഭയിലും രാജ്യസഭയിലും പറഞ്ഞുകൂടാ.

ലോക്സഭാ സെക്രേട്ടറിയറ്റിന്റെ ബുക്ക്ലെറ്റ് പുറത്തിറങ്ങിയതോടെ അത് വായിച്ചുപഠിക്കുന്ന തിരക്കിലാണ് അംഗങ്ങൾ. ഇതിലേറ്റവും കൗതുകം, അഴിമതി, നാണക്കേട് തുടങ്ങിയ വാക്കുകളും വിലക്കിയതാണ്. അതുകൊണ്ട് അഴിമതിക്കാരൻ എന്നൊന്നും ഇനി പാർലമെന്റിൽ പറയാൻ പാടില്ല.
നാട്യക്കാരൻ, കോവിഡ് വ്യാപി, മന്ദബുദ്ധി, അരാജകവാദി, ശകുനി, സ്വേച്ഛാധിപതി, വിനാശപുരുഷൻ, ഖാലിസ്ഥാനി, ഇരട്ട വ്യക്തിത്വം, രക്തം കൊണ്ട് കളിക്കുന്നവൻ, ഉപയോഗ ശൂന്യമായ എന്നിങ്ങനെ ഒരുകൂട്ടം വാക്കുകളും ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം.

ചതി, നാട്യം, കാപട്യം, മുതലക്കണ്ണീർ, കഴുത, ഗുണ്ടായിസം, കള്ളം, അസത്യം, അഹങ്കാരി, നാടകം തുടങ്ങിയ 65 ഓളം വാക്കുകൾ ഉപയോഗിക്കരുത് എന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്. ഈ നിർദേശങ്ങൾ രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്സഭാ സെക്രട്ടറി വ്യക്തമാക്ക

ഇത്തരം പദങ്ങൾ പാർലമെന്റിൽ ഉപയോഗിച്ചാൽ അത് രേഖകളിൽ നിന്ന് നീക്കും. നിർദേശങ്ങൾ ലോക്സഭയ്ക്കും രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പാർലമെന്റിൽ വാഗ്വാദത്തിന് മൂർച്ചകൂട്ടാൻ ഭരണ-പ്രതിപക്ഷങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾക്കാണ് നിരോധനം. ഭരണപക്ഷത്തിൽ നിന്നുള്ള സമ്മർദ്ദത്തിന്റെ ഫലമായാണ് നിർദേശമെന്നാണ് വിവരം. ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. മോദി സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം പതിവായി ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് പ്രധാന ആക്ഷേപം.

വാക്കുകൾ വിലക്കിയതിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള രംഗത്തെത്തി. ആരൊക്കെ വിലക്കിയാലും ഈ വാക്കുകളെല്ലാം ആവശ്യാനുസരണം പാർലമെന്റിൽ ഉപയോഗിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയാൻ വ്യക്തമാക്കി. അതിന്റെ പേരിൽ തന്നെ സസ്‌പെൻഡ് ചെയ്യാനും അദ്ദേഹം വെല്ലുവിളിച്ചു. ഇത് ജനാധിപത്യത്തിനായുള്ള പോരാട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചില വാക്കുകളും പ്രയോഗങ്ങളും കാലാകാലം അതാത് സഭാദ്ധ്യക്ഷന്മാർ തന്നെ നീക്കുന്ന പതിവുണ്ട്. വാക്കുകൾ ഒഴിവാക്കുന്നതിൽ അവസാന വാക്ക് പറയുക, രാജ്യസഭാ ചെയർമാനോ ലോക്‌സഭാ സ്പീക്കറോ ആയിരിക്കും. സഭാദ്ധ്യക്ഷന് എതിരായി ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള ചില പതിവ് പരാമർശങ്ങളും നിരോധന പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.