തിരുവനന്തപുരം: കോവിഡ് വ്യാപനം തീർത്ത നിയന്ത്രണങ്ങൾക്കിടെ പുതുവർഷത്തെ ആവേശത്തോടെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ഈ ദ്വീപുകൾ 2020നോട് വിട പറഞ്ഞത്. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും ഓസ്‌ട്രേലിയയിലും പുതുവർഷമെത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾ രാത്രി പത്തിന് അവസാനിച്ചു.

പുതുവർഷത്തെ ആവേശത്തോടെയാണ് ന്യുസീലൻഡ് വരവേറ്റത്. ആർപ്പുവിളികളോടെയും വെടിക്കെട്ടോടെയും ജനങ്ങൾ പുതുവർഷത്തെ വരവേറ്റു. ന്യൂസിലാൻഡിൽ ഓക്ലൻഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്. സെൻട്രൽ ഓക്ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ പുതുവർഷ പുലരിയെ വരവേൽക്കാനെത്തി. സ്‌കൈ ടവറിൽ നടന്ന വെടിക്കെട്ട് ആർപ്പുവിളികളോടെയാണ് ജനം എതിരേറ്റത്. സാധാരണ എറ്റവും നിറമേറിയ ആഘോഷങ്ങൾ നടക്കാറുള്ള ഓസ്‌ട്രേലിയലിലടക്കം കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു പുതുവർഷ ആഘോഷം.


പിന്നാലെ ജപ്പാൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളും പുതുവർഷത്തെ വരവേറ്റു. ഇന്ത്യയിൽ വിവിധ നഗരങ്ങളിൽ ആഘോഷങ്ങൾ നടന്നെങ്കിലും വളരെ നിറം മങ്ങിയ അവസ്ഥയിലായിരുന്നു. പലയിടത്തും കടുത്ത നിയന്ത്രണങ്ങൾ പൊതുസ്ഥലത്തെ ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ബീച്ചുകളും മറ്റും കോവിഡ് പ്രോട്ടോകോളിനെ തുടർന്ന് ശൂന്യമായിരുന്നു. കാർണിവൽ അടക്കമുള്ള പരിപാടികളിലൂടെ പുതുവത്സരത്തെ സ്വാഗതം ചെയ്യാറുള്ള ഫോർട്ട് കൊച്ചിയിലെ ബീച്ച് ശൂന്യമായിരുന്നു. നഗരങ്ങളിലെ ഡിജെ പാർട്ടികളും മറ്റും നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. പലയിടങ്ങളിലും പടക്കം പൊട്ടിച്ചും മറ്റും ആളുകൾ വീട്ടിൽ പുതുവത്സരത്തെ സ്വാഗതം ചെയ്തു.

അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ് , ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. എന്നാൽ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടണിൽ ജനുവരി ഒന്ന് പകൽ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക. അമേരിക്കൻ സമോവ എന്നാണ് ബേക്കർ ദ്വീപ് അറിയപ്പെടുന്നത്.

ആശംസകൾ നേർന്ന് ഉപരാഷ്ട്രപതി

ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു പുതുവർഷ ആശംസകൾ നേർന്നു. ശുഭപ്രതീക്ഷ, സൗഹൃദം എന്നിവയുടെ, ചൈതന്യം നിറഞ്ഞതാകട്ടെ പുതുവർഷം എന്ന് അദ്ദേഹം ആശംസിച്ചു. മഹാമാരി പഠിപ്പിച്ച നിരവധി പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഈ വർഷത്തിന് വിട പറയാം. പുതുവർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാം. മഹാമാരിക്കെതിരെ പോരാടാനും പരാജയപ്പെടുത്താനുമുള്ള പ്രതിബദ്ധതയോടെ, നവ വർഷത്തെ വരവേൽക്കാം. വാക്‌സീൻ ഏത് സമയവും ലഭ്യമാകാം എന്നിരിക്കെ 2021നെ ഉത്സാഹത്തോടെയും ശുഭപ്രതീക്ഷയോടെയും നമുക്ക് വരവേൽക്കാം എന്നും ഉപരാഷ്ട്രപതി പറഞ്ഞു.

 

കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ, സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്.

എന്നിരുന്നാലും, ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടെയും ഒത്തൊരുമയോടെയും ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വർഷം കൂടെയായിരുന്നു ഇത്. ആ അനുഭവങ്ങൾ പകർന്ന കരുത്ത് ഒരു സമൂഹമെന്ന നിലയിൽ നമ്മെ കൂടുതൽ ദൃഢമാക്കിയിരിക്കുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാനും മുന്നോട്ടു പോകാനുമുള്ള ആത്മവിശ്വാസം ആർജിക്കാൻ സാധിച്ചു. അതുകൊണ്ടു തന്നെ ശുഭപ്രതീക്ഷയോടെ നമുക്ക് പുതുവർഷത്തിലേക്ക് കാലെടുത്തു വയ്ക്കാം. കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021നെ വരവേൽക്കാം. കേരളത്തിന്റെ നന്മയ്ക്കായ് തോളോടുതോൾ ചേർന്നു നിൽക്കാമെന്നും നവവത്സര ആശംസകൾ നേർന്ന് മുഖ്യമന്ത്രി പറഞ്ഞു.