- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇന്ത്യ ഇസ്രയേലിൽ നിന്ന് പെഗസ്സസ് വാങ്ങിയിരുന്നു'; ചാര സോഫ്റ്റ് വെയർ വാങ്ങിയത് 2017ലെ 13,000 കോടിയുടെ സൈനിക കരാറിൽ ഉൾപ്പെടുത്തി; വിവാദങ്ങൾക്ക് പിന്നാലെ ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ട്
ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗസ്സസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ട്. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയാണിതെന്നാണ് റിപ്പോർട്ട്.
മിസൈൽ സംവിധാനം ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള 2 ബില്യൺ ഡോളറിന്റെ (13000 കോടി) സൈനിക പാക്കേജിന്റെ ഭാഗമായി 2017 ലാണ് ഇന്ത്യ പെഗസ്സസ് ചാര സോഫ്റ്റ് വെയർ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടു. പെഗസ്സസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ഫോൺവിവരങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തൽ രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ഹോളണ്ടും ഹംഗറിയും പെഗസ്സസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. പെഗസ്സസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നോ എന്ന ചോദ്യങ്ങൾക്ക് കേന്ദ്രം മറുപടി നൽകിയിരുന്നില്ല. എൻഎസ്ഒ ഗ്രൂപ്പുമായി ബിസിനസ് ഇടപാടില്ലെന്നായിരുന്നു 2021 ഓഗസ്റ്റിൽ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്.
ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രിയായിരിക്കെ 2017 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇസ്രയേൽ സന്ദർശനത്തിലാണ് കരാറെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരുകൾക്കും സർക്കാർ ഏജൻസികൾക്കും മാത്രമാണ് പെഗസ്സസ് നൽകാറുള്ളുവെന്നാണ് നിർമ്മാതാക്കളായ എൻഎസ്ഒ പറയുന്നത്. സുപ്രീം കോടതിയിൽ ഉൾപ്പെടെ വിഷയം എത്തിയപ്പോഴും മോദി സർക്കാർ സോഫ്റ്റ് വെയർ വാങ്ങിയോ എന്ന് വ്യക്തമാക്കാൻ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ ഇസ്രയേലും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.
ഇന്ത്യയിൽ പെഗസ്സസ് ഉപയോഗിച്ച് നരേന്ദ്ര മോദി മന്ത്രിസഭയിലെ തന്നെ രണ്ട് മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, ഒരു ജഡ്ജിമാരും മാധ്യമ പ്രവർത്തകരെയും നിരീക്ഷിച്ചിരുന്നു എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ട്. നാൽപത് മാധ്യമപ്രവർത്തകരുടെ മാത്രം ഫോണുകൾ നിരീക്ഷിച്ചിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യധാര മാധ്യമങ്ങളായ ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യടുഡെ, നെറ്റ് വർക്ക് 18, ദ ഹിന്ദു, ഇന്ത്യൻ എക്സ്‌പ്രസ് എന്നിവയുടെ മുതിർന്ന മാധ്യമ പ്രവർത്തകരുൾപ്പെടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഏകദേശം 300 മൊബൈൽ ഫോണുകളാണ് ഇത്തരത്തിൽ നിരീക്ഷിപ്പെട്ടിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്
അതേസമയം പെഗസ്സസ് ഫോൺ ചോർത്തലിന് വിധേയരായവരോട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി വിവരങ്ങൾ തേടി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കി. inqiry@pegasus-india-investigation.in എന്ന ഈ മെയിൽ വിലാസത്തിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. ഫോൺ ചോർത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങൾ കൈമാറണം. വിവരങ്ങൾ പരിശോധിച്ച ശേഷം ചോർത്തലിന് വിധേമായ ഫോണുകളും ആവശ്യമെങ്കിൽ സമിതി ആവശ്യപ്പെട്ടേക്കും. സുപ്രീംകോടതിയിൽ ഹർജി നൽകിയവരോട് ഫോൺ ചോർത്തൽ വിവരങ്ങൾ നേരത്തെ സമിതി തേടിയിരുന്നു. ചോർത്തലിന് വിധേയനായ ഫോണുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.




