- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസിലെ ആരാച്ചാരുടെ കഥയെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച പരമ്പര കെട്ടുകഥ; 'കാലിഫേറ്റ്' എന്ന പരമ്പരയിൽ ക്രൂരമായ ആക്രമണങ്ങൾ നടത്തിയെന്ന് പറഞ്ഞയാൾ കാനഡയിൽ സുഖമായി കഴിയുന്നു; തട്ടിപ്പ് വെളിപ്പെട്ടത് വാർത്ത വിവാദമായതോടെ കാനഡ നടത്തിയ അന്വേഷണത്തിൽ; പരമ്പരയ്ക്കു ലഭിച്ച പുരസ്കാരങ്ങൾ തിരിച്ചുനൽകും; വായനക്കാരോട് മാപ്പുപറഞ്ഞ് ന്യൂയോർക്ക് ടൈംസ്
ന്യൂയോർക്ക്: ലോക മാധ്യമ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമായ ഒരു തീരുമാനമാണ് കഴിഞ്ഞ ദിവസം, വിശ്വാസ്യതയ്ക്ക് കീർത്തികേട്ട അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസിൽ നിന്ന് ഉണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ക്രൂരതകൾ അവരുടെ തന്നെ ആരാച്ചാരെന്നു വിശേഷിപ്പിക്കപ്പെട്ടയാൾ വിവരിക്കുന്നുവെന്നു പറഞ്ഞ് 'ന്യൂയോർക്ക് ടൈംസ്' പ്രസിദ്ധീകരിച്ച പരമ്പര കെട്ടുകഥയെന്ന് തെളിഞ്ഞതോടെ അവർ വായനക്കാരോട് മാപ്പു പറഞ്ഞിരിക്കയാണ്.
ന്യൂയോർക്ക് ടൈംസിന്റെ അൽഖ്വായിദ, ഐഎസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധയായ രുഗ്മിണി കല്ലിമാചി തയ്യാറാക്കിയ പോഡ്കാസ്റ്റ് പരമ്പരയാണ് കെട്ടുകഥയാണെന്നു തെളിഞ്ഞത്. ഇതോടെ പരമ്പരയ്ക്കു ലഭിച്ച പുരസ്കാരങ്ങൾ ന്യൂയോർക്ക് ടൈംസ് തിരിച്ചുനൽകി. പരാതികളെ തുടർന്ന് രണ്ടുമാസം നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് 'കാലിഫേറ്റ്' എന്ന ലേഖനങ്ങൾ എഡിറ്റോറിയൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് അറിയിച്ചു. 'ഇതൊരു റിപോർട്ടറുടെയും പരാജയമല്ലെന്നും ഒരു സ്ഥാപനത്തിന്റെ പരാജയമാണെന്നാണ് താൻ കരുതുന്നതെന്നും ന്യൂയോർക്ക് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ ഡീൻ ബാസ്ക്വെറ്റ് വെള്ളിയാഴ്ച വ്യക്തമാക്കി.
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും 'കാലിഫേറ്റ്' എന്ന പേരിൽ 12 ഭാഗങ്ങളുള്ള വിവരണ പോഡ്കാസ്റ്റ് സീരീസ് 2018ൽ ടൈംസ് പുറത്തിറക്കിയിരുന്നു. ഗ്രൂപ്പിന്റെ തന്ത്രങ്ങളെയും സ്വാധീനത്തെയും കുറിച്ച് വിശാലമായ പരിശോധനയിൽ ഈ പരമ്പരയുടെ ചില ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നുവെങ്കിലും, ഒന്നിലധികം എപ്പിസോഡുകൾ പ്രധാനമായും പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരന്റെ കുറ്റസമ്മത കഥയാണ്. അബു ഹുസൈഫ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം ഇസ്ലാമിക് സ്റ്റേറ്റ് അംഗമാണെന്ന് അവകാശപ്പെടുകയും സിറിയയിൽ നടന്ന കൊലപാതകങ്ങളിൽ പങ്കെടുത്തതായും പറഞ്ഞു. സപ്തംബറിൽ പോഡ്കാസ്റ്റ് പുറത്തിറങ്ങി രണ്ടര വർഷത്തിനുശേഷം കനേഡിയൻ പൊലീസ് ഹുസൈഫയെ അറസ്റ്റ് ചെയ്തു. ഇയാളുടെ യഥാർഥ പേര് ഷെഹ്റോസ് ചൗധരി എന്നാണെന്നു കണ്ടെത്തുകയും ഐഎസിൽ ചെയ്തെന്നു പറഞ്ഞതെല്ലാം കെട്ടിച്ചമച്ചതാണെന്ന് കനേഡിയൻ പൊലീസ് വ്യക്തമാക്കുന്നു. തുടർന്ന് അന്വേഷണം നടത്തിയതിൽ ചൗധരിയുടെ വിശ്വാസ്യതയും തട്ടിപ്പ് സംബന്ധിച്ചും പരിശോധിച്ചപ്പോൾ അവകാശവാദങ്ങളെല്ലാം വ്യാജമാണെന്നു കണ്ടെത്തി.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയയിലേക്ക് പോയെന്നതിന്റെ തെളിവുകൾക്കു വേണ്ടി ചൗധരി നൽകിയ വിവരങ്ങൾ റിപോർട്ടർമാർക്കും എഡിറ്റർമാർക്കും പരിശോധിക്കാമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരൻ ഷെഹ്റോസ് ചൗധരിയാണ് താൻ ദീർഘകാലം സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്നുവെന്നും അവരുടെ പ്രധാന 'ആരാച്ചാരാ'യിരുന്നുവെന്നും അവകാശപ്പെട്ടത്. സിറിയയിലെ തന്റെ പ്രവർത്തനങ്ങൾക്കു ശേഷം കാനഡയിൽ മടങ്ങിയെത്തിയ ഷെഹ്റോസിനെ രുക്മിണി സാഹസികമായി കണ്ടെത്തിയെന്നായിരുന്നു വാദിച്ചിരുന്നത്. ഐഎസിനു വേണ്ടി താൻ ചെയ്ത കൂട്ടക്കൊലകളുടെയും രക്തം മരവിപ്പിക്കുന്ന പീഡനങ്ങളുടെയും 'ദൃക്സാക്ഷി' വിവരണം എന്ന നിലയിലാണ് 'കാലിഫേറ്റ്' പ്രസിദ്ധീകരിച്ചത്. താൻ വധിച്ച പലരുടെയും അന്ത്യ നിമിഷങ്ങളെന്നു പറഞ്ഞ് അപസർപ്പക കഥകൾ ചൗധരി വിവരിക്കുകയും ചെയ്തു. പേടിച്ചു കരയുന്ന ഇരയുടെ കഴുത്തറുക്കുന്നതിന്റെയും നെഞ്ചിൽ കഠാര കുത്തിയിറക്കുന്നതിന്റെയും വിവരണങ്ങൾ കേട്ട് വായനക്കാർ പോലും ഞെട്ടിത്തരിച്ചിരുന്നു.
ന്യൂയോർക് ടൈംസിന്റെ ചരിത്രത്തിലെ വലിയ ഹിറ്റ് സ്റ്റോറികളിലൊന്നായി 'കാലിഫേറ്റ്' അതിവേഗം മാറി. അന്താരാഷ്ട്ര മാധ്യമങ്ങളാവട്ടെ ഇതുപയോഗിച്ച് വ്യത്യസ്ത വാർത്തകൾ നൽകി. ടൈംസിന്റെ ലേഖകരെ തേടി നിരവധി പുരസ്കാരങ്ങളെത്തി. 2019 ലെ പുലിറ്റ്സർ പുരസ്കാര പട്ടികയിൽ ഫൈനലിസ്റ്റുകളിൽ ഒരാളായി രുക്മിണി മാറി. ഓൺലൈൻ മാധ്യമത്തിനുള്ള 2019 ലെ പീബോഡി പുരസ്കാരം രുക്മിണിക്കും പോഡ്കാസ്റ്റ് പ്രൊഡ്യൂസർ ആൻഡി മിൽസിനും ലഭിച്ചു. ന്യൂയോർക്ക് ടൈംസിന്റെ ആധുനികവൽക്കണത്തിന്റെ നൂതനപാതകൾ എന്നുപറഞ്ഞ് 2018ൽ വൻ പ്രചാരണവുമായാണ് 'കാലിഫേറ്റ്' പരമ്പര പ്രസിദ്ധീകരിച്ചത്. പ്രകാശന ചടങ്ങിൽ അസി. മാനേജിങ് എഡിറ്റർ സാം ഡോൽനിക് ലേഖകരുടെ ശ്രമങ്ങളെ വിപ്ലവകരമെന്ന് പുകഴ്ത്തുകയും ചെയ്തു.
എന്നാൽ, ഇത്രയും ക്രൂരനായ ഒരാൾ നാട്ടിലേക്ക് മടങ്ങിയെത്തി സുഖമായി ജീവിക്കുന്നുവെന്ന കാര്യം കാനഡയിൽ ചർച്ചയാവുകയും പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തു. പൊതുജനങ്ങൾ ഇളകിയതോടെയാണ് കാനഡ അന്വേഷണം പ്രഖ്യാപിച്ചത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ചൗധരിയുടേത് കെട്ടുകഥയാണെന്ന് കണ്ടെത്തിയത്. തുടർന്ന് കാനഡയിലെ 'ഭീകരവാദ വ്യാജസന്ദേശ' നിയമപ്രകാരം കേസെടുത്തു. അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണ് ചൗധരിക്കെതിരേ ചുമത്തിയത്. ഇതോടെയാണ് ന്യൂയോർക്ക് ടൈംസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.
തങ്ങളുടെ സ്റ്റോറിക്കും ഡെസ്കിനും അതിമാരകമായ പിഴവുകൾ സംഭവിച്ചെന്നു എക്സിക്യൂട്ടീവ് എഡിറ്റർ ഡീൻ ബാക്വേ സമ്മതിച്ചു. തുടർന്നാണ് കാലിഫേറ്റിന് ലഭിച്ച പീബോഡി ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ മടക്കിനൽകാൻ തീരുമാനിച്ചത്. അവാർഡ് തിരികെ സ്വീകരിക്കുമെന്ന് പീബോഡി സമിതിയും അറിയിച്ചു. രുക്മിണിയെ ചുമതലയിൽ നിന്നു മാറ്റിനിർത്തിയിട്ടുണ്ട്. റുമാനിയൻ വംശജയായ രുക്മിണി മരിയ കല്ലിമാചി ടൈം, അസോഷ്യേറ്റ് പ്രസ് തുടങ്ങിയ വൻ മാധ്യമസ്ഥാപനങ്ങളിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. ഇതേത്തുടർന്നാണ് 2014 ൽ ന്യൂയോർക് ടൈംസ് അവരെ ജോലിക്കെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ