- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2002 ലെ പര്യടനത്തിനിടെ ആശങ്കയായി കറാച്ചിയിലെ സ്ഫോടനം; രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള പാക് പര്യടനത്തിന് 'ഭീഷണി' അഫ്ഗാനിലെ താലിബാൻ: ആശങ്ക തുറന്നുപറഞ്ഞ് കിവീസ് താരങ്ങൾ; ഏകദിന, ട്വന്റി 20 പരമ്പരകൾ അനിശ്ചിതത്വത്തിൽ
ഹാമിൽട്ടൻ: അഫ്ഗാനിസ്ഥാൻ ഭരണകൂടത്തെ അട്ടിമറിച്ച് താലിബാൻ പിടിച്ചടക്കിയതോടെ പാക്കിസ്ഥാനിൽ പോകുന്നതിൽ ആശങ്കയറിയിച്ച് ഒരു വിഭാഗം ന്യൂസീലൻഡ് താരങ്ങൾ. ബംഗ്ലാദേശ്, പാക്കിസ്ഥാൻ പര്യടനങ്ങൾക്കായി ന്യൂസീലൻഡ് അടുത്തയാഴ്ച പുറപ്പെടാനിരിക്കെയാണ് പാക്കിസ്ഥാനിലേക്കു പോകുന്നതിൽ കിവീസ് താരങ്ങൾ ആശങ്കയറിയിച്ചത്.
പുതിയ സാഹചര്യത്തിൽ പാക്കിസ്ഥാൻ പര്യടനത്തിനു മുന്നോടിയായി ഒരു പ്രതിനിധിയെ അയച്ച് പാക്കിസ്ഥാനിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന്റെ നീക്കം.
രണ്ടു പതിറ്റാണ്ടോളം നീളുന്ന ഇടവേളയ്ക്കു ശേഷമാണ് ന്യൂസീലൻഡ് താരങ്ങൾ പാക്കിസ്ഥാനിൽ പര്യടനത്തിന് സമ്മതിച്ചത്. അവിടെ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയാണ് ന്യൂസീലൻഡ് കളിക്കേണ്ടത്. റാവൽപിണ്ടിയിലും ലഹോറിലുമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ മൂന്നു വരെയാണ് മത്സരങ്ങൾ.
ബംഗ്ലാദേശ് പര്യടനത്തിന് താരങ്ങൾ തയാറാണെങ്കിലും അഫ്ഗാനിസ്ഥാന്റെ അയൽരാജ്യമായ പാക്കിസ്ഥാനിലേക്കു പോകുന്നതിലാണ് ആശങ്ക. സെപ്റ്റംബർ ഒന്നു മുതൽ ധാക്കയിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയ്ക്കായി ടോം ലാഥത്തിന്റെ നേതൃത്വത്തിലുള്ള ന്യൂസീലൻഡ് ടീം ഓക്ലൻഡിൽനിന്ന് തിങ്കളാഴ്ചയാണ് പുറപ്പെടുന്നത്.
ബംഗ്ലാദേശ് പര്യടനത്തിനുശേഷം ടീം പാക്കിസ്ഥാനിലേക്കു പോകുമെന്നാണ് അറിയിച്ചിരുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ജേതാക്കളായശേഷം വിശ്രമത്തിലായിരുന്നു ന്യൂസീലൻഡ് താരങ്ങൾ. ട്വന്റി20 ലോകകപ്പ് മുൻനിർത്തി അവസാന വട്ട ഒരുക്കത്തിന്റെ ഭാഗമായാണ് ബംഗ്ലാദേശ്, പാക്കിസ്ഥാൻ പര്യടനങ്ങൾ.
ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) യുഎഇയിൽ പുനരാരംഭിക്കുന്ന സാഹച്യത്തിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഉൾപ്പെടെയുള്ള ഏഴു പ്രധാന താരങ്ങൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ പര്യടനങ്ങളിൽ പങ്കെടുക്കുന്നില്ല. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ പാക് താലിബാനും കൂടുതൽ ശക്തി പ്രാപിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ പാക്കിസ്ഥാനിലെ സുരക്ഷാ പ്രശ്നങ്ങൾ വീണ്ടം സജീവ ചർച്ചയാകുകയും ചെയ്തു. ഇതിനിടെയാണ് താരങ്ങളിൽ ചിലർ അവിടേക്കു പോകുന്നിൽ വിമുഖത പ്രകടിപ്പിച്ചത്.
2002ൽ ന്യൂസീലൻഡ് പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന സമയത്ത് ടീമംഗങ്ങൾ താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിനു പുറത്ത് ബോംബ് സ്ഫോടനം നടന്നിരുന്നു. തുടർന്ന് പര്യടനം വെട്ടിച്ചുരുക്കി അവർ നാട്ടിലേക്കു മടങ്ങി. 2003ൽ അഞ്ച് ഏകദിനങ്ങൾക്കായി അവർ ഇവിടെയെത്തിയെങ്കിലും അതിനുശേഷം സുരക്ഷാ കാരണങ്ങളാൽ ഇതുവരെ പാക്കിസ്ഥാനിലേക്ക് വന്നിട്ടില്ല.
സ്പോർട്സ് ഡെസ്ക്