കോവിഡിൽ വലയുന്ന ഇന്ത്യയ്ക്ക് ഒരു മില്യൻ ഡോളറിന്റെ സഹായം നൽകുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാകും ഈ തുക നൽകുക.

ഓക്‌സിജൻ അടക്കം കോവിഡ് പ്രതിരോധപ്രവർത്തനത്തിനുള്ള അവശ്യ വസ്തുക്കൾ വാങ്ങി വിതരണം ചെയ്യുന്നതിനാണ് ഈ തുകയെന്നും ജസീന്ത അറിയിച്ചു.ഇന്ത്യയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും തുടർന്നും സഹായങ്ങളുണ്ടാകുമെന്നും വിദേശകാര്യ മന്ത്രിയും അറിയിച്ചു.

ഇന്ത്യയിൽ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ ചെറിയ രാജ്യമാണ്. പക്ഷേ അത് ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും തടസമല്ലെന്നും ജസീന്ത.

ഓക്‌സിജൻ സിലിണ്ടറുകൾ, ഓക്‌സിജൻ കോൺസെട്രേറ്ററുകൾ മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ സംഘടന ഈ തുക വിനിയോഗിക്കും. ഇതിനൊപ്പം ആംബുലൻസ് ഉൾപ്പടെയുള്ള സൗകര്യങ്ങളും റെഡ്‌ക്രോസിന്റെ സഹായത്തോടെ ഇന്ത്യക്ക് നൽകും.

ഇന്ത്യയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇനിയും ഇന്ത്യക്ക് എതെങ്കിലും രീതിയിൽ പിന്തുണ ആവശ്യമുണ്ടെങ്കിൽ അത് നൽകുമെന്നും ജസീന്ത പറഞ്ഞു. നേരത്തെ യു.എസ്, ജർമ്മനി, റഷ്യ, ഫ്രാൻസ്, സൗദിഅറേബ്യ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു.