അബുദാബി: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാന് 125 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മത്സരത്തിൽ ജയിക്കാനായാൽ കിവീസിന് സെമി ഉറപ്പിക്കാം. കിവീസ് ജയിച്ചാൽ ഇന്ത്യ പുറത്താകും.

മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡ് നിലവിൽ ഒൻപത് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ്. 12 പന്തിൽ 17 റൺസ് എടുത്ത ഡാരിൽ മിച്ചലിന്റെയും 23 പന്തിൽ 28 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലിന്റെയും വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. 18 പന്തിൽ 11 റൺസുമായി നായകൻ കെയ്ൻ വില്യംസണുമാണ് ക്രീസിൽ.

നജീബുള്ള സദ്രാന്റെ (48 പന്തിൽ 73) ഇന്നിങ്സാണ് തുണയായത്. ഗുൽബാദിൻ നെയ്ബ് (15), മുഹമ്മദ് നബി (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്സ്മാന്മാർ. എട്ട് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. ട്രന്റ് ബോൾട്ട് കിവീസിനായി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

അഞ്ചാമനായി ക്രീസിലെത്തി 48 പന്തിൽ ആറ് ഫോറും മൂന്ന് സിക്സറും സഹിതം സദ്രാൻ 73 റൺസ് നേടി. ഇതോടെ ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ അഫ്ഗാനിസ്ഥാന്റെ മിന്നും റെക്കോർഡ് താരത്തിന്റെ പേരിലായി.

ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു അഫ്ഗാൻ താരത്തിന്റെ ഉയർന്ന സ്‌കോറാണ് നജീബുള്ള സദ്രാൻ കിവീസിനെതിരെ പേരിലാക്കിയത്. 2014ൽ ഹോങ്കോംഗിനെതിരെ 68 റൺസ് നേടിയ മുഹമ്മദ് ഷഹ്സാദിന്റെ പേരിലായിരുന്നു മുമ്പത്തെ റെക്കോർഡ്. മുൻ നായകനും ഈ ലോകകപ്പിനിടെ വിരമിച്ച താരവുമായ അസ്ഗർ അഫ്ഗാൻ 2016ൽ കൊൽക്കത്തയിൽ ശ്രീലങ്കയ്ക്കെതിരെ 62 റൺസ് നേടിയതാണ് മൂന്നാം സ്ഥാനത്ത്.

ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 5.1 ഓവറിൽ 19 റൺസെടുക്കുന്നതിനിടെ തന്നെ അവർക്ക് മുഹമ്മദ് ഷഹ്സാദ് (4), ഹസ്റത്തുള്ള സസായ് (2), റഹ്‌മാനുള്ള ഗുർബാസ് (6) എന്നിവരെ നഷ്ടമായി.

തുടർന്ന് ഗുൽബാദിൻ നയ്ബും നജിബുള്ള സദ്രാനും ചേർന്ന് ടീമിനെ 56 റൺസ് വരെയെത്തിച്ചു. 18 പന്തിൽ നിന്ന് 15 റൺസെടുത്ത നയ്ബിനെ പുറത്താക്കി ഇഷ് സോധി 10-ാം ഓവറിൽ ഈ കൂട്ടുകെട്ട് പൊളിച്ചു.

തുടർന്ന് ക്രീസിൽ ഒന്നിച്ച സദ്രാൻ - മുഹമ്മദ് നബി സഖ്യമാണ് അഫ്ഗാനെ 100 കടത്തിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തിൽ നിന്ന് 14 റൺസെടുത്ത നബി 18-ാം ഓവറിലാണ് പുറത്തായത്. പിന്നാലെ സദ്രാനും മടങ്ങിയതോടെ ഡെത്ത് ഓവറുകളിൽ അഫ്ഗാന് സ്‌കോർ ഉയർത്താനായില്ല. കരിം ജനാത് (2), റാഷിദ് ഖാൻ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മുജീബ് ഉർ റഹ്‌മാൻ (0) പുറത്താവാതെ നിന്നു.