- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കലാശപ്പോരിൽ ടോസിന്റെ ഭാഗ്യം ഓസ്ട്രേലിയക്ക്; ന്യൂസീലൻഡിനെ ബാറ്റിങ്ങിന് വിട്ടു; കേൺവെയ്ക്ക് പകരം ടിം സീഫെർട്ട് കിവീസ് നിരയിൽ; ട്വന്റി 20യിലെ ആദ്യ ലോക കിരീടം ലക്ഷ്യമിട്ട് ഫിഞ്ചും വില്യംസണും
ദുബായ്: ട്വന്റി 20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ന്യൂസീലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു. സെമിയിൽ പാക്കിസ്ഥാനെതിരെ ഇറങ്ങിയ പ്ലേയിങ് ഇലവനിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഓസീസ് നിര കളത്തിലിറങ്ങുന്നത്. കിവീസ് നിരയിൽ പരിക്കേറ്റ ഡെവോൺ കോൺവെയ്ക്ക് പകരം ടിം സെയ്ഫെർട്ടിനെ ഉൾപ്പെടുത്തി.
ദുബായിൽ ഇന്ത്യൻസമയം രാത്രി 7.30നാണ് കലാശപ്പോര് തുടക്കമാകുക. ട്വന്റി 20യിലെ ആദ്യ ലോക കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമും ഇറങ്ങുന്നത്. ന്യൂസിലൻഡാണ് കിരീടമുയർത്തുന്നത് എങ്കിൽ അത് ക്രിക്കറ്റിൽ പുതു ചരിത്രമാകും. ഒരു വർഷം രണ്ട് ഐസിസി കിരീടം നേടുന്ന ആദ്യ ടീം എന്ന നേട്ടത്തിന് തൊട്ടരികെയാണ് കെയ്ൻ വില്യംസണും കൂട്ടരും. ഈ വർഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫി ടീം ഇന്ത്യയെ തോൽപിച്ച് കിവികൾ ഉയർത്തിയിരുന്നു.
ട്വന്റി 20 ക്രിക്കറ്റിന്റെ എല്ലാ മനോഹാരിതയും നിറഞ്ഞ സെമി ഫൈനൽ പോരാട്ടങ്ങളിൽ തകർപ്പൻ ജയം നേടിയാണ് ഇരുടീമുകളും നേർക്കുനേർ എത്തുന്നത്. ഇംഗ്ലീഷ് സ്വപ്നങ്ങളെ തകർത്ത് ന്യൂസീലൻഡും പാക്കിസ്ഥാന്റെ അപരാജിത കുതിപ്പിന് തടയിട്ട് ഓസ്ട്രേലിയയും ഫൈനലിലേക്ക് മുന്നേറി. മാച്ച് വിന്നർമാർ നിറഞ്ഞതാണ് ഇരു ടീമുകളും. ഓസ്ട്രേലിയയും ന്യൂസീലൻഡും നേരത്തെ കിരീടം നേടിയിട്ടില്ലാത്തതിനാൽ പുതിയ ചാമ്പ്യനാവും ദുബായിൽ പിറവിയെടുക്കുക.
ഇത്തവണ ടൂർണമെന്റിൽ രണ്ടാമത് ബാറ്റ് ചെയ്തവർക്കായിരുന്നു മിക്കപ്പോഴും മേൽക്കൈ. ദുബായിലെ 12 ലോകകപ്പ് മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത് ഒരിക്കൽ മാത്രം. ആദ്യ ഇന്നിങ്സിലെ ശരാശരി സ്കോർ 127. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത അഞ്ച് കളിയിലും ഓസ്ട്രേലിയ ജയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ടോസിലെ ഭാഗ്യം ആരോൺ ഫിഞ്ചിനെ കൈവിട്ടപ്പോൾ ഓസ്ട്രേലിയ ചിത്രത്തിലേയുണ്ടായില്ല.
ന്യൂസിലൻഡ് നായകൻ ടോസ് നേടിയത് ആറ് മത്സരങ്ങളിൽ രണ്ടിൽ മാത്രം. ആദ്യം ബാറ്റ് ചെയ്ത ഏക രാത്രി മത്സരത്തിലാണ് ടൂർണമെന്റിലെ ഒരേയൊരു തോൽവി കിവികൾ ഏറ്റുവാങ്ങിയത്. ലോകകപ്പിൽ മാത്രമല്ല ഐപിഎല്ലിലും രണ്ടാമത് ബാറ്റ് ചെയ്തവർക്കായിരുന്നു ദുബായിൽ നേട്ടം. ടോസിലെ ഭാഗ്യം ഓസിസിനെ തുണച്ചത് കിവീസ് ആരാധകരിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
ഏകദിനത്തിൽ അഞ്ച് ലോകകിരീടം നേടിയിട്ടുള്ള ഓസ്ട്രേലിയക്ക് ട്വന്റി 20-യിൽ അത് സാധ്യമാവാത്തത് അദ്ഭുതമാണ്. ഓസീസ് ഇപ്പോൾ പ്രതാപകാലത്തിലൂടെയല്ല കടന്നുപോകുന്നത്. നഷ്ടപ്രതാപം വീണ്ടെടുക്കാൻ ആരോൺ ഫിഞ്ചിനും സംഘത്തിനും സുവർണാവസരമാണ് കൺമുന്നിൽ. അതേസമയം, ന്യൂസീലൻഡ് ലോകക്രിക്കറ്റിലെ വൻശക്തിയായി വളരുകയാണ്. 2019 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ നിർഭാഗ്യംകൊണ്ടാണ് അവർ തോറ്റുപോയത്.
സൂപ്പർ ഓവറും ടൈ ആയപ്പോൾ ബൗണ്ടറികളുടെ എണ്ണത്തിൽ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായി. അതേ, ഇംഗ്ലണ്ടിനെയാണ് കിവീസ് ഇക്കുറി സെമിയിൽ കടപുഴക്കിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ അധീശത്വം അവസാനിപ്പിച്ചാണ് ന്യൂസീലൻഡ് കിരീടം നേടിയത്. ഒറ്റ വർഷത്തിൽതന്നെ രണ്ട് ലോകകിരീടങ്ങൾ - കെയ്ൻ വില്യംസണിനെയും സംഘത്തെയും അത് മോഹിപ്പിക്കുന്നു.
2015 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച് ഓസ്ട്രേലിയ ചാമ്പ്യന്മാരായിരുന്നു. അതിനുശേഷം ഓസ്ട്രേലിയക്ക് ലോകകിരീടങ്ങളൊന്നും നേടാനായിട്ടില്ല. അന്നത്തെ തോൽവിക്ക് കിവീസിന് പക്ഷേ, ഒരു കണക്കുതീർക്കാനുണ്ട്.
ഈ മത്സരത്തിൽ 30 റൺസ് നേടാനായാൽ ഓസീസ് താരം ഡേവിഡ് വാർണർക്ക് ഒരു ഓസ്ട്രേലിയൻ റെക്കോഡ് സ്വന്തമാക്കാം. ഈ ലോകകപ്പിൽ ആറു മത്സരങ്ങളിൽ നിന്ന് 59.50 ശരാശരിയിൽ 236 റൺസ് വാർണർ സ്വന്തമാക്കിയിട്ടുണ്ട്. ഫൈനലിൽ 30 റൺസ് കൂടി നേടാനായാൽ ട്വന്റി 20 ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററെന്ന നേട്ടം വാർണർക്ക് സ്വന്തമാക്കാം.
2007-ലെ ട്വന്റി 20 ലോകകപ്പിന്റെ പ്രഥമ പതിപ്പിൽ ആറ് ഇന്നിങ്സുകളിൽ നിന്ന് 265 റൺസ് നേടിയ മാത്യു ഹെയ്ഡന്റെ പേരിലാണ് നിലവിൽ ഈ റെക്കോഡ്. 2012 ലോകകപ്പിൽ 249 റൺസ് നേടിയ ഷെയ്ൻ വാട്ട്സൺ രണ്ടാമതുണ്ട്.
സ്പോർട്സ് ഡെസ്ക്