- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പിൽ കിവീസിനെ എറിഞ്ഞിട്ട് ഹാരിസ് റൗഫ്; 22 റൺസിന് നാല് വിക്കറ്റ്; പാക്കിസ്ഥാന് 135 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച സൗത്തിയും സോധിയും; മൂന്ന് വിക്കറ്റ് നഷ്ടമായി; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്
ഷാർജ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ പാക്കിസ്ഥാന് 135 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. 27 റൺസെടുത്ത ഓപ്പണർ ഡാരിൽ മിച്ചലും ഡേവോൺ കോൺവെയുമാണ് കിവീസിന്റെ ടോപ് സ്കോറർമാർ. 22 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ഹാരിസ് റൗഫാണ് ന്യൂസിലൻഡിനെ എറിഞ്ഞിട്ടത്
മറുപടി ബാറ്റിങ് തുടരുന്ന പാക്കിസ്ഥാന് 63 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. മുഹമ്മദ് റിസ്വാനും ഷോയിബ് മാലിക്കുമാണ് ക്രീസിൽ
ഇന്ത്യയുടെ മുൻനിര തകർത്തെറിഞ്ഞ ഷാഹിൻ അഫ്രീദിക്കെതിരെ കരുതലോടെയാണ് കിവീസ് തുടങ്ങിയത്. അഫ്രീദിയുടെ ആദ്യ ഓവർ മെയ്ഡിനായി. മാർട്ടിൻ ഗപ്റ്റിലും ഡാരിൽ മിച്ചലും ചേർന്ന് ആദ്യ വിക്കറ്റിൽ ഇരുവരും 36 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ ആറാം ഓവറിലെ രണ്ടാം പന്തിൽ ഗപ്റ്റിലിനെ ക്ലീൻ ബൗൾഡാക്കി ഹാരിസ് റഹൂഫ് ന്യൂസീലൻഡിന്റെ ആദ്യ വിക്കറ്റെടുത്തു. ഗപ്റ്റിലിന്റെ കാലിൽ തട്ടിയ പന്ത് വിക്കറ്റിൽ പതിക്കുകയായിരുന്നു. 20 പന്തുകളിൽ നിന്ന് 17 റൺസെടുത്താണ് താരം ക്രീസ് വിട്ടത്. ഗപ്റ്റിലിന് പകരം നായകൻ കെയ്ൻ വില്യംസൺ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ ന്യൂസീലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 42 റൺസെടുത്തു.
8.1 ഓവറിൽ ടീം സ്കോർ 50 കടന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ ഡാരിൽ മിച്ചലിനെ പുറത്താക്കി ഇമാദ് വസീം ന്യൂസീലൻഡിന്റെ രണ്ടാം വിക്കറ്റെടുത്തു. 20 പന്തുകളിൽ നിന്ന് 27 റൺസെടുത്ത താരം ഫഖർ സമാന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
പിന്നാലെ വന്ന ജിമ്മി നീഷാം അതിവേഗത്തിൽ മടങ്ങി. ഒരു റൺസ് മാത്രമെടുത്ത നീഷാമിനെ മുഹമ്മദ് ഹഫീസ് ഫഖർ സമാന്റെ കൈയിലെത്തിച്ചു. ഇതോടെ ന്യൂസീലൻഡ് 9.1 ഓവറിൽ 56 റൺസിന് മൂന്ന് വിക്കറ്റ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി. സ്കോറിങ്ങിന് വേഗം കൂട്ടാൻ കിവീസിന് സാധിച്ചില്ല. ആദ്യ പത്തോവറിൽ വെറും 60 റൺസ് മാത്രമാണ് ടീമിന് നേടാനായത്.
എന്നാൽ നീഷാമിന് പകരം ഡെവോൺ കോൺവേ എത്തിയതോടെ ന്യൂസീലൻഡ് ഇന്നിങ്സിന് വേഗം കൈവന്നു. പിന്നീടുള്ള മൂന്നോവറിൽ 30 റൺസ് പിറന്നതോടെ കിവീസ് 13 ഓവറിൽ 90 റൺസ് നേടി. എന്നാൽ 14-ാം ഓവറിലെ ആദ്യ പന്തിൽ കെയ്ൻ വില്യംസൺ റൺ ഔട്ടായി. 25 റൺസെടുത്ത കിവീസ് നായകനെ ഹസ്സൻ അലി റൺ ഔട്ടാക്കി. ഇതോടെ വീണ്ടും ന്യൂസീലൻഡ് പ്രതിരോധത്തിലായി.
വില്യംസണ് പകരം ഗ്ലെൻ ഫിലിപ്സാണ് ക്രീസിലെത്തിയത്. 14.5 ഓവറിൽ ടീം സ്കോർ 100 കടന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ പാക്കിസ്ഥാൻ ന്യസീലൻഡിനെ വലിയ സ്കോറിലേക്ക് കടക്കാൻ അനുവദിച്ചില്ല.
18-ാം ഓവറിലെ ആദ്യ പന്തിൽ കോൺവെയെയും മൂന്നാം പന്തിൽ ഫിലിപ്സിനെയും മടക്കി ഹാരിസ് റഹൂഫ് ന്യൂസീലൻഡിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. 27 റൺസെടുത്ത കോൺവേ ബാബർ അസമിനും 13 റൺസ് നേടിയ ഫിലിപ്സ് ഹസ്സൻ അലിക്കും ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതോടെ കിവീസ് 116 ന് ആറ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി. പിന്നീട് ക്രീസിലൊന്നിച്ച മിച്ചൽ സാന്റ്നറും ഇഷ് സോധിയും ചേർന്ന് ടീം സ്കോർ 134-ൽ എത്തിച്ചു. അവസാന പന്തിൽ ആറുറൺസെടുത്ത സാന്റ്നറെ റഹൂഫ് ക്ലീൻ ബൗൾഡാക്കി.
പാക്കിസ്ഥാന് വേണ്ടി ഹാരിസ് റഹൂഫ് നാലോവറിൽ വെറും 22 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റ് വീഴ്ത്തി. ഷഹീൻ അഫ്രീദി, ഇമാദ് വസീം, മുഹമ്മദ് ഹഫീസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സ്പോർട്സ് ഡെസ്ക്