ഡാളസ്: മൂന്നു പേർക്ക് സിക്ക വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് ഡാളസ് കൗണ്ടിയിൽ സിക്ക വൈറസ് പരിശോധന ആരംഭിച്ചു. പ്രത്യേകം തയാറാക്കിയ  ലബോറട്ടറിയിലാണ് വൈറസ് പരിശോധന ആരംഭിച്ചത്. 24 മണിക്കൂറിനകം പരിശോധനാ ഫലം അറിയുന്ന തരത്തിലാണ് ഇവിടെ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതെന്ന് ഡിസിഎച്ച്എസ് ഡയറക്ടർ സാക്ക് തോംപ്‌സൺ വ്യക്തമാക്കി.

സാധാരണയായി പരിശോധനയ്ക്കുള്ള സാമ്പിളുകൾ സെന്റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയ്ക്കുകയാണെങ്കിൽ പരിശോധന ഫലത്തിനായി മൂന്നും നാലും ആഴ്ചകൾ കാത്തിരിക്കേണ്ടി വരുന്നത് ഈ ലാബുകൾ എത്തിയതോടു കൂടി ഒഴിവാക്കാൻ സാധിച്ചുവെന്നും സാക്ക് പറയുന്നു.

2014-ൽ എബോള വൈറസ് പടർന്ന സമയത്ത് വാങ്ങിയ ലാബ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഡാളസ് കൗണ്ടി ഹെൽത്ത് അധികൃതർ ഇപ്പോൾ സിക്ക വൈറസ് പരിശോധന നടത്തുന്നത്. അതേസമയം ഡോക്ടർമാർ, മെഡിക്കൽ പ്രൊഫഷണലുകൾ തുടങ്ങിയവർ മുഖേന അയയ്ക്കുന്ന രക്തസാമ്പിളുകൾ മാത്രമേ ഇവിടെ പരിശോധിക്കുകയുള്ളൂ. രോഗികൾക്ക് നേരിട്ട് കൗണ്ടി ഓഫീസുകളിൽ പോയി പരിശോധന നടത്താൻ സാധിക്കുകയില്ല.

പരിശോധനാ ഫലം പെട്ടെന്നു തന്നെ ലഭ്യമാകുന്നത് ഗർഭിണികൾക്ക് ഏറെ ഉപാകരപ്രദമാണ്. സിക്ക വൈറസ് പടർന്ന രാജ്യങ്ങളിലേക്ക് അടുത്ത കാലത്ത് യാത്ര ചെയ്തിട്ടുള്ളവർ, ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കാട്ടുകയാണെങ്കിൽ ഉടൻ തന്നെ പരിശോധനയ്ക്കു വിധേയമാകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. പനി, ശരീരത്ത് ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുക, കണ്ണു ചുവക്കുക, സന്ധികളിൽ വേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഏതാണ്ട് ഒരാഴ്ചത്തേക്ക് ഈ ലക്ഷണങ്ങൾ നീണ്ടുനിൽക്കും. പൊതുവേ കൊതുകു പരത്തുന്ന അസുഖമാണെങ്കിലും ലൈംഗിക ബന്ധത്തിലൂടെ ഡാളസിൽ  ഒരാൾ രോഗം പടർന്നതായി റിപ്പോർട്ടുണ്ട്.