- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പതിനേഴുകാരിയെ പീഡനത്തിന് ഇരയാക്കിയത് സുഹൃത്തായ യുവാവെന്ന് പ്രാഥമിക വിവരം; പോക്സോ കേസിൽ അറസ്റ്റ് ഇന്നുണ്ടായേക്കും; പെൺകുട്ടിക്കും മാതാവിനുമെതിരെ കേസെടുക്കും
കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പതിനേഴുകാരിയുടെ പ്രാഥമിക മൊഴിയിൽ പീഡനം നടത്തിയ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. ബുധനാഴ്ച തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്നവിവരം. എറണാകുളം എ.സി.പി യുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
പ്രസവത്തിന് ശേഷമുള്ള ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ സൗത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഐയുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ സുഹൃത്താണ് യുവാവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പെൺകുട്ടിയുടെ മാതാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന് ഇവർക്ക് അറിയാമായിരുന്നു. അതിനാൽ കൊലപാതകത്തിന് പെൺകുട്ടിക്കും മാതാവിനെതിരെയും കേസെടുക്കുമെന്നാണ് സൂചന.
ബുധനാഴ്ച രാവിലെയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ താഴത്തെ നിലയിലുള്ള പൊതു ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ശുചിമുറിയിൽ നിന്നും പെൺകുട്ടി ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയരുന്നു. തുടർന്ന് പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് പ്രസവിച്ച വിവരം അറിയുന്നത്. ഇതോടെ അടിയന്തിരമായി പ്രസവാനന്തര ശുശ്രൂഷകൾ നൽകുകയായിരുന്നു.
പതിനേഴുകാരിയായ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ അഡ്‌മിറ്റ് ആയത്. എന്നാൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്നുള്ള കാര്യം ആശുപത്രി അധികൃതർക്ക് അറിവില്ലായിരുന്നു എന്നാണ് വിവരം. പ്രസവിച്ച വിവരവും മറ്റും ശുചീകരണ തൊഴിലാളികൾ ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ മാത്രമാണ് അറിഞ്ഞതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച കുട്ടി ചികിത്സയ്ക്കായി ഇവിടെ എത്തി എന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്ത് വരുന്നുണ്ട്. പൊലീസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നില്ല. നേരത്തെ ഇവിടെ ചികിത്സയ്ക്ക് എത്തിയിട്ടുണ്ടെങ്കിൽ, പ്രസവ ചികിത്സ നൽകിയിട്ടുണ്ടെങ്കിൽ ആശുപത്രിക്കെതിരെ കേസെടുക്കേണ്ടി വരും.
കുമ്പളങ്ങി സ്വദേശിനിയായ പെൺകുട്ടി അമ്മയോടൊപ്പം സ്‌കാനിങിന് വേണ്ടിയാണ് ആശുപത്രിയിലേക്ക് എത്തിയത് എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വയറു വേദനയ്ക്ക് വേണ്ടിയാണ് ചികിത്സതേടിയതെന്നും പറയുന്നു. ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെയാണ് പെൺകുട്ടി പ്രസവിച്ചത്. പെൺകുട്ടിയുടെ അമ്മയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്. പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.