- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; 18 കാരിയുടെ മൃതദേഹം കണ്ടത് കട്ടിലിൽ; കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട നിലയിൽ; മരണം സംഭവിച്ചത് വിവാഹം കഴിഞ്ഞ് പത്താം നാൾ; ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും
കോഴിക്കോട്: ബാലുശ്ശേരി ഇയ്യാട് ഭർതൃവീട്ടിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഉണ്ണികുളംനീറ്റോറ ചാലിൽ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയെയാണ് (18) ദുരൂഹ സാഹചര്യത്തിൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ ലക്ഷ്മിക്ക് അനക്കമില്ലെന്നു രാവിലെ ഭർത്താവ് ജിനു വീട്ടുകാരോട് പറയുകയായിരുന്നു. അവർ ചെന്നു നോക്കിയപ്പോൾ തേജ ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലാണു കണ്ടത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. തേജാലക്ഷ്മി അനങ്ങുന്നില്ലെന്ന വിവരം ശനിയാഴ്ച രാവിലെ ജിനു കൃഷ്ണ പറഞ്ഞപ്പോഴാണ് വീട്ടിലെ മറ്റുള്ളവർ അറിയുന്നത്. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയ നിലയിൽ കാണപ്പെട്ടിട്ടുണ്ടെന്ന് പൊലീസും പറഞ്ഞു.
ഫെബ്രുവരി ഒൻപതാം തീയതിയാണ് ജിനു കൃഷ്ണയും തേജാലക്ഷ്മിയും ആര്യസമാജത്തിൽ വെച്ച് വിവാഹം ചെയ്തത്. ഒൻപതാം തീയതി രാവിലെ അഞ്ചര മണിയോടെ തേജാ ലക്ഷ്മിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വൈകുന്നേരം നാലരയോടെ ഇരുവരും സ്റ്റേഷനിൽ ഹാജരായിരുന്നതായും പിന്നീട് വരന്റെ ഇയ്യാട്ടുള്ള വീട്ടിലേക്ക് പോയതായും തേജാ ലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു. വട്ടോളിയിലെ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന തേജാ ലക്ഷ്മിയുടെ സർട്ടിഫിക്കറ്റുകൾ അവിടെനിന്നും സൂത്രത്തിൽ വാങ്ങിയാണ് വിവാഹ രജിസ്ട്രേഷന് വേണ്ടി ജിനു കൃഷ്ണ ഹാജരാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
ബാലുശ്ശേരി പൊലീസ്, വിരലടയാള വിദഗ്ദ്ധർ, താമശ്ശേരി ഡപ്യൂട്ടി തഹസിൽദാർ എന്നിവർ സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു.
തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് കോഴ്‌സിനു ചേർന്നിരുന്നു. മാനിപുരം കാവിൽ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്.
സഹോദരങ്ങൾ: അക്ഷയ, വിശാൽ ( ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി).
മറുനാടന് മലയാളി ബ്യൂറോ