മധുര: മധുര മെഡിക്കൽ കോളേജിലെ യുവഡോക്ടറുടെ മരണത്തിൽ പൊലീസ് കേസെടുത്തു. മധുര മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യ വിഭാഗം പി.ജി. വിദ്യാർത്ഥിയായ ഡോ. ഹരി ഹരിണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഹരിണിയുടെ പിതാവ് രവീന്ദ്രൻ പരാതി നൽകിയതോടെയാണ് പൊലീസിന്റെ നടപടി. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആവണിയാപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

പിജി മെഡിക്കൽ വിദ്യാർത്ഥിനിയായ ഹരി ഹരിണിയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചതിന് പിന്നാലെ ഛർദ്ദിയും ബോധക്ഷയവും അനുഭവപ്പെട്ട യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധുരൈ മെഡിക്കൽ കോളജിൽ അനസ്‌ത്യേഷ വിഭാഗത്തിൽ പിജി പഠനം നടത്തുന്നതിനിടെയാണ് ഹരി ഹരിണി മരിച്ചത്. കഴിഞ്ഞവർഷം നവംബറിൽ ഡോക്ടറായ അശോക് വിഗ്നേഷുമായാണ് ഹരി ഹരിണിയുടെ വിവാഹം നടന്നത്. ഹരി ഹരിണി പഠിക്കുന്ന മെഡിക്കൽ കോളജിലെ തന്നെ പിജി വിദ്യാർത്ഥിയാണ് അശോക് വിഗ്നേഷ്.

മാർച്ച് അഞ്ചിന് പനിയും ശരീരവേദനയും അനുഭവപ്പെടുന്നു എന്ന് യുവതി പരാതിപ്പെട്ടു. വിഗ്നേഷ് വീട്ടിൽ യുവതിയെ ചികിത്സിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചു. ഉടൻ തന്നെ ഛർദ്ദിയും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളുടെ സഹായത്തോടെ, തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. ഇവിടെ വച്ച് ബോധം നഷ്ടപ്പെട്ട യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് ശനിയാഴ്ചയാണ് യുവതി മരിച്ചതെന്ന് പൊലീസ് പറയുന്നു.