വിവാഹം കഴിഞ്ഞാലുടൻ ​​ഹണിമൂണും വിരുന്നും എല്ലാമായി ആഘോഷത്തിമിർപ്പിലാകും നവദമ്പതികൾ. അതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതും ഇപ്പോൾ സാധാരണയാണ്. എന്നാൽ വിവാഹ ശേഷം വ്യത്യസ്തമായ രീതിയിൽ ചില കാര്യങ്ങൾ ചെയ്ത് മാതൃകയായിരിക്കുകയാണ് അനുദീപ് ഹെഗ്‌ഡെയും ഭാര്യ മിനുഷ കാഞ്ചയും. കർണാടകയിലെ ബൈന്ദൂരിലെ സോമേശ്വര ബീച്ച് ഇരുവരും ചേർന്ന് വൃത്തിയാക്കുകയായിരുന്നു.

കർണാടകയിലെ ബൈന്ദൂരിലെ സോമേശ്വര ബീച്ചാണ് ഇരുവരും ചേർന്ന് വൃത്തിയാക്കിയത്. കല്യാണത്തിന് മുൻപ് ഇരുവരും ഇവിടെ സ്ഥിരം സന്ദർശകരായിരുന്നു. കല്യാണത്തിന് ശേഷം ഹണിമൂണിന് ദൂരെദിക്കിൽ പോകുന്നതിന് പകരം സ്ഥിരം പോകുന്ന സോമേശ്വര ബീച്ച് വൃത്തിയാക്കാൻ അനുദീപ് ഹെഗ്‌ഡെയും മിനുഷ കാഞ്ചയും തീരുമാനിക്കുകയായിരുന്നു.

നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടാഴ്ച കൊണ്ടാണ് ബീച്ച് വൃത്തിയാക്കിയത്. പ്ലാസ്റ്റ്ിക് ഉൾപ്പെടെ 800 കിലോ മാലിന്യമാണ് ഇരുവരും ചേർന്ന് ബീച്ചിൽ നിന്ന് നീക്കി തീരം മനോഹരമാക്കിയത്. ബീച്ചിലെ 40 ശതമാനം മാലിന്യവും നീക്കം ചെയ്യാൻ സാധിച്ചു. സന്നദ്ധപ്രവർത്തകർ അടക്കം നിരവധിപ്പേർ സഹായിച്ചതായും ഇരുവരും പറയുന്നു.