ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ജസ്റ്റിൻ ട്രൂഡോ ഇനി ഒന്നല്ല പലവട്ടം ആലോചിക്കും. കാരണം, നാലുദിവസത്തെ ഇന്ത്യാ സന്ദർശനം അദ്ദേഹത്തിനും കുടുംബത്തിന് നല്ല ഓർമകളല്ല സമ്മാനിച്ചത്.

കേന്ദ്ര സർക്കാർ കാര്യമായ സ്വീകരണം നൽകിയില്ലെന്ന വിമർശനം അന്താരാഷ്ട്ര തലത്തിൽത്തന്നെ വാർത്തയായി. ഇപ്പോഴിതാ, നാലുദിവസവും അദ്ദേഹം ധരിച്ച ഇന്ത്യൻ വസ്ത്രങ്ങളെ കളിയാക്കിക്കൊണ്ട് സോഷ്യൽ മീഡിയയും രംഗത്തെത്തി. ഇത്തരം വ്യാജ വസ്ത്രധാരണം കൊണ്ടൊന്നും ഇന്ത്യയുടെ പ്രീതി സമ്പാദിക്കാനാവില്ലെന്ന വിമർശനവുമായി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

താജ്മഹൽ സന്ദർശിക്കുമ്പോഴും ഗുജറാത്തിലെ സബർമതി ആ്ശ്രമത്തിലെത്തിയപ്പോഴും ട്രൂഡോയും കുടുംബവും ഇന്ത്യൻ വസ്ത്രമണിഞ്ഞത് എല്ലാവരും ആസ്വദിച്ചു. എന്നാൽ, എല്ലാദിവസവും സമാനമായ രീതിയിൽ ചേരാത്ത ഇന്ത്യൻ വസ്ത്രമണിഞ്ഞ കനേഡിയൻ കുടുംബം ഇന്ത്യക്കാരുടെ ക്ഷമപരീക്ഷിക്കുകയായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. കഴിഞ്ഞദിവസം നടന്ന ബോളിവുഡ് താരങ്ങളുമായുള്ള കൂടിക്കാഴ്ചയിലും ഷെർവാണിയും മറ്റുമണിഞ്ഞ് ട്രൂഡോയും കുടുംബവുമെത്തിയതാണ് പരിഹാസം അതിന്റെ പാരമ്യത്തിലെത്തിച്ചത്.

ഇന്ത്യക്കാർ, പ്രത്യേകിച്ച് ബോളിവുഡ് നടന്മാർ പോലും ഇങ്ങനെ എല്ലാദിവസവും ആഡംബരപൂർണമായ ഇന്ത്യൻ പരമ്പരാഗത വസ്ത്രം ധരിക്കാറില്ലെന്ന ഓർമപ്പെടുത്തലാണ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നടത്തിയത്. ട്രൂഡോയുടെയും കുടുംബത്തിന്റെയും നാലുദിവസത്തെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്രൂഡോയുടെയും കുടുംബത്തിന്റെയും ഫാൻസി ഡ്രസ് ഷോയെന്നാണ് എഴുത്തുകാരി ഭാവന അറോറ ഇതിനെ വിമർശിച്ചത്.

വരൻ വിവാഹത്തിന് എത്തുന്നതുപോലെ ജസ്റ്റിൻ ട്രൂഡോയെ ആരാണ് ബോളിവുഡ് ചടങ്ങിന് അണിയിച്ചൊരുക്കിയതെന്ന് എഴുത്തുകാരൻ ഷുനാലി ഖുല്ലാർ ഷ്രോഫ് ചോദിക്കുന്നു. ഒരു കുതിരയുടെയും വിവാഹപ്പാർട്ടിയുടെയും കുറവേയുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. പ്രച്ഛന്നവേഷമണിഞ്ഞ് ഒരാഴ്ച നീണ്ട തിരഞ്ഞെടുപ്പ് പര്യടനമാണ് ജസ്റ്റിൻ ട്രൂഡോ നടത്തിയതെന്ന് പത്രപ്രവർത്തനകനായ ശേഖർ ഗുപ്ത.

വിമർശനങ്ങളും പരിഹാസങ്ങളും മടുത്തിട്ടാവണം, വ്യാഴാഴ്ച ജുമാ മസ്ജിദ് സന്ദർശിക്കാനെത്തിയ ട്രൂഡോ തനിക്ക് ചേർന്ന കോട്ടും സ്യൂട്ടുമാക്കി വേണം. എന്നാൽ, ഭാര്യ സോഫി സൽവാറണിഞ്ഞാണ് എത്തിയത്. ഇന്ത്യൻ സംസ്‌കാരവുമായുള്ള ട്രൂഡോയുടെ ബന്ധത്തെയാണ് അദ്ദേഹത്തിന്റെ വസ്ത്രധാരണം സൂചിപ്പിക്കുന്നതെന്ന് ആദ്യദിനങ്ങളിൽ പുകഴ്‌ത്തിയ ഇന്ത്യൻ മാധ്യമങ്ങൾ, നാലാം നാളെത്തിയപ്പോൾ അതിനെതിരേ പരിഹാസവുമായി രംഗത്തുവന്നതാകണം ട്രൂഡോയുടെ മനംമാറ്റത്തിന് കാരണമെന്ന് കരുതുന്നു.

ഖാലിസ്താൻ വാദികളെപ്പോലുള്ള സിഖ് വിമത വിഭാഗങ്ങൾക്ക് മുൻകാലങ്ങളിൽ പിന്തുണ നൽകിയിട്ടുള്ള ട്രൂഡോയെ ഇന്ത്യ സന്ദർശനത്തിനിടെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും കണ്ടില്ലെന്ന് നടിച്ചത് അന്താരാഷ്ട്ര തലത്തിൽ ചർച്ചാവിഷയമായി മാറിയിരുന്നു. കേന്ദ്ര മന്ത്രിസഭയിലെ ജൂനിയർ മന്ത്രിയാണ് അദ്ദേഹത്തെ ശനിയാഴ്ച വിമാനത്താവളത്തിൽ സ്വീകരിച്ചത്. വേണ്ടത്ര ഔദ്യോഗിക പരിപാടികളില്ലാതെയാണ് ട്രൂഡോയും സംഘവും ഇന്ത്യയിലെത്തിയതെന്ന വിമർശനം കാനഡയിലും ഉയരുന്നുണ്ട്.