കൊച്ചി: കുറച്ച് നാളായി തൃപ്പൂണിത്തുറ പൊലീസിനെ വട്ടം കറക്കിയ കേസ് ആയിരുന്നു കോൺക്രിറ്റ് ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം. അസ്ഥികളും തലയോട്ടിയും മാത്രമായിരുന്നു ഈ ശരീരത്തിന്റേതായി ബാക്കി ഉണ്ടായിരുന്നത്. ഒരു വർഷത്തിലേറെ പഴക്കമുള്ള ഈ മൃതദേഹം ഒരു സ്ത്രീയുടെതാണെന്ന് മനസ്സിലാക്കാൻ ആയെങ്കിലും അതാരാണെന്ന് മനസ്സിലാക്കുക അത്ര നിസ്സാരമായിരുന്നില്ല. ഇത് പൊലീസിനെ ശരിക്കും കുഴച്ചെങ്കിലും ഏത് ബുദ്ധിമാനും അവശേഷിപ്പിക്കുന്ന ആ തെളിവിന്റെ പിന്നാലെ ആയിരുന്നു പൊലീസ്. അങ്ങനെയാണ് ഇവരുടെ കണങ്കാലിൽ നിന്നും കിട്ടിയ സ്‌ക്രൂ സത്യം പറഞ്ഞത്.

ഒടുവിൽ തൃപ്പുണിത്തുറ സ്വദേശിനി ശകുന്തളയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃപ്പുണിത്തുറ കുമ്പളം കായലിനോട് ചേർന്ന് കഴിഞ്ഞ ജനുവരി 7നാണ് കൊല ചെയ്യപ്പെട്ട മൃതദേഹം പ്ലാസ്റ്റിക്ക് വീപ്പയിൽ കോൺക്രിറ്റ് ചെയ്ത നിലയിൽ കണ്ടത്. ഉദയംപേരൂർ മാങ്കായി കവല തേരേയ്ക്കൽ കടവിൽ തേരേയ്ക്കൽ വീട്ടിൽ ദാമോദരന്റെ ഭാര്യ കെ.എസ് ശകുന്തള (54) ആണെന്ന് ഉറപ്പായത്. മകൾ അശ്വതിയുടെ ഡി.എൻ.എ ഫലം കിട്ടിയതോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

ശകുന്തളയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ തട്ടിയെടുക്കാനാവാം കൊന്നതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. എന്നാൽ സംഭവം ദുരൂഹമായി തുടരുകയാണ്. ആരാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. ഉദയംപേരൂർ വലിയകുളത്തിന് സമീപം പരേതയായ സരസയുടെ വളർത്ത് മകളായിരുന്നു ശകുന്തള. ദാമോദരനെന്നയാളെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ വളർത്തമ്മയുമായി അകന്നു. എന്നാൽ ഭർത്താവുമായുള്ള ബന്ധം അധികം നീണ്ടുനിന്നില്ല. തുടർന്ന് മകനും മകളുമൊത്ത് വാടക വീടുകളിൽ മാറി മാറി താമസിച്ചു വന്നിരുന്നു.

ഇതിനിടയിൽ മകൻ പ്രമോദ് ബൈക്ക് അപകടത്തിൽ പെടുകയും കിടപ്പിലായതോടെ ഇയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതോടെ മകൾക്കൊപ്പം താമസമാക്കി ശകുന്ദള മകളുമായി തെറ്റിപിരിഞ്ഞ് താമസം ഒറ്റയ്ക്കാക്കി. ഇതിനിടയിലാണ് ഇവർക്ക് വാഹനാപകടം ഉണ്ടാകുന്നത്. അമ്മയ്ക്കും മകനും വാഹനാപകടത്തെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇൻഷുറൻസ് കിട്ടിയിരുന്നു. ഈ പണമെല്ലാം ശകുന്ദളയുടെ കൈവശമായിരുന്നു. അതിനിടെ പെരുമ്പാവൂരിൽ ഇവർക്കുണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലം വിറ്റ തുകയും ഇവരുടെ കൈവശം ഉണ്ടായിരുന്നു. ഇത് അറിയാവുന്ന ആരോ ഇവരെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.

വീപ്പ കണ്ടെത്തിയതിന് പിറ്റേന്ന് ശകുന്തളയുടെയും മകൾ അശ്വതിയുടെയും സുഹൃത്തായിരുന്ന എരൂർ സ്വദേശിയുടെ മരണവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന സംശയവും ബലപ്പെടുന്നു. ഒന്നര വർഷം മുൻപ് ശകുന്തള ഇയാളുടെ കാറിൽ കയറി പോയിട്ടുണ്ടെന്ന് മകൾ പൊലീസിന് മൊഴി നൽകിയതായി അറിയുന്നു. ശകുന്തളയുടെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

ജനുവരി ഏഴിന് കുമ്പളം കായലിനോട് ചേർന്ന ഒഴിഞ്ഞ പറമ്പിൽ വീപ്പയിൽ കോൺക്രീറ്റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഒരു വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്റെ തലയോട്ടിയും അസ്ഥികളും മാത്രമേ അവശേഷിച്ചിരുന്നുള്ളു. കണങ്കാലിലെ അസ്ഥിയിൽ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിച്ച പിരിയാണിയുടെ ബാച്ച് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കെ.എസ് ശകുന്തളയിലേക്ക് എത്തിച്ചേർന്നത്. 2 വർഷം മുൻപ് സ്‌കൂട്ടർ അപകടത്തിൽ ശകുന്തളയ്ക്ക് കാലിന് പരിക്കേറ്റിരുന്നു. തുടർന്ന് തൃപ്പൂണിത്തുറ വിജയകുമാരമേനോൻ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സമാനമായ സ്‌ക്രൂ ഇവരിൽ ഘടിപ്പിച്ചത്.

തലകീഴായി കാലുകൾ പുറകിലേക്ക് കെട്ടി, കൈകൾ മടക്കി വീപ്പയിൽ കയറ്റിയ ശേഷം കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.