മണ്ണാർക്കാട്: കുടുംബം പുലർത്താനായാണ് ഛത്തീസ്‌ഗഡിൽ നിന്നും മൂന്ന് യുവാക്കൾ പാലക്കാട്ടെ മണ്ണാർക്കാട്ട് എത്തിയത്. നമ്മൾ ഗൾഫിലേക്ക് പോകും പോലെ വളരെ ഏറെ പ്രതീക്ഷയോടെ യായിരുന്നു  അവരും ജോലിക്കായി ഇവിടെ എത്തിയത്. രാപകലില്ലാത്ത ജോലിക്ക് ഇടയിൽ മൈതാനത്ത് കിടന്ന് ഉറങ്ങിയ ഇവരുടെ മുകളിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി. രണ്ടു പേർ തൽക്ഷണം മരിച്ചു.

രാജേഷ് കുമാർ, സുരേഷ് കുമാർ, ബലിറാം എന്നിവരായിരുന്നു അർദ്ധരാത്രി വരെ പണി ചെയ്ത ശേഷം മൈതാനത്ത് കിടന്നുറങ്ങിയത്. എന്നാൽ ആ ഉറക്കത്തിൽ നിന്നും സുരേഷും, ബലിറാമും പിന്നെ എഴുന്നേറ്റില്ല. ബസ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് അതിക്രൂരമായാണ് ഇവർ കൊല്ലപ്പെട്ടത്. സെന്റ് സേവ്യർ എന്ന ബസാണ് ഇവർക്ക് മുകളിലൂടെ കയറി ഇറങ്ങിയത്. ഞായറാഴ്ച രാവിലെ ആറുമണിയോടെയണ് സംഭവം നടന്നത്. 

കുഴൽ കിണർ നിർമ്മാണം ആയിരുന്നു അപകടത്തിൽപ്പെട്ട മൂന്ന് പേരുടെയും ജോലി. ഇന്നലെയും പതിവു പോലെ പണിക്ക് പോയ ഇവർ ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ രാത്രി പന്ത്രണ്ട് മണിയായി. രാവിലെ ആറിന് വീണ്ടും പണിക്കിറങ്ങണം. അതുകൊണ്ട് റൂമിലേക്ക് പോയില്ല. അവരുടെ വാഹനം നിർത്തിയിട്ട മൈതാനത്ത് തന്നെ കിടന്നുറങ്ങി.

പൊരിവെയിലത്ത് പണിയെടുത്ത് ക്ഷീണിച്ച അവർ എല്ലാം മറന്നുറങ്ങി. എന്നാൽ രാവിലെ ഇവരിൽ രണ്ട് പേർ ഉറക്കമുണർന്നില്ല. അതേ മൈതാനത്ത് പാർക്ക് ചെയ്തിരുന്ന ബസ് രാവിലെ എടുക്കുന്നതിനിടെ ഇവരുടെ മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. സുരേഷ് കുമാറും ബലിറാമും തൽക്ഷണം മരിച്ചു. തൊട്ടടുത്ത് കിടന്നിരുന്ന രാജേഷിന്റെ കാലിലൂടെയും ബസ് കയറി ഇറങ്ങി. കാലിന് ഗുരതര പരിക്കേറ്റ ഇയാൾ ആശുപത്രിയിലാണ്.

രാവിലത്തെ സർവ്വീസ് നടത്തുന്നതിനായി ജീവനക്കാർ മൈതാനത്ത് നിന്നും ബസ് പുറകോട്ടെടുക്കുമ്പോഴായിരുന്നു അപകടം. സംഭവത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഈ തൊഴിലാളികളുടെ ശരീരത്ത് ബസ് കയറുന്ന സമയം ബസ് ഒന്നുലയുന്നത് കാണാം. തൊട്ടടുത്ത നിമിഷം പരിക്കേറ്റ ആൾ ഉറക്കെ നിലവിളിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

തൊഴിലാളികൾ കിടന്ന് ഉറങ്ങുന്നത് അറിയാതെയാണ് ബസ് പുറകോട്ട് എടുത്തതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഉറക്കെ കരഞ്ഞിട്ടും അവരെ ഒന്ന് ആശുപത്രിയിൽ എത്തിക്കാൻ പോലും സന്മനസ് കാണിക്കാതിരുന്ന ബസ് ജീവനക്കാരുടെ നടപടിക്കെതിരെയാണ് രോഷം ശക്തമായിരിക്കുന്നത്.