കൊച്ചി: മോളി ചേച്ചിയുടെ മകൻ ഡെനി രാവിലെ വന്ന് മമ്മി കതക് തുറക്കുന്നില്ല എന്ന് പറയുമ്പോഴാണ് ഞാൻ അവിടേക്ക് ചെല്ലുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ ചോരപ്പാടുകൾ കണ്ടു. മോളി ചേച്ചിയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. ഏറെ നേരം തട്ടി വിളിച്ചിട്ടും അനക്കമില്ലായിരുന്നു. മുറി പൂട്ടിയ നിലയിലായിരുന്നു.

അപകടം മനസ്സിലായതോടെ തിരിച്ചു പോയി പൊലീസിനെ അറിയിക്കാൻ പുറത്തേക്കിറങ്ങിയപ്പോൾ ഡെനി ഒരു താക്കോലുമായി വന്നു. ഉടനെ ഞാൻ മുറി തുറന്നു. അപ്പോൾ കണ്ട കാഴ്ച മനസ്സിനെ മരവിപ്പിക്കുന്നതായിരുന്നു. വിവസ്ത്രയായി ചോരയിൽ കുളിച്ച് നിലത്ത് കിടക്കുന്നു. ഉടനെ തന്നെ പുറത്തിറങ്ങി ഇവരുടെ അടുത്ത ബന്ധു പി.ടി മണിയെ വിളിച്ചു വിവരം ധരിപ്പിച്ചു.

പുത്തൻവേലിക്കര കൊലപാതക സ്ഥലത്ത് ആദ്യമെത്തിയ അയൽക്കാരി നളിനിയുടെ വാക്കുകളാണിത്. ഇത് പറയുമ്പോൾ നളിനിയുടെ കണ്ണുകളിൽ ഭയം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശി മുന്നയെ പിടികൂടുന്നത്. നളിനി തുടർന്നു. രാവിലെ ഊട്ട് പെരുനാളിന് മകനുമൊത്ത് പോകണമെന്ന് എന്നോട് ഇന്നലെ പറഞ്ഞിരുന്നു. പക്ഷേ അതിന് പങ്കെടുക്കാൻ മോളി ചേച്ചിക്ക് കഴിഞ്ഞില്ലല്ലോ എന്ന് പറഞ്ഞ് നളിനി നിർത്തി.

ഇന്നലെ അർദ്ധ രാത്രിയിലാണ് പുത്തൻവേലിക്കര മോളി (60) കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുന്ന എന്ന അസം സ്വദേശിയാണ് ഇവരെ കൊല ചെയ്തത്. ലൈംഗിക അതിക്രമത്തിനിടെ കഴുത്ത് ഞെരിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴും മദ്യലഹരിയിൽ തന്നെയായിരുന്നു.

പ്രാർത്ഥനാമുറിയിൽ വച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ചപ്പോൾ മോളി എതിർത്തുവെന്നും അവിടെ വച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മരിച്ചു എന്നുറപ്പ് വരുത്തുവാനായി പുറത്ത് വീടിന് മുന്നിൽ അലങ്കാരത്തിനായി നിരത്തിയിരുന്ന ഉരുളൻ കല്ലുകളിലൊന്ന് എടുത്തുകൊണ്ട് വന്ന് തലയ്ക്കടിക്കുകയുമായിരുന്നു. പിന്നീട് മൃതദേഹം അവിടെ നിന്നും വലിച്ചിഴച്ച് മോളിയുടെ ബഡ്‌റൂമിൽ കൊണ്ടിടുകയായിരുന്നു. വീണ്ടും മദ്യം കഴിച്ച ശേഷം തന്റെ റൂമിൽ കിടന്നുറങ്ങുകയായിരുന്നു എന്നാണ് മുന്ന പൊലീസിന് നൽകിയ മൊഴി.

പൊലീസ് സംഭവം അറിഞ്ഞ് ആദ്യം ചോദ്യം ചെയ്തത് മുന്നയേയും കൂടെയുണ്ടായിരുന്ന മറ്റു മൂന്നു സുഹൃത്തുക്കളെയുമാണ്. രാത്രിയിൽ മോളിയുടെ കരച്ചിൽ കേട്ടുവെന്ന് മുന്ന പൊലീസിനോട് പറഞ്ഞു. ഈ സമയം മുന്നയുടെ ചെരുപ്പിൽ രക്തക്കറ പൊലീസ് കണ്ടു. ഇതോടെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങളറിയാൻ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ മറ്റു മൂന്ന് സുഹൃത്തുക്കളെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകൻ ഡെനി ബുദ്ധി മാന്ദ്യമുള്ളയാളാണ്. മറ്റൊരു മകൾ എമി സ്‌കോട്ട്‌ലൻഡിലാണ്. നാളെ മൃതദേഹം പോസ്റ്റ്മാർട്ടം നടത്തിയതിന് ശേഷം സംസ്‌ക്കരിക്കും.