റോം: കുരിശിനെ ഒരു ഫാഷൻ ഐറ്റം മാത്രമായി ധരിക്കുന്നവർക്കെതിരെ കടുത്ത വിമർശനവുമായി പോപ്പ് ഫ്രാൻസിസ് രംഗത്തെത്തി. കുരിശ് ധരിച്ച് തെമ്മാടിത്തരം കാട്ടാൻ ആർക്കാണ് അനുമതി നൽകിയത്...? ഫാഷൻ ഷോയിലെ അർധനഗ്‌ന സുന്ദരികൾക്ക് പോലും കുരിശ് എങ്ങനെ ഇഷ്ടമായി? തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിൽ കുരിശിന്റെ ദുരുപയോഗത്തിനെതിരെ കടുത്ത നിലപാടാണ് അദ്ദേഹം ഇപ്പോൾ എടുത്തിരിക്കുന്നത്.

സൺഡേ ഏയ്ഞ്ചലസ് സർവീസിന് ശേഷം സെന്റ് പീറ്റേർസ് സ്‌ക്വയറിൽ വച്ച് അടുത്തിടെ നടത്തിയ പ്രഭാഷണത്തിലാണ് പോപ്പ് ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. മതപരമായ ഈ ചിഹ്നത്തെ ബഹുമാനിക്കണമെന്നും വേണ്ട വിധത്തിൽ ഉൾക്കൊള്ളണമെന്നുമാണ് 81 കാരനായ പോപ്പ് വിശ്വാസികളെ ഉപദേശിച്ചിരിക്കുന്നത്. മറിച്ച് ഇതിനെ ഒരു ട്രെൻഡി ആക്സസറി എന്ന നിലയിൽ വ്യാപാരവൽക്കരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

കുരിശെന്നത് യേശുക്രിസ്തുവിന്റെ ത്യാഗത്തിന്റെ ചിഹ്നമാണെന്നും മറിച്ച് ആഭരണമോ അല്ലെങ്കിൽ ക്ലോത്തിങ് ആക്സസറിയോ അല്ലെന്നും പോപ്പ് മുന്നറിയിപ്പേകുന്നു. കുരിശിലേറി നിൽക്കുന്ന ജിസസിന്റെ ചിത്രം ദൈവപുത്രന്റെ മരണത്തിന്റെ ദുരൂഹത വെളിപ്പെടുത്തുന്നുവെന്നും അത് ജീവിതത്തിന്റെ ഉറവിടമാണെന്നും എക്കാലത്തെയും മനുഷ്യത്വത്തിന്റെ മോചനമാണെന്നും പോപ്പ് വിശ്വാസികളെ ഓർമിപ്പിച്ചു. ഒരു സൗന്ദര്യാത്മക വസ്തുവെന്നതിലുപരി കുരിശിനെ മതപരമായി പ്രാധാന്യമുള്ള പരിപാവന വസ്തുവായി പരിഗണിക്കേണ്ടതെങ്ങനെയെന്നും പോപ്പ് വിശ്വാസികളെ ഓർമിപ്പിച്ചിരുന്നു.

കുരിശിനെ ഒരു ഫാഷൻ ആഭരണം എന്ന നിലയിൽ നിരവധി പ്രശസ്തർ വർഷങ്ങളായി ഉപയോഗിച്ച് വരുന്നുണ്ട്. ഉദാഹരണമായി മഡോണ, ജെന്നിഫർ അനിസ്റ്റൻ, നവോമി കാംപ്ബെൽ തുടങ്ങിയവർ കുരിശിനെ ഇത്തരത്തിൽ കണ്ടവരാണ്. ഇതിന്റെ പേരിൽ വിവാദങ്ങളും ചിലപ്പോഴെല്ലാം ഉയർന്ന് വന്നിട്ടുമുണ്ട്. ഇവർ മതപരമായ വിശ്വാസമെന്നതിലുപരിയായി ഒരു സ്‌റ്റൈലിന്റെ ഭാഗമായിട്ടായിരുന്നു കുരിശണിഞ്ഞിരുന്നത്. ഇത്തരത്തിൽ ഫാഷൻ വസ്തുവെന്ന നിലയിൽ കുരിശിന്റെ ജനകീയത വർധിച്ച് വരുന്നതിന്റെ പേരിലുള്ള വിവാദങ്ങൾ മൂർധന്യത്തിലെത്തിയിരുന്നത് 2002ലാണ്.

അന്ന് പോപ്പ് ജോൺ പോൾ രണ്ടാമനായിരുന്നു കാത്തലിക് ചർച്ചിനെ നയിച്ചിരുന്നത്. ഇതിനെതിരെ വത്തിക്കാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ഫിഡ്സിലൂടെ വത്തിക്കാൻ മുന്നറിയിപ്പെന്ന നിലയിലുള്ള ഒരു എഡിറ്റോറിയൽ പുറത്തിറക്കുകയും ചെയ്തിരുന്നു.