ഹൂസ്റ്റൺ: തോക്ക് നിയന്ത്രണ നിയമങ്ങൾ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിൽ വൻ പ്രതിഷേധം. കൗമാരക്കാരുടെ നേതൃത്വത്തിൽ പത്ത് ലക്ഷത്തോളം ജനങ്ങളാണ് തെരുവുകൾ കീഴടക്കിയിരിക്കുന്നത്. ' ആവർത്തിക്കരുത് ഇനി ഒരിക്കലും' എന്ന മുദ്രാവാക്യവുമായി ജനം തെരുവിലിറങ്ങുമ്പോൾ സാക്ഷിയാകുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് തന്നെയാണ്.

വാഷിങ് ടണിലെ ഈ പടുകൂറ്റൻ റാലിക്ക് പുറമേ ഫിലാഡൽഫിയ, ന്യൂയോർക്ക്, ഷിക്കാഗോ, ലോസ് ആഞ്ചലസ് എന്നിങ്ങനെ വിവിധയിടങ്ങളിലായി 800ലേറെ ചെറു റാലികളും സംഘടിപ്പിച്ചു. തോക്ക് നിയന്ത്രണത്തിനുള്ള നടപടികൾ ഇനിയും വൈകാൻ അനുവദിക്കില്ലെന്ന് ട്രംപ് സർക്കാരിന് മുന്നറിയിപ്പ് നൽകിയാണ് പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. ഏത് നിമിഷവും കുതിച്ചു പായുന്ന വെടിയുണ്ട തങ്ങളുടെ ഉറ്റവരെ ഇല്ലാതാക്കുമെന്ന ഭയത്തോടെയാണ് ഓരോ ജനങ്ങളും കഴിയുന്നതെന്ന് പറഞ്ഞാണ് ജനം തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്.

'ഒന്നുകിൽ ജനങ്ങളെ പ്രതിനിധീകരിക്കുക, അല്ലെങ്കിൽ ഇറങ്ങിപ്പോകുക. ഒന്നുകിൽ ഞങ്ങൾക്കൊപ്പം നിൽക്കുക അല്ലെങ്കിൽ കരുതലോടെയിരിക്കുക, വോട്ടർമാരാണു വരുന്നത്...' എന്ന മുന്നറിയിപ്പാണ് പ്രതിഷേധ പ്രകടനം ട്രംപ് ഭരണകൂടത്തിനു നൽകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് ഫ്‌ളോറിഡയിലെ പാർക്ക്ലാൻഡ് ഹൈസ്‌കൂളിൽ വെടിവയ്പുണ്ടായത്.

സംഭവത്തിൽ 17 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മേരിലാൻഡിലും വെടിവയ്പുണ്ടായിരുന്നു. അന്ന് രണ്ട് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിനെതിരെ കർശനമായ തോക്ക് നിയന്ത്രണം കൊണ്ടു വരണമെന്ന് ട്രംപ് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ജനത്തിന്റെ ഈ പടുകൂറ്റൻ പ്രതിഷേധം.

ഫ്‌ളോറിഡയിലെ സ്‌കൂളിൽ കഴിഞ്ഞ മാസം നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും തോക്കുനിയമങ്ങൾക്കെതിരെ യുഎസ് പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. 'മാർച്ച് ഫോർ ഔർ ലൈവ്‌സ്' എന്നു പേരിട്ട പ്രതിഷേധ പ്രകടത്തെ അഭിസംബോധന ചെയ്ത് ഫെബ്രുവരി 14ലെ ഫ്‌ളോറിഡ വെടിവയ്പിൽ നിന്നു രക്ഷപ്പെട്ടവരും സംസാരിച്ചു.

ശനിയാഴ്ച വാഷിങ്ടനിലെ പെൻസിൽവാനിയ അവന്യൂവിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങളാണ് ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അന്നു കൊല്ലപ്പെട്ട 17 പേരുടെ പേരുകൾ വിളിച്ചുപറഞ്ഞ് പാർക്കലാന്റ് വെടിവയ്പിനെ അതിജീവിച്ച എമ്മ ഗോൺസാലൻസ് പ്രസംഗിച്ചു. പ്രസംഗത്തിൽ പാർക്ക്‌ലാന്റ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ എടുത്ത് പറഞ്ഞ ശേഷം ആറ് മിനുട്ടും 20 സെക്കന്റും അവർ നിശബ്ദയായി. പാർക്ക്‌ലാന്റ് കൊലപതാകത്തിന് എടുത്ത സമയമായിരുന്നു ആ ആറ് മിനുട്ടും 20 സെക്കന്റും.

ആർക്കും തോക്കു വാങ്ങി ഉപയോഗിക്കാം എന്ന നിലയിലാണ് അമേരിക്കയിലെ അവസ്ഥയെന്നു പ്രതിഷേധക്കാർ പറയുന്നു. വെടിവയ്പു സംഭവങ്ങൾ ഏറി വരികയാണ്. ഇതു തടയുന്നതിന് തോക്കു നിയന്ത്രണ നിയമങ്ങൾ ശക്തമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അറ്റ്ലാന്റ, ബാൾട്ടിമോർ, ബോസ്റ്റൺ, ഷിക്കാഗോ, ലൊസാഞ്ചലസ്, മയാമി, മിനിയപൊലിസ്, ന്യൂയോർക്ക്, സാൻ ഡിയാഗോ എന്നിവിടങ്ങളിലെല്ലാം വൻ പങ്കാളിത്തത്തോടെയാണ് പ്രതിഷേധ പ്രകടനം നടക്കുന്നത്.

യുഎസിനും പുറത്തുമായി എണ്ണൂറിലേറെ പ്രതിഷേധ പ്രകടനങ്ങൾക്കാണ് ആഹ്വാനം. മൗറിഷ്യസിലും ലണ്ടനിലും സ്റ്റോക്കോമിലും സിഡ്‌നിയിലും സമാന പ്രകടനങ്ങൾ നടക്കുന്നുണ്ട്. ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെ സമരത്തിനു പിന്തുണയുമായി രംഗത്തെത്തി. സർക്കാരിനോട് സഹായം ചോദിച്ച് കരഞ്ഞ് തങ്ങൾ തളർന്നുവെന്ന് മറ്റൊരു വദ്യാർത്ഥിയായ മിയ മിഡിൽടണും റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു.

തോക്ക് സൂക്ഷിക്കാനുള്ള പ്രായവും, തോക്കുകളുടെ ലഭ്യത സംബന്ധിച്ചും പുതിയ നിയമം വേണമെന്നാണ് മാർച്ചിലെ പ്രധാന ആവശ്യം. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റാലിയോട് പ്രതികരിക്കാതെ ഫ്‌ളോറിഡയിലേക്ക് പോയി. അതേസമയം തോക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ തള്ളിയും ചില കോണുകളിൽനിന്ന് അഭിപ്രായമുയർന്നു.

വെടിവച്ചാൽ തിരിച്ച് വെടിവയ്ക്കുകയാണ് വേണ്ടതെന്നും അല്ലാതെ തോക്ക് നിയന്ത്രിക്കുകയല്ല വേണ്ടതെന്നുമാണ് തോക്ക് നിയന്ത്രണത്തെ എതിർക്കുന്നവരുടെ വാദം.