പത്തനംതിട്ട: ഒരു ദിവസമെങ്കിലും സ്വന്തം കാലുകളിൽ നടന്ന് സ്‌കൂളിലെത്തണമെന്നാണ് നൈഷാനയുടെ മോഹം. ആറാം ക്ലാസിലാണ് പഠിക്കുന്നതെങ്കിലും മറ്റുള്ള കുട്ടികളെ പോലെ ഓടിച്ചാടി സ്‌കൂളിൽ പോവാൻ നൈഷാനയ്ക്ക കഴിയില്ല. വീട്ടിലെ പടിക്കെട്ടുകൾ വരെ അമ്മ എടുത്തു കൊണ്ടു പോകും അവിടെ നിന്നും സ്‌കൂൾ ബസിൽ. സ്‌കൂളിൽ ചെന്നാൽ സഹോദരങ്ങളുടെ സഹായം വേണം ക്ലാസിൽ എത്താൻ.

എന്നാൽ സ്വന്തം സ്വപ്‌നങ്ങളുടെ തേരിൽ ചിറകു വിരിച്ചു പറക്കുന്ന ഈ കുരുന്നിന് അതൊന്നും ഓർത്തിരിക്കാൻ തെല്ലും സമയം ഇല്ല. ചിത്രങ്ങളുടേയും കഥകളുടേയും ലോകത്ത് മുഴുകുന്ന അവൾക്ക് ഇതേ കുറിച്ച് ചിന്തിച്ചിരിക്കാൻ തെല്ലും സമയമില്ല. പത്തനംതിട്ട മുണ്ടുകോട്ടക്കൽ ഇലാഹി മൻസിലിൽ റഹീം ഖാന്റെയും ഷീബയുടേയും ഇളയ കുട്ടിയാണ് നൈഷാന. സംഗീതലോകത്തും ചിത്രകലയിലും കഥാ, കവിതാ രചനയിലും ഇതിനകം തന്റെ മിടുക്ക് തെളിയിച്ചു കഴിഞ്ഞു.

നട്ടെല്ലിന് ബലം കുറയുന്ന (ന്യൂറോ മസ്‌കുലർ പോളിയോസിസ്) എന്ന അസുഖമാണ് നൈഷാനയെ ബാധിച്ചിരിക്കുന്നത്. ജനിച്ചപ്പോൾ മുതൽ ഈ അസുഖത്തിന്റെ പിടിയിലായ നൈഷാന ആറു മാസം വരെയേ ജീവിക്കു എന്നാണ് ഡോക്ടർമാർ വിധി എഴുതിയത്. എന്നാൽ അച്ഛനമ്മമമാരുടെ പ്രാർത്ഥനയ്ക്ക മുന്നിൽ വിധി കീഴടങ്ങിയപ്പോൾ ആറാം ക്ലാസ് വരെ എത്തി നിൽക്കുന്നു നൈഷാന.

ചക്രകസേരയിലിരുന്ന് അമ്മയുടെയും മൂത്ത സഹോദരങ്ങളുടെയും സഹായത്തോടെ സ്‌കൂളിൽ പോകുന്ന നൈഷാന ചിത്രരചന പ്രൊഫഷണലായി പഠിക്കുകയും ചെയ്യുന്നു. വഴി സൗകര്യമില്ലാത്ത വീീട്ടിൽ നിന്നും പടിക്കെട്ടുകൾ കയറി അമ്മ നൈഷാനയാണ് എടുക്കു കൊണ്ട് റോഡ് വരെ എത്തിക്കുന്നത്. അവിടെ നിന്നും ചക്ര കസേരയിൽ സഹോദരങ്ങളുടെ കൂടെ സ്‌കൂളിലേക്കും. 40 പടികളുള്ള സ്‌കൂളിൽ കയറ്റി വിടുന്നതും സഹോദരങ്ങളാണ്.

നൈഷാനയെ ചികിത്സിച്ചാൽ ആരോഗ്യം ഭേദമാകുമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. എ്ന്നാൽ വിവിധ ഓപ്പറേഷനുകൾക്കായി ഏഴ് ലക്ഷത്തോളം രൂപ വേണം. ഹോട്ടൽ ജീവനക്കാരനായ റഹിം ഖാനും മൂന്ന് കുട്ടികളും അടങ്ങിയ കുടുംബത്തിന് ഈ തുക സ്വപ്‌നം കാണാൻ പോലും ആവാത്തതാണ്. രണ്ടു മുതിർന്ന സഹോദരങ്ങൾ പഠിക്കുകയാണ്.

നട്ടെല്ല് വീണ്ടും വളയുന്നത് തടയാൻ കാലിനും കൈക്കും ഉൾപ്പെടെ നിരവധി ശസ്ത്രക്രിയകൾ നടത്തണമെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി അറിയിച്ചിട്ടുണ്ട്. മെയ്‌ മൂന്നിനാണ് ആദ്യ ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. പത്തനംതിട്ട കനറാ ബാങ്കിൽ റഹീം ഖാന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് സഹായങ്ങൾ എത്തുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. അക്കൗണ്ട് നമ്പർ-2318101061923, ഐ.എഫ്.എസ്.കോഡ്-സി.എൻ.ആർ.ബി. 00002318, എം.ഐ.സി.ആർ.കോഡ്- 689015102.