സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവ് മനുഷ്യർക്ക് സ്വകാര്യതയുടെ മറ്റൊരു ലോകമാണ് സമ്മാനിച്ചത്. സുഹൃത്തുക്കളുമായും മറ്റും സന്ദേശങ്ങൾ കൈമാറാനും വീഡിയോയിലൂടെ കണ്ടുകൊണ്ട് ചാറ്റുചെയ്യാനുമൊക്കെ സാമൂഹിക മാധ്യമങ്ങൾ അവസരമൊരുക്കി. ഇതിലൂടെയുള്ള ആശയവിനിമയങ്ങൾ തീർത്തും സുരക്ഷിതമായിരിക്കുമെന്ന വിശ്വാസത്തിലായിരുന്നു എല്ലാവരും. എന്നാൽ, സ്വകാര്യതയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ അത്രവലിയ ഉറപ്പൊന്നും ഇല്ലെന്നതാണ് സമീപകാലത്തെ വാർത്തകൾ വ്യക്തമാക്കുന്നത്.

നിങ്ങൾ സുഹൃത്തുമായി നടത്തുന്ന വീഡിയോ ചാറ്റുൾപ്പെടെ എല്ലാ സന്ദേശങ്ങളും സ്‌കാൻ ചെയ്യാറുണ്ടെന്ന ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക സുക്കർബർഗിന്റെ വെളിപ്പെടുത്തൽ ആ ഭീഷണിക്ക് കൂടുതൽ ശക്തിപകരുന്നുണ്ട്. ഫേസ്‌ബുക്കിന്റെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത സന്ദേശങ്ങളും ഉള്ളടക്കവും ബ്ലോക്ക് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ സ്‌കാനിങ്ങെങ്കിലും വിവരങ്ങൾ ചോർന്നുപോകാനുള്ള സാധ്യത അപ്പോഴും ശേഷിക്കുന്നുണ്ട്.

കേംബ്രിജ് അനലറ്റിക്ക വിവാദത്തോടെ ഫേസ്‌ബുക്കിന്റെ വിശ്യാസ്യതയിൽ വൻതോതിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതിനിടെയാണ് സന്ദേശങ്ങൾ സ്‌കാൻ ചെയ്യാറുണ്ടെന്ന സുക്കർബർഗിന്റ വെളിപ്പെടുത്തൽ. സ്‌ന്ദേശങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് സ്‌കാൻ ചെയ്യുന്നതെന്ന് ഫേസ്‌ബുക്ക് പറയുന്നുണ്ടെങ്കിലും, പിൽക്കാലത്ത് ഇതിലെ വിവരങ്ങൾ ചോർന്നുപോകില്ലെന്ന് ഉറപ്പുപറയാൻ ആർക്കുമാകുന്നില്ല. മാത്രമല്ല, മെസഞ്ജറിലൂടെ തങ്ങൾ നടത്തിയ സ്വകാര്യ സംഭാഷങ്ങളൊക്കെ മറ്റൊരാൾ കൂടി കണ്ടിട്ടുണ്ടാവാമെന്നതും ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നു.

ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉപയോഗിക്കുന്നതിനായി അഞ്ചുകോടി ഉപഭോക്താക്കളുടെ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ലഭിച്ചുവെന്ന വിവരം അടുത്തിടെ ഫേസ്‌ബുക്കിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ലോകമെങ്ങും പ്രതിഷേധമുയർന്നതോടെ, സുക്കർബർഗിന് മാധ്യമങ്ങളിലൂടെ നേരിട്ടുവന്ന് മാപ്പുപറയേണ്ട സ്ഥിതിയുമുണ്ടായി. ഇന്ത്യയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ ഫേസ്‌ബുക്കിനോട് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

വോക്‌സിന് നൽകിയ അഭിമുഖത്തിലാണ് മെസഞ്ജറിലൂടെയുള്ള സന്ദേശങ്ങൾ സ്‌കാൻ ചെയ്യാറുണ്ടെന്ന് സുക്കർബർഗ് സമ്മതിച്ചത്. മ്യാന്മറിലെ കൂട്ടക്കുരുതിയെക്കുറിച്ചുള്ള വിവരങ്ങൾ മെസഞ്ജറിലൂടെ കൈമാറാനുള്ള ശ്രമം ബ്ലോക്ക് ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ്, എന്താണ് കടന്നുപോകുന്നതെന്ന് തങ്ങളുടെ സംവിധാനങ്ങൾക്ക് മനസ്സിലാക്കാനാകുമെന്ന് സുക്കർബർഗ് മറുപടി നൽകിയത്. സുരക്ഷയ്ക്ക് അപകടമാകുന്ന സന്ദേശങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഉദ്ദേശ്യലക്ഷ്യം എത്ര ശുദ്ധമാണെങ്കിലും, സുക്കർബർഗിന്റെ വെളിപ്പെടുത്തൽ സാമൂഹിക മാധ്യമങ്ങളിൽ സമ്മിശ്ര പ്രതിരകണമാണ് ക്ഷണിച്ചുവരുത്തിയത്. ഭൂരിഭാഗം ആളുകളും ചാറ്റുകളും മറ്റും സ്‌കാൻ ചെയ്യപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. തങ്ങളുടെ സ്വകാര്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും അവർ പറയുന്നു. എന്നാൽ, മെസഞ്ജറിലൂടെയുള്ള വിവരങ്ങൾ മറ്റൊരു കാര്യത്തിനും ഉപയോഗിക്കുന്നില്ലെന്ന് മെസഞ്ജർ വ്യക്തമാക്കി.