വൻശക്തികളായ അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘർഷം എക്കാലവും ലോകത്തെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. രണ്ട് ലോകമഹാ യുദ്ധങ്ങൾക്കുശേഷം അമേരിക്കയും സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം ലോകത്തെ രണ്ടായി തിരിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം റഷ്യ കുറച്ചൊന്ന് ദുർബലമായത് ശീതയുദ്ധത്തിനും വിരാമമിട്ടു. എന്നാൽ, വ്‌ളാദിമിർ പുട്ടിന്റെ വരവോടെ റഷ്യ പഴയ ശൗര്യത്തിലേക്ക് തിരിച്ചുവരികയാണ്. അമേരിക്കയെയും അവരുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തെയും തുറന്നെതിർക്കാൻ ശക്തമായ പ്രതിരോധമാണ് പുട്ടിന്റെ നേതൃത്വത്തിൽ റഷ്യ മുന്നോട്ടുവെക്കുന്നത്.

നാറ്റോ സഖ്യരാജ്യമായ തുർക്കിയെയും അമേരിക്കയുടെ കണ്ണിലെ കരടായ ഇറാനെയും കൂടെനിർത്തിയാണ് റഷ്യയുടെ ഏറ്റവും പുതിയ നീക്കം. യൂറോപ്യൻ യൂണിയനിൽ പ്രവേശനം നേടുന്നതിൽ പരാജയപ്പെട്ട തുർക്കി, യൂറോപ്പിനെയാകെ ശത്രുപക്ഷത്തായാണ് കാണുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ റഷ്യയുമായി കൈകോർക്കുന്നതിൽ അവർക്ക് മടിയുമില്ല. പ്രസിഡന്റ് റെസിപ്പ് എർഡോഗനും പുട്ടിനുമായുള്ള സൗഹൃദവും ഇതിന് മരുന്നിടുന്നു. സിറിയയുടെ പേരിൽ ഇറാനെയും കൂട്ടുപിടിക്കാൻ പുട്ടിനായി.

ഇതിന്റെ പശ്ചാത്തലത്തിലാണ് പുട്ടിനും എർഡോഗനും ഇറാൻ പ്രസിഡന്റ് റൗബാനിയും തുർക്കിയിലെ അങ്കാറയിൽ കണ്ടുമുട്ടിയത്. സിറിയൻ മേഖലയിൽ അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഇടപെടൽ ഇല്ലാതാക്കാൻ യോജിച്ച് പ്രവർത്തിക്കാൻ മൂന്ന് നേതാക്കളും തീുമാനിച്ചു. കിഴക്കൻ ഘൗട്ടയിൽ പരിക്കേറ്റ് യാതനയനുഭവിക്കുന്ന സിറിയക്കാർക്കായി ആശുപത്രി നിർമ്മിക്കാനും യുദ്ധം ഭയന്ന് നാടുവിട്ട അഭയാർഥികൾക്ക് തിരിച്ചുവരൻ അവസരമൊരുക്കാനും യോജിച്ച് പ്രവർത്തിക്കാനും മൂവരും തീരുമാനിച്ചു.

മേഖലയിലെ വിമതശക്തികൾക്ക് ധനസഹായം നൽകുന്ന ഇറാനെ റഷ്യ കൂടെക്കൂട്ടിയത് അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും മാത്രമല്ല, മേഖലയിലെ പ്രബലരായ സൗദി അറേബ്യക്കും ഇസ്രയേലിനും കടുത്ത ഭീഷണിയാണ്. സിറിയയിൽ പ്രസിഡന്റ് ആസാദിനെ പിന്തുണയ്ക്കുന്ന ഇറാൻ, സൈന്യത്തിന് പരിശീലനവും ആയുധ സഹായവും നൽകുന്നു. അഫ്ഗാനിസ്താനിലെ താലിബാൻ ഭീകരർക്ക് ഇറാന്റെ സഹായമുണ്ടെന്ന് അഫ്ഗാൻ സർക്കാർ ആരോപിച്ചിരുന്നു. ലെബനിലെ ഹിസ്ബുള്ള തീവ്രവാദികൾക്കും ഫലസ്തീനിലെ ഹമാസിനും യെമനിലെ ഹൂത്തി തീവ്രവാദികൾക്കും ഇറാന്റെ സഹായമുണ്ടെന്നും ആരോപണമുണ്ട്.

ശീതയുദ്ധം മുതൽക്ക് റഷ്യയും ഇറാനും സഖ്യകക്ഷികളാണ്. ഈ ബന്ധത്തിലേക്ക് തുർക്കിയെയും കൂടി കൊണ്ടുവരാനായതാണ് പുട്ടിന്റെ ഇപ്പോഴത്തെ വിജയം. അമേരിക്കയുടെ പിന്തുണയുള്ള ഖുർദിഷ് സൈന്യം അതിർത്തിയിലുണ്ടാക്കുന്ന അലോസരപ്പെടുത്തലുകൾ തുർക്കിയെ സിറിയയിലെ ആസാദ് ഭരണകൂടത്തെ സഹായിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ആസാദ് ഭരണകൂടത്തെയും സൈന്യത്തെയും സഹായിക്കുക വഴി മേഖലയിലെ അമേരിക്കൻ സ്വാധീനം ഇല്ലാതാക്കാമെന്നാണ് മൂന്നുരാജ്യങ്ങളുടെയും പ്രതീക്ഷ.

റഷ്യ നടത്തുന്ന പുതിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചൈനയുടെ രഹസ്യ പിന്തുണയുള്ളതായും സൂചനയുണ്ട്. ഇന്ത്യയുടെ അയൽക്കാരെ ഓരോന്നായി സ്വാധീനിച്ച് ഇന്ത്യക്കുമേൽ സമ്മർദം വർധിപ്പിക്കാൻ ശ്രമിക്കുന്ന ചൈന മേഖലയിൽ അധീശത്വം സ്ഥാപിക്കാനാണ് നോക്കുന്നത്. പാക്കിസ്ഥാനും നേപ്പാളും ശ്രീലങ്കയും മാലിദ്വീപുമൊക്കെ ഇപ്പോൾ ചൈനയുടെ ചങ്ങാതിമാരായിക്കഴിഞ്ഞു. അതിർത്തിയിൽ ചൈന നടത്തുന്ന ഇടപെടലുകൾ ഇന്ത്യയെ സമ്മർദത്തിലാഴ്‌ത്തുന്നുമുണ്ട്.

ഇറാനിൽനിന്നുള്ള വാതകപൈപ്പ് ലൈൻ ഉൾപ്പെടെ ഇന്ത്യക്കും താത്പര്യമുള്ള മേഖലയാണ് ഇത്. എന്നാൽ, ചേരിചേരാ നയത്തിലുറച്ചുനിന്നുകൊണ്ട് മുന്നേറുന്ന ഇന്ത്യ, ഈ വിഷയത്തിലൊന്നും പരസ്യമായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. സോവിയറ്റ് യൂണിയനുമായി ഉണ്ടായിരുന്നത്ര ബന്ധം റഷ്യയുമായി ഇല്ലെന്നതും വിദേശനയത്തിൽ സമീപകാലത്തുണ്ടായ മാറ്റവും അമേരിക്ക-റഷ്യ ഭിന്നിപ്പിനോട് തുല്യ അകലം പാലിച്ച് നിൽക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നു.