ലണ്ടൻ: മൂന്നുമാസത്തിനിടെ 50 പേർ കൊല്ലപ്പെടുന്ന ഒരു നഗരമായി മാറി ലണ്ടൻ എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ? ലണ്ടനിലെ മാത്രം സ്ഥിതിയല്ലിത്. യുകെയിലെ മിക്കയിടങ്ങളിലും കൊള്ളയും കൊള്ളിവെപ്പും വംശീയാധിക്ഷേപങ്ങളും പെരുകുകയാണ്. അമിതമായ കുടിയേറ്റവും പണം ഇല്ലാത്തതുകൊണ്ട് പൊലീസിന്റെ എണ്ണം കുറഞ്ഞതും ഒക്കെയാണ് കാര്യങ്ങൾ. സുരക്ഷിതമായ നല്ലജീവിതം സ്വപ്‌നം കണ്ട് യുകെയിലേക്ക് കുടിയേറിയ മലയാളികളടക്കം അനേകം കുടിയേറ്റക്കാരെ നിരാശപ്പെടുത്തുന്ന സംഭവങ്ങളാണ് ഈ ദിവസങ്ങളിൽ കേൾക്കുന്നതൊക്കെ.

തീവ്രവാദത്തെക്കാൾ മാരകമായി ലണ്ടനെ സംഘം ചേർന്നുള്ള അക്രമങ്ങൾ ലണ്ടനെ ബാധിച്ചതായാണ് കുറ്റകൃത്യങ്ങളുടെ തോത് വെളിപ്പെടുത്തുന്നത്.. മയക്കുമരുന്ന് കച്ചവടവും മറ്റ് കുറ്റകൃത്യങ്ങളും ഗ്യാങ് വാറുകളുടെ നഗരമാക്കി ലണ്ടനെ മാറ്റിയിരിക്കുന്നു. കഴിഞ്ഞദിവസം രാത്രി 16-കാരനായ അമാൻ ഷക്കൂർ കൊല്ലപ്പെട്ടതുകൊക്കെയ്ൻ വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ്. എതിരാളിയെ ഇല്ലാതാക്കുന്നതിൽ അശേഷം മടിയില്ലാത്ത തരത്തിൽ കുറ്റകൃത്യ വാസനയുള്ള ഗ്യാങ്ങുകളാണ് ലണ്ടൻ നഗരത്തിന്റെ ഇപ്പോഴത്തെ പേടിസ്വപ്നം.

തീവ്രവാദത്തെയോ ഭീകരതയെയോ അല്ല, ഇത്തരം ഗ്യാങ്ങുകളെയാണ് ലണ്ടൻ ഇപ്പോൾ പേടിക്കേണ്ടതെന്ന് ബർമിങ്ങാം സിറ്റി സർവകലാശാലയിലെ ക്രിമിനോളജി അദ്ധ്യാപകനായ ഡോ. മുഹമ്മദ് റഹ്മാൻ പറഞ്ഞു. യുട്യൂബും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ച് സംഘാംഗങ്ങളെ കൊലപാതകമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യാൻ ഈ ്ഗ്യാങ്ങുകൾ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ പുതിയതല്ലെങ്കിലും, സാമൂഹിക മാധ്യമങ്ങളുടെ വരവോടെ ഇതിന്റെ എണ്ണം വൻതോതിൽ പെരുകിയതായാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മൂന്നുമാസത്തിനിടെ ലണ്ടനിൽ 50 പേരാണ് കൊല്ലപ്പെട്ടത്. മുൻകാലങ്ങളിലൊന്നും ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ തലസ്ഥാന നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനുവരിയിൽ 12 പേരും ഫെബ്രുവരിയിൽ 12 പേരും മാർച്ചിൽ 19 പേരും കൊല്ലപ്പെട്ടു. ഏപ്രിലിലെ ആദ്യ ആഴ്ച അവസാനിക്കുന്നതിന് മുമ്പ് നാലുപേരുടെ മരണവാർത്ത ലണ്ടൻ പേടിയോടെ കേട്ടുകഴിഞ്ഞു. വെടിവെച്ചും കുത്തിയും എതിരാളികളെ ഇല്ലാതാക്കുകയെന്ന സംസ്‌കാരത്തിലേക്ക് ലണ്ടനിലെ ക്രിമിനൽ ഗ്യാങ്ങുകൾ നീങ്ങുന്നതിന് തെളിവാണ് ഈ കൊലപാതകങ്ങലിലേറെയും.

സാമൂഹിക മാധ്യമങ്ങളുടെ വ്യാപനം ഇത്തരം ക്രിമിനൽ മാനസികാവസ്ഥ വളരാൻ വലിയൊരളവുവരെ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഗ്യാങ്ങുകൾക്ക് പ്രത്യേകമായി പ്രവർത്തിക്കാനും നിർദേശങ്ങൾ കൈമാറാനും സാമൂഹിക മാധ്യമങ്ങൾ വലിയൊരളവുവരെ സഹായിക്കുന്നു. യുട്യൂബിലും മറ്റ് വീഡിയോ മാധ്യമങ്ങളിലും കൂടി ലഭിക്കുന്ന കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങളും യുവമനസ്സുകളെ വലിയൊരളവുവരെ സ്വാധീനിക്കുന്നുണ്ടെന്നും മനഃശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

ഇതിനൊക്കെപ്പുറമെ, സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട പൊലീസ് സേനയിലുണ്ടായ എണ്ണക്കുറവും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ നിർണായകമായിട്ടുണ്ട്. ബജറ്റിലെ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായാണ് പൊലീസിന്റെ എണ്ണം വെട്ടിച്ചുരുക്കിയത്. ഇത് മുതലെടുത്തത് ക്രിമിനൽ ഗ്യാങ്ങുകളാണ്. പലപ്പോഴും സംഭവം നടന്നതിനുശേഷം മാത്രമാണ് പൊലീസിന് സ്ഥലത്തെത്താനാകുന്നത്. കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന മേഖലകളിൽ വേണ്ടത്ര പൊലീസ് നിരീക്ഷണം ഇപ്പോഴുമില്ലാത്തത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നുമുണ്ട്.

2014 ഏപ്രിൽ മുതലാണ് സ്റ്റോപ്പ് ആൻഡ് സെർച്ച് എന്ന രീതിയിലുള്ള പൊലീസ് പരിശോധന ബ്രി്ട്ടനിൽ നിർത്തുന്നത്. അതിനുുമ്പുള്ള ഒരുവർഷക്കാലയളവിൽ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി 634,625 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാൽ, അതിനുശേഷമുള്ള മൂന്നുവർഷക്കാലയളവിൽ, കുറ്റകൃത്യങ്ങളുടെ എണ്ണം മ്ൂന്നിരട്ടിയോളം വർധിച്ചു. മതിയായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ പൊലീസിന് ആളുകളെ തടഞ്ഞുനിർത്തി പരിശോധിക്കാനാവൂ എന്ന തരത്തിൽ നിയമത്തിലുണ്ടായ ഇളവാണ് കുറ്റകൃത്യങ്ങൾ വർധിക്കാനിടയാക്കിയതെന്ന് വിലയിരുത്തുന്നു. മതിയായ കാരണങ്ങളില്ലെന്ന് ബോധ്യപ്പെട്ടാൽ പൊലീസിനെതിരേ അച്ചടക്കനടപടി വരുമെന്നത് പരിശോധന നിർത്തിവെക്കാൻ പൊലീസുകാരെയും പ്രേരിപ്പിച്ചു.