ചൈനയിൽ മതങ്ങളുടെ മേൽ വീണ്ടും നിയന്ത്രണം ശക്തമായി. ഓൺലൈനിലൂടെയുള്ള ബൈബിൾ വിൽപന തടഞ്ഞുകൊണ്ടാണ് പുതിയ നിയന്ത്രണം നിലവിൽവന്നത്. നേരത്തേതന്നെ ബൈബിൾ വിൽപനയ്ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. സർക്കാർ അംഗീകൃത പള്ളികളിലൂടെയുള്ള വിൽപനയ്ക്കുമാത്രമായിരുന്നു അംഗീകാരം. എന്നാൽ, ഓൺലൈനിൽ ബൈബിൾ കിട്ടാൻ തുടങ്ങിയതോടെ നിയന്ത്രണം അലിഞ്ഞില്ലാതായി.

ചൈനയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരകേന്ദ്രമായ ജെഡി ഡോട്ട് കോമിൽ ഹോളി ബൈബിൾ എന്ന് സെർച്ച് ചെയ്താൽ അത് യാതൊരു റിസൾട്ടും ഇപ്പോൾത്തരില്ല. ആമസോണിലും ഇതുതന്നെ ഫലം. എന്നാൽ, ആമസോണിൽ ഖുറാനും മറ്റു മത ഗ്രന്ഥങ്ങളും ലഭ്യമാണ്. മറ്റൊരു ഓൺലൈൻ വ്യാപാര വെബ്‌സൈറ്റായ ടബോവയിൽ ബൈബിൾ എന്ന് സെർച്ച് ചെയ്താൽ മതഗ്രന്ഥത്തിലേക്ക് പോകാനാവില്ല. ബേബി ഫുഡുകളുടെയും മറ്റും ഫലമാണ് തിരിച്ചുകിട്ടുക.

മതങ്ങൾക്കുമേൽ എക്കാലത്തും ചൈന കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ചൈനീസ് ബുദ്ധമതം, ഇസ്ലാം മതം, കത്തോലിക്കാ മത്, പ്രൊട്ടസ്റ്റന്റ്, താവോ മതം എന്നിവയ്ക്കുമാത്രമാണ് അനുമതിയുള്ളത്. ചൈനീസ് പാട്രോയോട്ടിക് കത്തോലിക്ക് സഭയും ബുദ്ധിസ്റ്റ് അസോസിയേഷനും പോലുള്ള ഔദ്യോഗിക സംഘടനകൾ മുഖേനയാണ് മതങ്ങൾ ചൈനയിൽ പ്രവർത്തിക്കുന്നതും. അടുത്തിടെ ഒട്ടേറെ പള്ളികൾ നീക്കം ചെയ്തും ക്രൈസ്തവ വിശ്വസത്തെ നിയന്ത്രിക്കാൻ ചൈന ശ്രമിച്ചിരുന്നു.

മതങ്ങളെയും വിശ്വാസികളെയും നിയന്ത്രിക്കുന്നതിന് ചൈന ആധുനിക മാർഗങ്ങൾ അവലംബിക്കുന്നതായി ഈ രംഗത്ത് ഗവേഷണം നടത്തുന്ന സാറ കുക്ക് പറയുന്നു. ഓൺലൈനിലൂടെയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും അതിന്റെ ഭാഗമായാണ്. ചൈനീസ് സർക്കാരിന്റെ മതകാര്യ വിഭാഗം ചൈനയിലെ ക്രൈസ്തവ സഭയ്ക്ക് അഞ്ചുവർഷത്തെ പ്രവർത്തന പദ്ധതികൾ വ്യക്തമാക്കിക്കൊണ്ട് മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ചൈനീസ് ജനതയുടെ ചരിത്രത്തെ അപമാനിക്കുംവിധം മതം പ്രവർത്തിക്കരുതെന്ന കർശന നിർദ്ദേശവും ഇതിലുണ്ട്.

1951 മുതൽക്ക് വത്തിക്കാനുമായുള്ള ബന്ധമില്ലാതെയാണ് ചൈനയിലെ ക്രൈസ്തവ സഭ പ്രവർത്തിക്കുന്നത്. ചൈനയിലെ ബിഷപ്പുമാരെ നിയമിക്കുന്നത് മാർപാപ്പയുമല്ല. ഇപ്പോൾ ബൈബിൾ ഓൺലൈനിലൂടെ വിൽക്കുന്നതിനും സർക്കാർ തടയിട്ടതോടെ, വത്തിക്കാൻ പ്രതിനിധികൾ ചൈനീസ് സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാവുന്ന പ്രതീക്ഷയിലാണ് അവിടുത്തെ വിശ്വാസികൾ. ചൈനയിലെ മതസ്വാതന്ത്ര്യത്തിനുമേൽ എന്നെന്നേക്കുമായി പൂട്ടുവീഴുന്നതിന് മുമ്പ് അത്തരമൊരു ചർച്ചയുണ്ടാകുമോയെന്ന കാര്യവും അവർ ഉറ്റുനോക്കുന്നു.