ജയ്പൂർ: ഖ്വായ്ദി ജെയിലിലെ 106-ാം നമ്പർ തടവുകാരനായ സൽമാൻ ഖാൻ ആകെ നിരാശനാണ്. പ്രഭാത ഭക്ഷണമോ ഉച്ച ഭക്ഷണമോ ഒന്നും കഴിക്കാൻ സൽമാൻ തയ്യാറാകുന്നില്ല. ജയിലിൽ തടവുകാർക്ക് ലഭിക്കുന്ന വെള്ളം മാത്രമാണ് സൽമാൻ കുടിക്കുന്നത്. വ്യാഴാഴ്ച രാത്രി അത്താഴം കഴിക്കാതെ ഉറങ്ങാൻ കിടന്ന സൽമാൻ വെള്ളിയാഴ്ച രാവിലെ ജയിൽ അധികൃതർ നൽകിയ പ്രഭാത ഭക്ഷണവും കഴിച്ചില്ല.

എന്നാൽ ജയിലിലെത്തിയിട്ടും സൽമാൻ തന്റെ പതിവ് വ്യായാമം മുടക്കിയില്ല. രണ്ടു നേരവും താരം മൂന്ന് മണിക്കൂറോളം വ്യായാമം ചെയ്തു. ജയിലിലെ രണ്ടാം വാർഡിനകത്തായിരുന്നു മണിക്കൂറുകൾ നീണ്ട താരത്തിന്റെ എക്‌സർസൈസ് നടന്നത്. ചാട്ടം, ക്രഞ്ച്, പുഷ് അപ്, സ്‌കിപ്പിങ്, തുടങ്ങിയ വ്യായമ മുറകൾ മൂന്ന് മണിക്കൂറോളം നീണ്ടു.

ഭക്ഷണം കഴിക്കാതെ ക്ഷീണിതനായി കണ്ടതോടെ ജയിൽ ഉദ്യോഗസ്ഥൻ ഡോക്ടറെ കാണണമോ എന്ന് സൽമാനോട് ആരാഞ്ഞു. എന്നാൽ വേണ്ടെന്ന് തലയാട്ടിയ താരം തറയിൽ വിരിച്ചിരുന്ന പായിൽ കിടന്ന് ഉറങ്ങാനും തുടങ്ങി. രാവിലെ 6.30ന് മുൻപ് ജയിൽ അലാറം മുഴങ്ങും മുന്നേ എഴുന്നേറ്റു. വീണ്ടും കിടന്ന ശേഷം 8.30ന് എഴുന്നേറ്റു.

പ്രഭാത ഭക്ഷണം നിരസിച്ച സൽമാൻ ജയിൽ ഉദ്യോഗസ്ഥരോട് ജയിൽ കാന്റീനിൽ നിന്നും എന്തെങ്കിലും വാങ്ങാൻ അനുവദിക്കുമോ എന്നും ആരാഞ്ഞു. ഒരു ഗ്ലാസ് പാലും ബ്രഡുമാണ് സൽമാൻ ആവശ്യപ്പെട്ടത്. അത് നൽകുകയും ചെയ്തു.

11.30ഓടെ ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞ താരം അസ്വസ്ഥനായി. ഉച്ച ഭക്ഷണവും കഴിച്ചില്ല. മൂന്ന് നേരവും ഭക്ഷണം കഴിക്കാതിരുന്ന താരം പ്രീതിസിന്റയേയും സഹോദരിയായ അർപിതയേയും അൽവിരയേയും കണ്ടപ്പോൾ സന്തോഷവാനായി. നേരം വെളുത്തപ്പോൾ ഒരു ഗ്ലാസ് പാലും രണ്ട് കഷ്ണം ബ്രഡും മാത്രം കഴിച്ച താരം വീണ്ടും എക്‌സർസൈസ് ചെയ്യുന്നത് കണ്ടപ്പോൾ ജയിൽ അധികൃതരും അത്ഭുതപ്പെട്ടുപോയി. മൂന്ന് മണിക്കൂറോളം വീണ്ടും എക്‌സർസൈസ് ചെയ്തു. 3.30ന് തുടങ്ങിയ എക്‌സർസൈസ് വൈകിട്ട് 6.30 വരെ നീണ്ടു.

7.30 ഓടെ ജയിൽ സ്റ്റാഫ് ഡിന്നർ വിളമ്പി. എന്നാൽ വാർഡിൽ നിന്നും സൽമാൻ പുറത്തേക്ക് ഇറങ്ങി വന്നില്ല. അതിനാൽ സൽമാന് തന്റെ മുറിയിൽ ഭക്ഷണം വിളമ്പി കൊടുത്തു. പിന്നീട് കുളിക്കണമെന്നും ആവശ്യപ്പെട്ടു. അതിനും വാർഡിനുള്ളിൽ തന്നെ സൗകര്യം ഒരുക്കി കൊടുത്തു. സഹോദരിമാരെ കാണാൻ അവസരം ഉണ്ടായെങ്കിലും അച്ഛനമ്മമാരോട് സംസാരിക്കാൻ സൽമാന് കഴിഞ്ഞില്ല.