കൊച്ചി: അക്രമികൾ വീടാക്രമിച്ചതിൽ ഭീതിയിലായ ഗൃഹനാഥൻ തൂങ്ങിമരിച്ചത് ആർ.എസ്.എസിന്റെ ഭീഷണിയെതുടർന്ന്. വരാപ്പുഴ ദേവസ്വംപാടം കുളമ്പ്കണ്ടം (ചിട്ടിത്തറ) വീട്ടിൽ മല്ലുവിന്റെ മകൻ വാസുദേവൻ (56) ആണ് ആർ.എസ്.എസിന്റെ ഭീഷണിയെതുടർന്ന് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് വാസുദേവന്റെ സഹോദരൻ ദിവാകരനും സമീപവാസിയായ സുമേഷ് എന്ന യുവാവും തമ്മിൽ വാക്കുതർക്കവും അടിപിടിയുമുണ്ടായി. ഇതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ വാസുദേവനും മകനും ദിവാകരനൊപ്പം സുമേഷിന്റെ വീട്ടിലെത്തി സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടർന്നും ഇവർ തമ്മിൽ തർക്കവും അടിപിടിയുമുണ്ടായതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഈ സംഭവം സുമേഷ് തന്റെ കുട്ടുകാരോട് പറഞ്ഞു.

ഉച്ചയോടെ സുമേഷും സംഘവും വാസുദേവന്റെ വീട് അടിച്ചുതകർക്കുകയായിരുന്നു. വീടിന്റെ വാതിലുകളും ജനലുകളും അക്രമിസംഘം അടിച്ചുതകർത്തു. അടിപിടിക്കിടെ വാസുദേവന്റെ മകൻ വിനീഷിന്റെ കൈക്ക് മുറിവേൽക്കുകയും ചെയ്തു. വീടിന്റെ ജനൽ ചില്ലുകളും വാതിലും തകർത്ത അക്രമിസംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെ വീട്ടിലുണ്ടായിരുന്നവർക്കും മർദനമേറ്റു. അക്രമത്തിനു ശേഷം ഭീഷണി മുഴക്കി സംഘം സ്ഥലം വിട്ടുപോയി.

തുടർന്ന് വാസുദേവന്റെ ഭാര്യ സീതയും മകൻ വിനീഷും വരാപ്പുഴ പൊലീസിൽ പരാതി നൽകാൻ പോയ സമയത്താണ് വാസുദേവൻ വീടിനുള്ളിലെ മുറിയിൽ തൂങ്ങിയത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന മകൾ വിനീതയാണ് വാസുദേവൻ മുറിയിൽ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ തന്നെ പരിസരവാസികൾ ചേർന്ന് വാസുദേവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ആലുവ ഡിവൈ.എസ്‌പി. പ്രഫുല്ലചന്ദ്രൻ, പറവൂർ സർക്കിൾ ഇൻസ്‌പെക്ടർ ജി.എസ്. ക്രിസ്?പിൻ സാം എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. എസ്‌പി.യുടെ പ്രത്യേക പൊലീസ് സംഘവും സ്ഥലത്തുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുന്നതിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് 9 ആർഎസ്എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

വരാപ്പുഴ ദേവസ്വംപാടത്ത് സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് എൽ.ഡി.എഫ്. ഹർത്താൽ ആചരിക്കുപകയാണ്. വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മാർക്കറ്റ് ഉൾപ്പെടെയുള്ള കടകമ്പോളങ്ങൾ പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ കുറെയേറെ നാളുകളായി ആർ.എസ്.എസിന്റെ കീഴിലുള്ള ഗുണ്ടാസംഘം ഇവിടെ സ്വരൈവിഹാരം നടത്തുകയാണ്.