കാർബൺ മോണോക്സൈഡ് നാമറിയാതെ നമ്മെ മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന അതിഭീകരനാണെന്ന് മിക്കവർക്കും ഇപ്പോഴും അറിയാത്ത കാര്യമാണ്. അതിനുള്ള അവസരങ്ങൾ നാം അറിഞ്ഞോ അറിയാതെയോ ധാരാളമായി സൃഷ്ടിക്കുന്നുമുണ്ട്. എസി ഓൺ ചെയ്ത് കാറിൽ കിടന്നുറങ്ങുന്നത് മിക്കവരുടെയും ശീലമാണ്. അത്തരം വേളകളിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് നാം മരണത്തിലേക്ക് കാൽ തെറ്റി വീഴാൻ സാധ്യതയേറെയാണ്. ഇതറിഞ്ഞിട്ടും നമ്മിൽ പലരും ആ ദുശ്ശീലം ആവർത്തിക്കുകയാണ്.

അതു പോലെ വീട്ടിലെ എസിയും ബോയിലറും ഗ്യാസും ഒക്കെ താറുമാറായി പണി മുടക്കിയാലും അവ വേണ്ട വിധത്തിൽ പരിപാലിച്ചില്ലെങ്കിലും അവയിൽ നിന്നും കാർബൺ മോണോക്സൈഡ് ലീക്ക് ചെയ്ത് നമുക്ക് വിഷബാധയുണ്ടായി അപകടം സംഭവിച്ചേക്കാമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്. ഇന്നലെ നോർത്ത് ലണ്ടനിലെ ഒരു വീട്ടിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരിച്ച രണ്ട് പേർ ഇത്തരം ദുരന്തത്തിന് അടിപ്പെട്ട ഏറ്റവും പുതിയ ബലിയാടുകളാണ്. ഇവർ നമ്മുടെ ഉറക്കം കെടുത്തുകയാണ്. ഈ ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നതിന്റെ അപകടസാധ്യതകൾ വിശദമായ അവലോകനം ചെയ്യുകയാണിവിടെ.

38ഉം 42ഉം വയസുള്ള രണ്ട് പേരാണ് നോർത്ത് ലണ്ടനിലെ എഡ്ഗ് വെയറിലെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കാർബൺ മോണോക്സൈഡ് ലീക്കുണ്ടായി വിഷബാധയേറ്റാണ് മരണകാരണമെന്ന സംശയം ശക്തമാണ്. അടുത്തുള്ള വീട്ടിലെ അഞ്ച് പേരെ മുൻകരുതലായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്.

സംഭവത്തെ തുടർന്ന് ഹാരോവിലെ പൊലീസ് ഉച്ചക്ക് ഈ വീട്ടിലേക്ക് കുതിച്ചെത്തിയിരുന്നുവെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് വക്താവ് വെളിപ്പെടുത്തുന്നത്.മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കുന്നുണ്ട്. വീട്ടിൽ കാർബൺ മോണോക്സൈഡ് ലീക്കുണ്ടായതാണ് മരണകാരണമെന്ന് പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും അനുമാനിക്കുന്നുണ്ട്.

കാർബൺ മോണോക്സൈഡ് എങ്ങനെ മരണകാരണമാകുന്നു...??

വളരെ വിഷമയമായ വാതകമാണ് കാർബൺ മോണോക്സൈഡ്. ഇതിന് മണമോ സ്വാദോ ഇല്ല. ഇത് വൻതോതിൽ ശ്വസിക്കാനിടയായാൽ അറിയാതെ മരണത്തിലേക്ക് വഴുതി വീഴുമെന്നുറപ്പാണ്. ഇംഗ്ലണ്ടിലും വെയിൽസിലും പ്രതിവർഷം ഏതാണ്ട് 25 മരണങ്ങൾ ഇത്തരത്തിലുണ്ടാകുന്നുണ്ട്. കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നതിനെ തുടർന്ന് ഇത് നിങ്ങളുടെ രക്തചംക്രമണത്തിലേക്ക് എത്തുകയും ഹീമോഗ്ലോബിനുമായി കൂടികലരുകയുമാണ് ചെയ്യുന്നത്. തൽഫലമായി കാർബോഹീമോഗ്ലോബിനുണ്ടാകുന്നു.ഇതിനെ തുടർന്ന് രക്തത്തിന് അധികനേരം ഓക്സിജനെ വഹിക്കാനാവുന്നില്ല. ഇതിനെ തുടർന്ന് ശരീരത്തിലെ കോശങ്ങളിലും കലകളിലും ഓക്സിജൻ കുറയുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.

കാർബൺ മോണോക്സൈഡ് വിഷബാധയുടെ ലക്ഷണങ്ങൾ

കാർബൺ മോണോക്സൈഡ് വിഷബാധയുടെ ലക്ഷണങ്ങൽ എപ്പോഴും പ്രകടമാവണമെന്നില്ല. പ്രത്യേകിച്ചും കുറഞ്ഞ അളവിലുള്ള വാതകവുമായി സമ്പർക്കമുണ്ടാകുമ്പോൾ ലക്ഷണങ്ങൾ തീരെ കാണാൻ സാധിച്ചെന്നും വരില്ല. മാനസിക സമ്മർദം പോലുള്ള തലവേദനയാണ് ഏറ്റവും സർവസാധാരണമായതും പൊതുവായതുമായ ലക്ഷണം.മോഹാലസ്യം,ഛർദി,തളർച്ച, വയറു വേദന,ശ്വാസം കഴിക്കാനുള്ള ബുദ്ധിമുട്ട്,തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്. ചുരുങ്ങിയ അളവിലുള്ള കാർബൺ മോണോക്സൈഡുമായി സമ്പർക്കമുണ്ടായാലുള്ള ലക്ഷണങ്ങൾ ഭക്ഷ്യവിഷബാധയുടെയും പനിയുടെയും ലക്ഷണങ്ങൾക്ക് സമാനമാണ്. എന്നാൽ ഇതിന് പനിക്ക് സമാനമായ തോതിൽ ശാരീരികോഷ്മാവ് വർധിക്കില്ല. കാർബൺ മോണോക്സൈഡുമായി നിരന്തരം സമ്പർക്കമുണ്ടാവുകയും ചികിത്സ വൈകുകയും ചെയ്താൽ കാര്യങ്ങൾ വഷളായേക്കാം. കാർബൺ മോണോക്സൈഡ് ഉറവിടത്തിൽ നിന്നും നിങ്ങൾ എത്രത്തോളം അകലത്താണോ അത്രത്തോളം ലക്ഷണങ്ങൾ പ്രകടമാവില്ല.

കാർബൺ മോണോക്സൈഡ് ലീക്കിനുള്ള കാരണങ്ങൾ

ഗ്യാസ്, ഓയിൽ, കൽക്കരി, മരം തുടങ്ങിയ ഇന്ധനങ്ങൾ പൂർണമായും കത്താരിക്കുന്ന അവസ്ഥയിലാണ് കാർബൺ മോണോക്സൈഡ് സൃഷ്ടിക്കപ്പെടുന്നത്. കത്തുന്ന ചാർകോൾ, ഓടുന്ന കാറുകൾ, കത്തുന്ന സിഗററ്റ് എന്നിവയും ഈ വിഷവാതകം ഉൽപാദിപ്പിച്ചേക്കാം. നിരവധി വീടുകളിലെ ബോയിലറുകൾ, ഗ്യാസ് ഫയറുകൾ, സെൻട്രൽ ഹീറ്റിങ് സിസ്റ്റംസ്, വാട്ടർ ഹീറററുകൾ, കുക്കറുകൾ, ഓപ്പൺ ഫയേർസ്,എന്നിവയിൽ ഗ്യാസ്, ഓയിൽ, കൽക്കരി, മരം തുടങ്ങിയവയാണ് ഇന്ധന ഉറവിടങ്ങളായി ഉപയോഗിക്കുന്നത്. അതിനാൽ ഇവ വേണ്ട വിധം മെയിന്റയിൻ ചെയ്തില്ലെങ്കിൽ ഇവയിൽ നിന്നും കാർബൺ മോണോക്സൈഡ് ലീക്കാകാനും വിഷബാധയുണ്ടായി അപകടം സംഭവിക്കാനും സാധ്യതയേറെയാണ്.

വേണ്ട വിധത്തിൽ ഇൻസ്റ്റാൾ ചെയ്യാത്ത കുക്കറുകൾ, ഹീറ്ററുകൾ, സെൻട്രൽ ഹീറ്റിങ് ബോയിലറുകൾ, തുടങ്ങിയവ കാരണം അപ്രതീക്ഷിതമായി കാർബൺ മോണോക്സൈഡ് സമ്പർക്കമുണ്ടാകാൻ സാധ്യതയുണ്ട്. കാരവാനുകൾ, ബോട്ടുകൾ, മൊബൈൽ ഹോമുകൾ എന്നിവിടങ്ങളിൽ പോർട്ടബിൽ ഡിവൈസുകളിൽ നിന്നും കാർബൺ മോണോക്സൈഡ് സമ്പർക്കമുണ്ടാകാൻ സാധ്യതയേറെയാണ്. ബ്ലോക്ക് ചെയ്ത ചിമിനികൾ ഈ വിഷവാതകത്തിന്റെ പ്രഭവകേന്ദ്രങ്ങളാണ്. കൊട്ടിയടക്കപ്പെട്ട ഇടങ്ങളിലോ അല്ലെങ്കിൽ വായുസഞ്ചാരമില്ലാത്ത ഇടങ്ങളിലോ ഇന്ധനം കത്തിക്കുമ്പോഴും കാർബൺ മോണോക്സൈഡ് അപകടം വരുത്തി വയ്ക്കും.പെട്രോൾ പവേഡ് ജനറേറ്റർ, ഗാരേജിനുള്ളിൽ ബാർബിക്യൂ , കൊട്ടിയടക്കപ്പെട്ട അടുക്കളയിലെ താറുമാറായ ബോയിലർ തുടങ്ങിയവും കാർബൺ മോണോക്സൈഡ് അപകടം വരുത്തി വയ്ക്കും.

ചികിത്സ

ചെറിയ തോതിലാണെങ്കിൽ കാർബൺ മോണോക്സൈഡ് സമ്പർക്കമുണ്ടായാൽ ജിപിയിൽ നിന്നും ഉപദേശം തേടണം. ഗുരുതരമായരീതിയിൽ സമ്പർക്കമുണ്ടായാൽ ഉടൻ ലോക്കൽ ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണം.രക്തത്തിൽ എത്രത്തോളം കാർബോ ഹിമോഗ്ലോബിനുണ്ടായെന്ന് രക്തപരിശോധനയിലൂടെ നിർണയിക്കാം. ചെറിയ തോതിലുള്ള സമ്പർക്കത്തിന് ഹോസ്പിറ്റൽ ട്രീറ്റ്മെന്റ് വേണ്ട. എന്നാൽ ഈഅവസരത്തിലും വൈദ്യോപദേശം തേടണം. ആശുപത്രിയിൽ നിന്നും തിരിച്ച് വരുന്നതിന് മുമ്പ് വീീട്ടിൽ വാതക ചോർച്ചയില്ലെന്ന് പരിശോധിച്ചുറപ്പ് വരുത്തണം. ഉയർന്ന അളവിൽ കാർബൺ മോണോക്സൈഡ് ബാധയുണ്ടായാൽ സ്റ്റാൻഡേർ ഓക്സിജൻ തെറാപ്പിക്ക് വിധേയമാകണം. ചില കേസുകളിൽ കാർബൺ മോണോക്സൈഡ് വിഷബാധയെ തുടർന്ന് രക്ഷപ്പെടാൻ ഹൈപർബാറിക് ഓക്സിജൻ തെറാപ്പിക്ക് വിധേയമാകേണ്ടി വരും. ഗുരുതരമായ കാർബൺ മോണോക്സൈഡ് വിഷബാധയാൽ മസ്തിഷ്‌കത്തിനും ഹൃദയത്തിനും കടുത്ത പ്രശ്നങ്ങളുണ്ടാകാം. അവസ്ഥ രൂക്ഷമായാൽ മരണം വരെ സംഭവിക്കാം.

ലീക്കുണ്ടെന്ന് തോന്നിയാൽ എന്ത് ചെയ്യണം...?

കാർബൺ മോണോക്സൈഡ് ലീക്കുണ്ടെന്ന് തോന്നിയാൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന എല്ലാ ഉപകരണങ്ങളും പ്രവർത്തനം നിർത്തണം. വാതിലുകളും ജനാലകളും തുറന്നിടണം. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കണം. അനാവശ്യമായ പരിഭ്രാന്തി ഉണ്ടാക്കി ഹൃദയമിടിപ്പും ടെൻഷനും കൂട്ടരുത്.ഗ്യാസ് എമർജൻസിനമ്പറായ 0800 111 999 ൽ വിളിച്ച് സംഭവം റിപ്പോർട്ട് ചെയ്യണം. എമർജൻസി സർവീസസിൽ നിന്നും ഉപദേശം ലഭിക്കുന്നത് വരെ ലീക്കുണ്ടായ പ്രോപ്പർട്ടിയിലേക്ക് പോകരുത്. അടിയന്തിരമായി വൈദ്യസഹായം തേടണം.