ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം ഇന്ത്യയടക്കം യൂറോപ്പിന് പുറത്തുള്ള പരമാവധി രാജ്യങ്ങളുമായി വ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള നീക്കങ്ങൾ ബ്രിട്ടൻ തകൃതിയാക്കിയിരിക്കുന്ന സമയാണല്ലോ ഇത്. എന്നാൽ ഇന്ത്യയ്ക്ക് ബ്രിട്ടനുമായി ബ്രെക്സിറ്റിന് ശേഷം വ്യാപാരക്കരാറുണ്ടാക്കുന്നതിന് യാതൊരു തിടുക്കവുമില്ലെന്നാണ് ഇന്ത്യ തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. പകരം ഭാവിയിലെ വ്യാപാര ബന്ധത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് എളുപ്പത്തിൽ ബ്രിട്ടനിലെത്തുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തണമെന്നാണ് ഇന്ത്യ ഇപ്പോൾ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.

അതായത് ഇനി ബ്രിട്ടനുമായി ഏത് വ്യാപാരക്കരാറുകൾ ചർച്ച ചെയ്യണമെങ്കിലും ആദ്യം ഇന്ത്യൻ പൗരന്മാർക്ക് കുടിയേറ്റം ഉറപ്പിക്കണമെന്നാണ് ഇന്ത്യ ബ്രിട്ടനോട് ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കുടിയേറ്റം നിയന്ത്രിക്കാൻ പ്രഖ്യാപിച്ച ബ്രെക്സിറ്റ് പാരയാകുമെന്ന ഭയപ്പാടിലായിരിക്കുകയാണ് ബ്രിട്ടൻ. ബ്രെക്സിറ്റിന്റെ പേരിൽ യൂറോപ്പുമായുള്ള ബ്രിട്ടന്റെ വിലപേശൽ പാളുന്നതിനിടെയാണ് ഇന്ത്യയുടെ വക പുതിയ കമ്പിപ്പാരയെത്തിയിരിക്കുന്നത്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായ യാഷ് വർധൻ സിൻഹയാണ് ഇന്ത്യയുടെ പുതിയ ആവശ്യം ലണ്ടനിൽ വച്ച് ശക്തമായി ഉന്നയിച്ചിരിക്കുന്നത്.

യൂറോപ്യൻയൂണിയനിൽ നിന്നും ബ്രെക്സിറ്റിലൂടെ വിടപറയുന്നതിനെ തുടർന്ന് ബ്രിട്ടന് ഇന്ത്യ, യുഎസ്, ചൈന എന്നിവയടക്കമുള്ള ആഗോള സാമ്പത്തിക ശക്തികളുമായി പുതിയ വ്യാപാരക്കരാറുകളിൽ ഒപ്പ് വയ്ക്കുന്നതിന് അനായാസം സാധിക്കുമെന്ന് ട്രെഡ് സെക്രട്ടറി ലിയാം ഫോക്സ് അടക്കമുള്ള പ്രമുഖ ബ്രെക്സിറ്റർമാർ വാദിക്കുന്നതിനിടെയാണ് പുതിയ ഡിമാന്റുമായി ഇന്ത്യ മുന്നോട്ട് വന്നിരിക്കുന്നതെന്നത് നിർണായകമാണ്. ബ്രിട്ടനുമായി സാധ്യമായഏറ്റവും നല്ലൊരു ഡീലിൽ ഒപ്പ് വയ്ക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നാണ് ലണ്ടനിൽ വച്ച് പൊളിറ്റിക്കോയോട് സംസാരിക്കവെ സിൻഹ വെളിപ്പെടുത്തുന്നത്.

എന്നാൽ ബ്രിട്ടനുമായി ഡീലുണ്ടാക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിൽ മുൻഗണനയേകുന്നില്ലെന്നും സിൻഹ പറയുന്നു. ഇന്ത്യൻ പൗരന്മാർക്ക് യുകെയിലേക് എളുപ്പത്തിൽ വരാനും ജോലി ചെയ്യാനും സാധിക്കുന്ന കരാറോട് കൂടിയ വ്യാപാര ക്കരാറിൽ മാത്രമേ ബ്രെക്സിറ്റിന് ശേഷം ഒപ്പ് വയ്ക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുള്ളുവെന്ന പഴയ മുന്നറിയിപ്പ് സിൻഹ ആവർത്തിക്കുകയായിരുന്നു.ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണെന്നും അതില്ലാത്ത ഒരു വ്യാപാരക്കരാറിൽ ഒപ്പ് വയ്ക്കാൻ ഇന്ത്യക്ക് താൽപര്യമില്ലെന്നുമാണ് സിൻഹ ശക്തമായി സൂചിപ്പിച്ചിരിക്കുന്നത്.

ലണ്ടനും ന്യൂഡൽഹിയുംതമ്മിൽ ഒപ്പ് വയ്ക്കുന്ന ഏത് സ്വതന്ത്ര വ്യാപാര കരാറിനുമുള്ള വിലയായി ബ്രിട്ടൻ നിർബന്ധമായും കൂടുതൽ ഇന്ത്യൻ കുടിയേറ്റക്കാരെ സ്വീകരിച്ചേ മതിയാവൂ എന്നായിരുന്നു നവംബറിൽ സിൻഹ ടെലിഗ്രാഫിനോട് പറഞ്ഞിരുന്നത്. തീരെ നിയന്ത്രണമില്ലാതെ ഇന്ത്യക്കാരെ ബ്രിട്ടനിലേക്ക് വരാൻ അനുവദിക്കണമെന്നല്ല താൻ ആവശ്യപ്പെടുന്നതെന്നും മറിച്ച് പ്രഫഷണലുകൾ, ഡോക്ടർമാർ , സാങ്കേതിക വിദഗ്ദ്ധർ, എൻജിനീയർമാർ, തുടങ്ങിയവർക്ക് അനായാസം ബ്രിട്ടനിലെത്താൻ സാധിക്കുന്ന സാഹര്യമുണ്ടാക്കുന്നതിനാണ് താൻ ആവശ്യപ്പെടുന്നതെന്നും ഈ കൈമാറ്റത്തിലൂടെ ഇരുരാജ്യങ്ങൾക്കും ഗുണമുണ്ടാകുമെന്നും സിൻഹ വിശദീകരിക്കുന്നു.