ധുനിക ലോകത്ത് ഒരാൾ ദിവസത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് ഒന്നുകിൽ ഒരു സ്മാർട്ട്‌ഫോണിനൊപ്പമോ അല്ലെങ്കിൽ ഒരു ലാപ്‌ടോപ്പിനൊപ്പമോ ആയിരിക്കും. സ്മാർട്ട്‌ഫോണുകൾ സാധാരണക്കാരുടെ ജീവിതത്തിൽപ്പോലും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഇങ്ങനെ ജീവിതത്തിന്റെ ഭാഗം തന്നെയായി മാറിക്കഴിഞ്ഞ ഗാഡ്‌ജെറ്റുകൾക്ക് തകരാറ് സംഭവിക്കാതെ അവ വൃത്തിയാക്കുന്നതെങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഗുഡ് ഹൗസ്‌കീപ്പിങ് ഇൻസ്റ്റിറ്റ്യൂട്ട് അതിനുള്ള ഉപായങ്ങളാണ് നമുക്ക് പറഞ്ഞുതരുന്നത്.

സ്മാർട്ട്‌ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും സ്‌ക്രീൻ അണുക്കളുടെ വാസസ്ഥലം കൂടിയാണ്. ചെവിയോടും വായയോടും ചേർത്ത് പിടിക്കുന്ന സ്‌ക്രീനിലൂടെ അണുക്കൾ നിങ്ങളുടെ ഉള്ളിലെത്താനുള്ള സാധ്യതയുമേറെയാണ്. സ്ത്രീൻ വൃത്തിയാക്കുന്നതിനായി വിൻഡോ സ്്േ്രപ പോലുള്ളവ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ, ഇത്തരം സ്‌പ്രേകൾ ഉപയോഗിക്കുന്നത് സ്‌ക്രീനിൽ വിരലടയാളം പതിയാതെ സൂക്ഷിക്കുന്ന ഓലിയോഫോബിക് കോട്ടിങ് നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ഗുഡ് ഹൗസ്‌കീപ്പിങ് പറയുന്നു. സ്‌പ്രേകൾ ഉപയോഗിക്കുന്നതിന് പകരം, ഉണങ്ങിയ മൈക്രോഫൈബർ തുണിയുപയോഗിച്ച് സ്‌ക്രീൻ വൃത്തിയാക്കുകയാണ് വേണ്ടത്. സ്‌ക്രീനിൽ പോറലോ പാടോ വീഴാതാരിക്കാൻ വട്ടത്തിൽ തുടച്ചുവേണം വൃത്തിയാക്കാൻ.

എപ്പോഴും ചെവിയിൽ ഇയർഫോണുകളും തിരുകിയാണ് പുതുതലമുറയുടെ നടപ്പ്. ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ# ഇയർഫോണുകൾ ചെവിക്കുള്ളിൽ അണുബാധയ്ക്കിടയാക്കും. ഇയർഫോണുകളുടെ അറ്റത്തുള്ള ഇയർ ബഡ്‌സാണ് വൃത്തിയാക്കേണ്ടത്. സിലിക്കോൺ കൊണ്ടുള്ളവയാണെങ്കിൽ, ഇവ ഇയർഫോണിൽനിന്ന് എടുത്തശേഷം ചെറുചൂടുള്ള സോപ്പുവെള്ളം ഉപയോഗി്ച്ച് കഴുകിയശേഷം പഞ്ഞിയോ തുണിയോ ഉപയോഗിച്ച് ഒപ്പിയെടുക്കാം. ഉണങ്ങിയശേഷം മാത്രമേ ഇവ ഇയർഫോണിലേക്ക് വീണ്ടും ഘടിപ്പിക്കാവൂ. സ്‌പോഞ്ച് പോലുള്ള ഇയർ ബഡ്‌സാണെങ്കിൽ അവ നനഞ്ഞതുണികൊണ്ട് തുടച്ച് വൃത്തിയാക്കാം. ഇയർബഡ്‌സ് ഊരിയശേഷം ഇയർഫോണുകളുടെ സ്പീക്കറിലുള്ള അഴുക്ക് നീക്കാൻ ടൂത്ത്ബ്രഷോ മറ്റോ ഉപയോഗിക്കാം.

ലാപ്‌ടോപ്പ് സ്‌ക്രീനുകൾ വൃത്തിയാക്കുന്നതിനും മൈക്രോഫൈബർ തുണിയാണ് അഭികാമ്യം. കീബോർഡിനിടയിൽ കടന്നിട്ടുള്ള പൊടിപടലങ്ങൾ ചെറിയ പമ്പ് ഉപയോഗിച്ച് കാറ്റടിച്ച് തെറിപ്പിക്കാവുന്നതാണ്. എപ്പോഴും വിയർപ്പ് തട്ടാനിടയുള്ള ഫിറ്റ്‌നസ് ട്രാക്കേഴ്‌സും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വാട്ടർപ്രൂഫ് അല്ലാത്ത ട്രാക്കേഴ്‌സ് വൃത്തിയാക്കുന്നതിന് തുണി ഉപയോഗിക്കുന്നതാണ് നല്ലത്.

ലാപ്‌ടോപ്പുകളുടെയും പേഴ്‌സണൽ കംപ്യൂട്ടറുകളുടെയുമൊക്കെ കീബോർഡുകളും മൗസും അണുക്കണുടെ വിഹാരകേന്ദ്രങ്ങളാണെന്ന കാര്യം പലരും ഓർക്കാറില്ല. ടോയ്‌ലറ്റ് സീറ്റിനെക്കാൽ 400 മടങ്ങ്കൂടുതൽ ബാക്ടീരിയ പേഴ്‌സണൽ കംപ്യൂട്ടറിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ ഇതിന്റെ അളവ് വീണ്ടുംകൂടും. കംപ്യൂട്ടറിൽനിന്നുള്ള ബാക്ടീരിയകൾ ഉണ്ടാക്കുന്ന പനിയും ജലദോഷവും കോടിക്കണക്കിന് പ്രവർത്തിദിവസങ്ങളാണ് ഓരോവർഷവും ലോകത്തില്ലാതാക്കുന്നതെന്നും ഗവേഷകർ പറയുന്നു.