സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം വിളിച്ച് വിയോജിച്ച് പരസ്യമായി പ്രകടിപ്പിച്ചതിലൂടെയാണ് ജസ്റ്റിസ് കുര്യൻ ജോസഫ് ശ്രദ്ധാകേന്ദ്രമാകുന്നത്. നിലപാടുകൾ ശക്തമായി വെട്ടിത്തുറന്ന് പറയാനുള്ള ആർജവം അദ്ദേഹത്തെ വേറിട്ടുനിർത്തുന്നു. വിരമിച്ച ശേഷം സർക്കാർ നൽകുന്ന ആലങ്കാരിക പദവികളൊന്നും തനിക്കുവേണ്ടെന്ന് തുറന്നുപറയുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് താൻ നീതിയുടെ കാവലാളായിത്തുടരുമെന്നും വ്യക്തമാക്കുന്നു.

ജുഡീഷ്യറിയും മാധ്യമങ്ങളും ജനാധിപത്യത്തിന്റെ രണ്ട് കാവൽനായ്ക്കളാണെന്ന് അദ്ദേഹം പറഞ്ഞു. കാവൽനായ്കൾ കുരച്ചുകൊണ്ടേയിരിക്കും. ഉടമയുടെ സ്വത്തിനും ജീവനും ഭീഷണിയുണ്ടാകുമ്പോഴാണ് നായ്ക്കൾ കുരയ്ക്കുന്നത്. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാനാണ് ജുഡീഷ്യറിയും മാധ്യമങ്ങളും ശ്രമിക്കുന്നത്. എന്നാൽ, ആവർത്തിച്ച് കുരച്ചിട്ടും ജനാധിപത്യം സംരക്ഷിക്കേണ്ടവർ ഉറക്കം നടിക്കുകയാണെങ്കിൽ കാവൽനായ്ക്കൾ കടിക്കാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ചശേഷം സർക്കാർ പദവികൾ സ്വീകരിക്കുകയില്ലെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വറും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയ നാലംഗ ജഡ്ജിമാരിൽ ചെലമേശ്വറും അംഗമായിരുന്നു.. ഏതുസർക്കാരുകൾ ആവശ്യപ്പെട്ടാലും പദവി സ്വീകരിക്കില്ലെന്ന് കുര്യൻ ജോസഫ് കേരള മീഡിയ അക്കാദമി വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖത്തിൽ വ്യക്തമാക്കി. ന്യൂഡൽഹിയിലെ കേരള ഹൗസിലാണ് മുഖാമുഖം നടന്നത്.

കുരയ്ക്കുന്ന നായ്ക്കൾ കടിക്കില്ലെന്നാണ് പഴമൊഴി. എന്നാൽ, ചില സവിശേഷ സാഹചര്യങ്ങളിൽ കടിക്കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉടമയുടെ സ്വത്തിന് സംരക്ഷണം നൽകാൻ വേറെ വഴിയില്ലെങ്കിൽ അതിൽ തെറ്റുമില്ല. അതിന് നിർബന്ധിതരാക്കുന്ന സാഹചര്യം ഉടലെടുക്കാതെ നോക്കേണ്ടത് ഭരണാധികാരികളുടെ കർത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സത്യസന്ധമായും വസ്തുനിഷ്ഠമായു വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലല്ല, വീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിലാണ് ഇന്ന് മാധ്യമപ്രവർത്തകർക്ക് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. പഴയപോലുള്ള പ്രതിദ്ധത പല മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമില്ല. വാർത്തകളിലൂടെ അവതരിപ്പിക്കുന്ന വീക്ഷണങ്ങൾ മാധ്യമ ഉടമകളുടെ താത്പര്യത്തിന് അനുസരിച്ചാകുന്നത് തെറ്റായ പ്രവണതയാണെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു.