സിറിയയുടെ പേരിൽ ലോകരാഷ്ട്രങ്ങൾ മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാക്കിക്കൊണ്ട് ഭിന്നത രൂക്ഷമായി. ഡൗമ നഗരത്തിൽ പിഞ്ചുകുട്ടികളടക്കം അനേകം പേരുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തിന്റെ പേരിൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിനുമേൽ അമേരിക്ക വംശഹത്യ ആരോപിച്ചു. നാറ്റോയിൽ അമേരിക്കൻ അംബാസഡർ കെ ഹച്ചിസണാണ് സിറിയൻ പ്രസിഡന്റിനെതിരേ കടുത്ത വിമർശനവുമായി രംഗത്തുവന്നത്. ബ്രിട്ടനും ഫ്രാൻസും സിറിയക്കെതിരേ നടപടിവേണമെന്നും ആവശ്യപ്പെട്ടു.

സിറിയയെ നിലയ്ക്കുനിർത്താൻ സൈനിക നടപടിക്കുപോലും മടിക്കില്ലെനന്് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരത്തേ വ്യക്തമാക്കിയിരുന്നു. അമേരിക്ക ബാഷർ ഭരണകൂടത്തെ പുറത്തുചാടിക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ, ബാഷറെ പിന്തുണയ്ക്കുന്ന റഷ്യ ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. ഡൗമയിലെ ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണസമിതിയെ നിയോഗിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തെ സെക്യൂരിറ്റി കൗൺസിലിൽ റഷ്യ വീറ്റോ അധികാരമുപയോഗിച്ച് ചെറുത്തി. സിറിയക്കുവേണ്ടി 12-ാം തവണയാണ് റഷ്യ വീറ്റോ പ്രയോഗിക്കുന്നത്.

ഇത്തരത്തിലുള്ള വംശഹത്യ ചെറുക്കുന്നതിന് എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്നാണ് നാറ്റോയിലെ അമേരിക്കൻ പ്രതിനിധി കെയ് ഹച്ചിസൺ സ്‌കൈ ന്യൂസുമായുള്ള അഭിമുഖത്തിൽ പറഞ്ഞത്. രാസായുധമുപയോഗിച്ച് സ്വന്തം ആളുകളെയാണ് കൊല്ലുന്നതെങ്കിലും അത് വംശഹത്യയുടെ പരിധിയിൽ വരുമെന്നും അവർ പറഞ്ഞു. വിമതർക്ക് മുൻതൂക്കമുള്ള ഡൗമ പ്രവിശ്യയിൽ രാസായുധം പ്രയോഗിച്ച സിറിയൻ ഭരണകൂടത്തിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇ്മ്മാനുവൽ മാക്രോണും പ്രഖ്യാപിച്ചു.

ആക്രമണം കിരാതമെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ബാഷർ ഭകണകൂടത്തിനെതിരെ നടപടിയെടുക്കണമെന്ന കാര്യത്തിൽ ഏകാഭിപ്രായമാണ് പ്രരടിപ്പിച്ചത്. റഷ്യയുടെ വീറ്റോ നടപടിക്കെതിരേയും ബ്രിട്ടൻ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. സിറിയക്കെതിരെ നടപടി നിർദേശിക്കുന്ന യുഎൻ പ്രയോഗത്തെ വീറ്റോ ചെയ്തതുവഴി റഷ്യ സിറിയൻ ജനതയെ ബാഷറിനുവേണ്ടി ബന്ദിയാക്കിയിരിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ കുറ്റപ്പെടുത്തി.

ഐക്യരാഷ്ട്രസഭയിലെ 12 അംഗങ്ങൾ ഡൗമ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കണമെന്ന ആവശ്യത്തിന് പിന്തുണച്ചു. എന്നാൽ, റഷ്യക്കൊപ്പം ബൊളീവിയയും തീരുമാനത്തെ എതിർത്തു. ചൈന വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. സെക്യൂരിറ്റി കൗൺസിലിൽ ഒരു പ്രമേയം പാസാകുന്നതിന് ഒമ്പത് വോട്ടുകൾ കിട്ടിയാൽ മതി. എന്നാൽ, സ്ഥിരാംഗങ്ങളായ റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങൾ വീറ്റോ ചെയ്യാതിരിക്കണം.

സിറിയയിലെ രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാൻ പോലും അനുമതി നൽകാത്ത റഷ്യൻ നിലപാട് നിരാശാജനകമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. കുറഞ്ഞത് നാലുതവണയെങ്കിലും സ്വന്തം ജനതയ്ക്കുനേരെ രാസായുധം പ്രയോഗിച്ച ഭരണകൂടമാണ് സിറിയയിലേത്. എന്നിട്ടും അവർക്കൊപ്പം റ്ഷ്യ നിലകൊള്ളുന്നത് സിറിയൻ ജനതയെ ബന്ദിയാക്കുന്നതിന് തുല്യമാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. സെക്യൂരിറ്റി കൗൺസിലിലെ നിരാശാജനകമായ ദിവസമെന്നാണ് ബ്രിട്ടന്റെ പ്രതിനിധി കാരെൻ പിയേഴ്‌സ് അഭിപ്രായപ്പെട്ടത്.