ഡീസൽ കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വൻ ഇടിവ് മൂലം ടാറ്റയുടെ രണ്ട് ജാഗ്വാർ ഫാക്ടറികളിലും ഉത്പാദനം വെട്ടിക്കുറയ്ക്കുന്നു. ഇത് ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതിനും കാരണമാകും. ടാറ്റയുടെ കാസിൽ ബ്രോംവിച്ചിലേയും സോളിഹള്ളിലേയും ഫാക്ടറികളിലാണ് ഉത്പാദത്തിൽ വൻ വെട്ടിച്ചുരുക്കൽ നടത്തുന്നത്. അതുകൊണ്ടു തന്നെ ആയിരത്തോളം ടെമ്പററി ജീവനക്കാരുടെ കോൺട്രോക്ട് പുതുക്കി നൽകിയിട്ടില്ലെന്ന് അധികൃതർ വെളിപ്പെടുത്തി.

ഡീസൽ കാറുകൾക്കുള്ള ഡിമാൻഡിൽ കഴിഞ്ഞ വർഷം വൻ ഇടിവാണ് നേരിട്ടതെന്ന് ടാറ്റ വ്യക്തമാക്കി. 2007-ൽ പുതിയ കാറുകളുടെ വിൽപനയിൽ 5.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആറു വർഷത്തിൽ ആദ്യമായിട്ടായിരുന്നു വില്പനയിൽ ഇടിവുണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സർക്കാർ ഡീസൽ കാറുകൾക്കു മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഡീസൽ കാറുകളുടെ വിൽപനയിൽ വൻ ഇടിവ് ഉണ്ടാകാൻ കാരണമായി പറയുന്നത്. കൂടാതെ ബ്രക്‌സിറ്റിന്റെ പ്രത്യാഘാതങ്ങളും കാർ കമ്പനിയുടെ മേൽ സമ്മർദം ചൊലുത്തുന്നുണ്ടെന്ന് വിലയിരുത്തുന്നു.

കാർ വ്യവസായത്തിൽ വന്നു ചേർന്നിട്ടുള്ള പ്രത്യാഘാതങ്ങൾ മൂലം ഉദ്പാദനത്തിലും സ്റ്റാഫുകളുടെ എണ്ണത്തിലും വെട്ടിക്കുറയ്ക്കലുകൾ നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം കമ്പനി തന്നെ വ്യക്തമാക്കിക്കൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. പുതിയ ഉത്പന്നത്തിലും സാങ്കേതിക വിദ്യയിലും കൂടുതൽ നിക്ഷേപം നടത്താൻ ഹൈ സ്‌കിൽഡ് എൻജിനീയർമാരേയും ഗ്രജ്വേറ്റുകളേയും ഇനിയും നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. താത്ക്കാലിക ജീവനക്കാരുടെ എണ്ണം കുറച്ചതല്ലാതെ കമ്പനി പ്ലാന്റ് പൂട്ടുകയില്ലെന്ന് വെളിപ്പെടുത്തുന്നു. നാലു ബില്യൺ പൗണ്ടിലേറെ നിക്ഷേപം നടത്തിയിട്ടുള്ള യുകെ പ്ലാന്റിൽ പുതിയ മോഡൽ കാറുകൾ ഇനിയും ഉത്പാദിപ്പിക്കും.

യുകെയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവളിൽ 40,000ത്തിലധികം തൊഴിലാളികളാണുള്ളത്. കാസിൽ ബ്രോംവിച്ചിൽ 3200 തൊഴിലാളികളും സോളിഹള്ളിൽ പതിനായിരത്തോളം തൊഴിലാളികളും ജോലി ചെയ്യുന്നു. കഴിഞ്ഞ വർഷം കമ്പനി 532,107 വാഹനങ്ങളാണ് പുറത്തിറക്കിയത്. 2017നെ അപേക്ഷിച്ച് ഇത് 2.3 ശതമാനം കുറവായിരുന്നു. ഈ വർഷം മൂന്നു മാസത്തിലെ കണക്ക് അനുസരിച്ച് ജാഗ്വാറിന്റെ വിൽപന 26 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലാൻഡ് റോവറിന്റെ വിപണനത്തിൽ 20 ശതമാനം കുറവും നേരിട്ടിട്ടുണ്ട്.

ജാഗ്വാർ ലാൻഡ് റോവറിന്റെ ഈ തീരുമാനം ഓട്ടോമോട്ടീവ് ഇൻഡസ്ട്രിയിൽ വൻ അനിശ്ചിതത്വമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഓട്ടോമോട്ടീവ് സെക്ടർ സ്‌പെഷ്യലിസ്റ്റ് ഡോം ട്രൈബ് അഭിപ്രായപ്പെട്ടു. ജെഎൽആറിന്റെ 90 ശതമാനം ഉത്പാദനവും ഡീസൽ കാറുകളായതിനാൽ കമ്പനിയുടെ തീരുമാനം ഏറെ നിർണായകമാണെന്നും വിലയിരുത്തുന്നു.