ദമാസ്‌ക്കസ്: സിറിയയുടെ പേരിൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുന്നതിനുള്ള സാധ്യത നാൾക്ക് നാൾ വർധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം സിറിയക്കെതിരെ കഴിഞ്ഞയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഇറാൻ ശക്തമായി തിരിച്ചടിക്കാനൊരുങ്ങുന്നുവെന്നും സൂചനയുണ്ട്. കഴിഞ്ഞയാഴ്ചത്തെ ആക്രമണത്തിൽ സിറിയയിലെ ഇറാൻ മിലിട്ടറി ബേസിലുള്ള ഏഴ് ഇറാൻ പട്ടാളക്കാർ കൊല്ലപ്പെട്ടതിനുള്ള പക വീട്ടാനാണ് ഇറാൻ ഒരുങ്ങുന്നത്. ഏഴ് പട്ടാളക്കാർ കൊല്ലപ്പെട്ട കാര്യം പാശ്ചാത്യ മാധ്യമങ്ങൾ രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. ഇത്തരത്തിൽ ഇറാൻ ഏത് നിമിഷവും ഇസ്രയേലിന് നേരെ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിച്ച് ലോകരാജ്യങ്ങൾ കടുത്ത മുൻകരുതലിലാണെന്നും റിപ്പോർട്ടുണ്ട്.

തങ്ങൾ ഈ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇസ്രയേൽ തയ്യാറായിട്ടില്ല. എന്നാൽ ഏപ്രിൽ 9ന് സറിയയിൽ നടത്തിയ റെയ്ഡിന്റെ ഉത്തരവാദിത്വം തങ്ങൾ ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേലി ഡിഫെൻസ് ഫോഴ്സ് ഉറവിടം ന്യൂയോർക്ക് ടൈംസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സാണ് ഇസ്രയേലിനെതിരെ കടുത്ത ആക്രമണത്തിന് ഒരുങ്ങുന്നത്. ഇറാൻ സഖ്യകക്ഷിയായ സിറിയയിലെ ബേസുകളിലൊന്നിൽ നിന്നും തങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ ഡിഫെൻസ് ഫോഴ്സും വിശ്വസിക്കുന്നുണ്ട്.

എന്നാൽ ഇത്തരത്തിലൊരു ആക്രമണത്തിന് മുതിരരുതെന്ന് ഇസ്രയേൽ ടെഹ്റാന് മുന്നറിയിപ്പേകിയിട്ടുമുണ്ട്. സിറിയയിൽ നിന്നും തങ്ങൾക്കെതിരെ എന്ത് ആക്രമണം ഇറാൻ നടത്തിയാലും ശക്തമായി തിരിച്ചടിക്കുമെന്നാണ് ഐഡിഎഫ് ഉറവിടം സ്ഥിരീകരിച്ചിരിക്കുന്നത്. സിറിയയിൽ ഏഴ് വർഷമായി തുടർന്ന് വരുന്ന അഭ്യന്തരയുദ്ധത്തിനിടെ ഇസ്രയേൽ ചിലപ്പോഴൊക്കെ സിറിയയെ ആക്രമിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ ഇസ്രയേൽ തയ്യാറാവാറുമില്ല. സിറിയയിലെ ടിയാസ് എയർബേസ് ഇറാൻസൈന്യം ഇടക്കിടെ ഉപയോഗിക്കാറുണ്ടെന്നും അത് ഇസ്രയേൽ ഇഷ്ടപ്പെടുന്നില്ലെന്നും ഇസ്രയേലി ഒഫീഷ്യലുകൾ പ്രതികരിച്ചിട്ടുണ്ട്.

സിറിയൻ സൈന്യം വിമതർക്ക് നേരെ നടത്തിയ രാസായുധ പ്രയോഗപ്രശ്നത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള സ്പർധയും വർധിച്ചിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. അമേരിക്കയും ബ്രിട്ടനും ഫ്രാൻസും രാസായുധ പ്രയോഗത്തിനുള്ള പ്രതികാരമായി സിറിയയിൽ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു.ഇതിനെതിരെ റഷ്യ സിറിയക്ക് കടുത്ത സംരക്ഷണമേകി രംഗത്തെത്തുകയുമുണ്ടായി. ഇതിനെ തുടർന്ന് യുഎസും ബ്രിട്ടനും റഷ്യക്കെതിരെ കടുത്ത പോർവിളിയുമായി മുന്നോട്ട് വന്നിരുന്നു. ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയും മുന്നറിയിപ്പേകിയിട്ടുണ്ട്.