ജോഹന്നാസ് ബർഗ്: ഇനിയുള്ള യുദ്ധങ്ങൾ ശുദ്ധജലത്തിന് വേണ്ടിയുള്ളതായിരിക്കുമെന്ന മുന്നറിയിപ്പുകൾ ശക്തമാണ്. ലോകത്തിലെ നാല് പ്രമുഖ ജല സംഭരണികളിലെ ജലതത്തിന്റെ അളവ് ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നുവെന്നും അവ തീരെ ജലമില്ലാത്ത അവസ്ഥയായ ' ഡേ സീറോ' ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നുവെന്നും ഏറ്റവും പുതിയ പഠന റിപ്പോർട്ട് മുന്നറിയിപ്പേകുന്നു. ഇന്ത്യ, മൊറോക്കോ, സ്പെയിൻ, ഇറാഖ് എന്നിവയാണീ ഭീഷണി നേരിടുന്ന ജലഉറവിടങ്ങളെന്നാണ് റിസോഴ്സ് വാച്ച് തയ്യാറാക്കിയിരിക്കുന്ന പഠനറിപ്പോർട്ട് മുന്നറിയിപ്പേകുന്നത്. ദക്ഷിണാഫ്രിക്കയും ഈ പട്ടികയിൽ ഈ രാജ്യങ്ങളോടൊപ്പം നിലകൊണ്ടിരുന്നുവെങ്കിലും ഇവിടെ ജലത്തിന്റെ ഉപയോഗം 60 ശതമാനം കുറച്ചതോടെ ആ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടുവെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ദക്ഷിണാഫ്രിക്ക യുക്തിപരമായ നീക്കത്തിലൂടെ ജലമില്ലാതാകൽ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടുവെങ്കിലും ഇന്ത്യ ഇക്കാര്യത്തിൽ പാഠം പഠിച്ചിട്ടില്ലെന്നതാണ് കടുത്ത ആശങ്കയുയർത്തുന്നത്. തൽഫലമായി വെള്ളമില്ലാതെ ജീവിതം ദുരിതമാകുന്ന നാല് രാജ്യങ്ങളുടെ പ ട്ടികയിൽ ഇന്ത്യ തുടരുകയാണ്. ഇവിടങ്ങളിൽ ജലദൗർലഭ്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡാമുകൾ വറ്റി വരണ്ട് ആയിരങ്ങൾ ചത്തൊടുങ്ങുമെന്നും ഈ പഠന റിപ്പോർട്ട് മുന്നറിയിപ്പേകുന്നു. ഈ ജലദൗർലഭ്യം മില്യൺ കണക്കിന് പേരെയായിരിക്കും ഗുരുതരമായി ബാധിക്കാൻ പോകുന്നത്.

മൊറോക്കോയിൽ സ്ഥിതി ചെയ്യുന്നതും ലോകത്തിലെ രണ്ടാമത്തെ ഏറ്റവുംവലിയ ജലസംഭണിയുമായ അൽ മസിറാ ഡാമിലെ ജലത്തിന്റെ അളവിൽ കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ 60 ശതമാനത്തിലധികം കുറവുണ്ടായിരിക്കുന്നുവെന്നാണ് റിസോഴ്സ് വാച്ച് കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 2005നും 2008നും ഇടയിലായിരുന്ന ഈ ഡാമിൽ ഇത്തരത്തിൽ വെള്ളം കുറഞ്ഞിരുന്നത്. തൽഫലമലായി അത് ഏഴ് ലക്ഷത്തോളം മൊറോക്കോക്കാരെ ഇത് ബാധിച്ചിരുന്നു. കാർഷിക ഉൽപാദനം അക്കാലത്ത് 50 ശതമാനം കുറയുകയും ചെയ്തിരുന്നു.മൂന്ന് ദശാബ്ദത്തിനിടെ 2016ൽ ഏററവും വലിയ വരൾച്ചയാണ് മൊറോക്കോയിലുണ്ടായത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് റിസർവോയറുകളായ ഇന്ദിരാഗാന്ദി റിസർവോയർ, സർദാർ സരോവർ റിസർവോയർ എന്നിവിലെ ജലത്തിന്റെ അളവ് കുത്തനെ ഇടിയുന്നത് മില്യൺ കണക്കിന് പേരെയാണ് ദോഷകരമായി ബാധിക്കുന്നത്. സർദാർ സരോവർ 30മില്യൺ പേർക്കാണ് കുടിവെള്ളമേകുന്നത്.ഗുജറാത്തിലെ പകുതിപേരും ഇതിൽ പെടുന്നു. മില്യൺ കണക്കിന് കൃഷിക്കാർക്ക് ജലസേചനം സാധ്യമാക്കുന്നതും ഇതിലെ ജലമാണ്.ജലദൗർലഭ്യത്തിന്റെ കാര്യത്തിൽ ഇന്ത്യ വഷളായിക്കൊണ്ടിരിക്കുന്നുവെന്നും തൽഫലമായിസമീപവർഷങ്ങളിലായി രാജ്യത്ത് നിരവധി വരൾച്ചകളുണ്ടായിട്ടുണ്ടൈന്നും റിസോഴ്സ് വാച്ച് മുന്നറിയിപ്പേകുന്നു. മഴക്കുറവാണ് ഇവിടുത്തെ വരൾച്ചക്ക് പ്രധാന കാരണം. ജലത്തിന്റെ ശ്രദ്ധയില്ലാത്ത ഉപയോഗവും ജലദൗർലഭ്യത്തിന് കാരണമാകുന്നുണ്ട്.

ഇറാഖിലെ മൊസൂൾ ഡാമിലെ ജലനിരക്കിൽ 60 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. ജലഉറവിടങ്ങളെ ഇറാഖ് മോശമായ രീതിയിൽ കൈകാര്യം ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് റിസോഴ്സ് വാച്ച് വെളിപ്പെടുത്തുന്നു.ഇതിന് പുറമെ ഇടക്കിടെയുണ്ടാകുന്ന വരൾച്ചകളും കാര്യങ്ങളെ അപകടത്തിലാക്കുന്നു. സ്പെയിനും സമീപരാജ്യമായ പോർട്ടുഗലും നിരന്തരം വരൾച്ചകളെ നേരിട്ട് കൊണ്ടിരിക്കുന്നു. തൽഫലമായി ഇവിടുത്തെ നദികൾ വറ്റി വരളുന്നുണ്ട്. ഇക്കാരണത്താൽ വിളകൾ നശിക്കുകയും ക്ഷാമം വർധിക്കുന്നുവെന്നും പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നു.2006ൽ സ്പെയിനിൽ 60 വർഷത്തിനിടെയുള്ള ഏറ്റവും വലിയ വരൾച്ചയുണ്ടായിരുന്നു.